Thursday 11 July 2019 12:12 PM IST : By സ്വന്തം ലേഖകൻ

അറബ് നാട്ടിലെ ‘അമ്മ രുചികൾ’ തേടി വനിത; മനസു നിറയ്ക്കുന്ന കൈപ്പുണ്യം കയ്യോടെ പങ്കുവയ്ക്കൂ

pachaka-rani

കാലം മാറി...കഥ മാറി...ജീവിതത്തിന്റെ പച്ചപ്പു തേടി മണലാരണ്യത്തിലേക്ക് പിച്ചവച്ച മലയാളിയെ പ്രവാസജീവിതം വല്ലാതെ മാറ്റിയിരിക്കുന്നു. പുതിയ ജീവിത സാഹചര്യങ്ങൾ, അഭിരുചികൾ, ശീലങ്ങൾ എല്ലാം മാറുകയാണ്.

എന്തൊക്കെ മാറിയാലും എത്രയൊക്കെ പറിച്ചു നട്ടാലും മലയാളിയുടെ സ്മരണയുടെ മച്ചകങ്ങളിൽ ഒട്ടിച്ചേർന്നിരിക്കുന്ന ചില സംഗതികളുണ്ട്. പണ്ടേക്കും പണ്ടേ നാവിനേയും മനസിനേയും തൊട്ടുണർത്തിയ ചില ‘അമ്മ രുചികൾ.’ നാവിലൊന്നു തൊട്ടുരുമ്മിയാൽ ഓർമ്മകൾ പെയ്തിറങ്ങുന്ന ഗൃഹാതുര രുചികൾ...

പകർന്നു കിട്ടിയ രുചിയും പകരം വയ്ക്കാനില്ലാത്ത ആ കൈപ്പുണ്യവും പൊടിതട്ടിയെടുക്കാൻ നമ്പർ വൺ മാഗസിനായ വനിത പ്രവാസി വീട്ടമ്മമാര്‍ക്ക് അവസരമൊരുക്കുകയാണ്. ഗൾഫിലെ മലയാളി പാചകലോകം കാത്തിരുന്ന ഏറ്റവും വലിയ കുക്കിങ്ങ് കോണ്ടസ്റ്റായ ഈസ്റ്റീ വനിത ഇന്റർനാഷനൽ പാചകറാണി 2019 മത്സരത്തിലൂടെയാണ് ഈ അസുലഭ അവസരം.

വീട്ടുകാരെയും അതിഥികളെയും രുചി വിഭവങ്ങൾ കൊണ്ട് അത്ഭുതപ്പെടുത്തുന്ന നിങ്ങൾക്ക് അമ്മയുടെ കയ്യിൽ നിന്നും പകർന്നു കിട്ടിയ ഒരു മികച്ച റെസിപ്പിയിലൂടെ പാചക റാണിമാരാകാം.

അമ്മമാരിൽ നിന്ന് പകർന്ന് കിട്ടിയ രുചികളാണ് നിങ്ങൾ ഒരുക്കേണ്ടത്. അതൊരു പ്രത്യേക വിഭവമാകാം, ഒരു കോമ്പോ മീലാകാം, ഒരു ബിരിയാണിയാകാം അതുമല്ലെങ്കില്‍ ഒരു കറിയാകാം. അതിന്റെ റെസിപ്പി ഇപ്പോൾ തന്നെ ഞങ്ങൾക്ക് അയച്ചു തരിക. അതിനോടൊപ്പം ഒരു ഈവ്നിങ് സ്നാക്കിന്റേയും ഒരു ഡെസേർട്ടിന്റേയും റെസിപ്പി കൂടി ഞങ്ങൾക്ക് അയക്കുക.

പാചക വിദഗ്ധനും അവതാരകനുമായ രാജ് കലേഷും അറബി നാട്ടിലെ ഈ രുചിയാത്രയിൽ ഒപ്പമുണ്ടാകും. യുഎഇയിലെയും ഒമാനിലെയും വനിതകൾക്കു കൈപ്പുണ്യം തെളിയിക്കാൻ അവസരവുമായാണ് വനിത എത്തുന്നത്.

നിങ്ങൾ ചെയ്യേണ്ടത് :

∙ മത്സരത്തിൽ പങ്കെടുക്കാനായി ‘അമ്മരുചി’ എന്ന പേരിൽ അമ്മയിൽ നിന്നും പകർന്നു കിട്ടി നിങ്ങൾ ഉണ്ടാക്കി രുചികരമാക്കിയ ഒരു റെസിപ്പിയാണ് അയച്ചു തരേണ്ടത്. വെജോ നോൺവെജോ ആകാം. അൽ ബേക്കർ ആട്ട, മൈദ, റവ എന്നിവ മാത്രം ഉപയോഗിച്ച് തയാറാക്കിയ ഗൃഹാതുരത്വം തുളുമ്പുന്ന സ്നാക്സിന്റെ റെസിപ്പി കൂടി ഇതോടൊപ്പം അയയ്ക്കണം. പാചകക്കുറിപ്പുകൾ vanithapachakarani@gmail.com എന്ന ഇമെയിൽ ഐഡിയിലേക്കോ 0588841105 എന്ന് വാട്സ്ആപ്പ് നമ്പറിലേക്കോ അയച്ചു തരിക.

∙ അയച്ചു തന്ന പാചകക്കുറിപ്പുകളിൽ നിന്ന് 50 പേരെ വീതം നാലു കേന്ദ്രങ്ങളിലായി നടത്തുന്ന പ്രാഥമിക മത്സരത്തിലേക്കു തിരഞ്ഞെടുക്കും.

∙ നിങ്ങൾ അയച്ചു തന്ന പാചകക്കുറിപ്പിലെ അതേ വിഭവമാണ് പ്രാഥമിക റൗണ്ടിൽ തയാറാക്കേണ്ടത്. തിരഞ്ഞെടുക്കുന്ന ഓരോരുത്തരും വിഭവം വീട്ടിൽ തന്നെ ഉണ്ടാക്കി മത്സരവേദിയിലേക്കു കൊണ്ടു വരണം.

∙ ഓരോ കേന്ദ്രത്തിൽ നിന്നും തിരഞ്ഞെടുക്കുന്ന നാലു പേർ ഫൈനലിനു യോഗ്യരാകും.

∙ ഫൈനൽ റൗണ്ടിൽ എത്തുന്നവർ നിങ്ങൾ അയച്ചു തന്ന വിഭവത്തോടൊപ്പം സ്നാക്സും ഡിസേർട്ടും കൂടി മത്സരവേദിയിൽ തയാറാക്കണം. 

∙ വിദഗ്ധ ജഡ്ജിങ് പാനലാണ് ആദ്യ മൂന്നു സ്ഥാനക്കാരെ തിരഞ്ഞെടുക്കുന്നത്. ജഡ്ജിങ് കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും.

∙ മലയാള മനോരമ, എം എം പബ്ലിക്കേഷൻസ് എന്നിവിടങ്ങളിലെയും സ്പോൺസേഴ്സിന്റെയും ജീവനക്കാർക്കോ അവരുടെ അടുത്ത ബന്ധുക്കൾക്കോ ഈ പാചക മത്സരത്തിൽ പങ്കെടുക്കാൻ അവകാശമില്ല.

∙ അവസാന റൗണ്ടിൽ എത്തുന്ന 16 മത്സരാർഥികളെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനങ്ങൾ.