Monday 02 September 2024 05:18 PM IST : By സ്വന്തം ലേഖകൻ

വാട്‌സാപ്പിൽ അശ്ലീല സന്ദേശങ്ങൾ, ക്ലാസിലും ലാബിലും വച്ച് മോശം സ്പർശനം; വിദ്യാർഥിനികള്‍ക്കു നേരെ കൂട്ട ലൈംഗികാതിക്രമം, അധ്യാപകർ ഉൾപ്പെടെ അറസ്റ്റിൽ

student-college456

തമിഴ്നാട് വാൽപ്പാറയില്‍ സർക്കാർ ആർട്‌സ് ആന്‍‍ഡ് സയൻസ് കോളജിലെ 6 വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകർ ഉൾപ്പെടെ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകിട്ടോടെയാണ് പ്രതികളെ വാൽപ്പാറ പൊലീസ് അറസ്റ്റ് ചെയ്തത്. 

കൊമേഴ്സ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രഫസർമാരായ എസ്. സതീഷ്കുമാർ (39), എം. മുരളിരാജ് (33), ലാബ് ടെക്‌നീഷ്യൻ അൻബരസു (37), നൈപുണ്യ കോഴ്‌സ് പരിശീലകൻ എൻ. രാജപാണ്ടി (35) എന്നിവരെയാണ് ജില്ലാ സാമൂഹ്യക്ഷേമ ഓഫിസർ ആർ. അംബികയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇൻസ്പെക്ടർ എം. മെനേഗയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്.

വാട്‌സാപ്പിൽ അശ്ലീല സന്ദേശങ്ങൾ അയച്ചുവെന്നും ക്ലാസിലും ലാബിലും വച്ച് തങ്ങളെ ശല്യപ്പെടുത്തിയെന്നും മോശം രീതിയിൽ സ്പർശിച്ചുവെന്നും പെൺകുട്ടികൾ സംസ്ഥാന വനിതാ കമ്മിഷനിൽ നിവേദനം നൽകിയിരുന്നു. പിന്നാലെ ജില്ലാ സാമൂഹികക്ഷേമ ഓഫിസര്‍ ആര്‍. അംബികയും കോളജിയേറ്റ് എജ്യൂക്കേഷന്‍ റീജനല്‍ ജോ. ഡയറക്ടര്‍ വി. കലൈസെല്‍വിയും വെള്ളിയാഴ്ച കോളജില്‍ നേരിട്ടെത്തി അന്വേഷണം നടത്തി. 

ജില്ലാ സാമൂഹ്യക്ഷേമ ഓഫിസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. വിദ്യാർഥിനികൾ തങ്ങൾക്ക് നേരിട്ട ദുരനുഭവം കോളജിൽ അന്വേഷണ സംഘത്തോട് വിവരിച്ചിരുന്നു. നാലു പേർക്കെതിരെയും ഭാരതീയ ന്യായ സംഹിതയിലെ സെക്‌ഷൻ 75 (1) (ലൈംഗിക പീഡനം), തമിഴ്‌നാട് സ്ത്രീ പീഡന നിരോധന നിയമത്തിലെ സെക്‌ഷൻ 4 (സ്ത്രീകളെ ഉപദ്രവിക്കുന്നതിനുള്ള പിഴ) എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 

Tags:
  • Spotlight