Wednesday 19 May 2021 03:33 PM IST

മന്ത്രിപദത്തിൽ ഒരുപാടു വെല്ലുവിളികൾ നേരിട്ടു? ‘വനിത’യ്ക്കു നൽകിയ എക്സ്ക്ലൂസീവ് അഭിമുഖത്തിൽ തുറന്നു പറഞ്ഞു ശൈലജ ടീച്ചർ

Sujith P Nair

Sub Editor

shailaja-teacher4455656666

വീണ്ടുമൊരു ലോക്ഡൗൺ പ്രഖ്യാപിച്ചതിന്റെ എല്ലാ തിരുക്കുകളുമുള്ള ഒരു പകലാണ് മുൻ ആരോഗ്യമന്ത്രി ശൈലജ ടീച്ചർ വനിതയ്ക്ക് അഭിമുഖത്തിനായി സമയം അനുവദിച്ചത്. സാധാരണ ഗതിയിൽ കെയർ ടേക്കർ മന്ത്രിസഭയിൽ മന്ത്രിമാർ ഓഫീസിൽ  പോലും എത്തുന്നത് അപൂർവമാണ്. പക്ഷേ, ശൈലജ ടീച്ചറിന്റെ കാര്യം വ്യത്യസ്തമായിരുന്നു. കോവിഡ് രണ്ടാം തരംഗം കേരളത്തെ വിഴുങ്ങാൻ ശ്രമിക്കുന്നു. പിടിച്ചു കെട്ടിയിരുന്ന ഓക്സിജൻ ക്ഷാമം പിടിവിട്ടു കുതിക്കാന്‍ തുടങ്ങുന്നു. ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ടീച്ചർ പ്രതിവിധി കുറിക്കാൻ തീവ്രയത്നത്തിലായിരുന്നു ‘വനിത’ ചെല്ലുമ്പോൾ. ഒടുവിൽ ഉച്ചയൂണിനായി മാറ്റിവച്ച സമയം അഭിമുഖത്തിനായി നൽകാൻ ടീച്ചർ തീരുമാനിച്ചു. 

‘മന്ത്രിപദത്തിൽ ഒരുപാടു വെല്ലുവിളികൾ നേരിട്ടു?’ എന്ന് അഭിമുഖത്തിനിടെ ചോദിച്ചപ്പോൾ ടീച്ചർ പറഞ്ഞത് കഴിഞ്ഞ അഞ്ചു വർഷം കേരളം നേരിട്ട പ്രതിസന്ധികളെക്കുറിച്ചായിരുന്നു. 

‘നിപ പൊട്ടിപ്പുറപ്പെട്ടപ്പോൾ ആ ഗ്രാമത്തിലുള്ളവർ നാടുവിട്ടു പോകാനുള്ള ഒരുക്കത്തിലായിരുന്നു. ഇത് സ്ഥിതി കൂടുതൽ വഷളാക്കുമെന്നു മനസ്സിലായതോടെ മലപ്പുറം ചെങ്ങരംകുളത്ത് പോയി ജനങ്ങളെ നേരിൽ കാണാൻ തീരുമാനിച്ചു. അപ്പോൾ ഒപ്പമുള്ളവർ തടഞ്ഞു, ‘സൈന്യാധിപ ആദ്യം പോയി അപകടം പറ്റിയാൽ പിന്നെ നിയന്ത്രിക്കാൻ ആളുണ്ടാകില്ല’ എന്നായിരുന്നു അവരുടെ പക്ഷം. എന്നാൽ അവിടേക്ക് ഞാനല്ലാതെ ആരു പോയി കാര്യങ്ങൾ പറഞ്ഞാലും ജനങ്ങൾ  വിശ്വസിക്കില്ല. ശൈലജ ടീച്ചറല്ല, സംസ്ഥാനത്തിന്റെ മന്ത്രിയാണ് ജനങ്ങൾക്ക് ഉറപ്പു കൊടുക്കേണ്ടത്.

ആ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യവിദഗ്ധരെയും കൂട്ടി നേരിട്ടു പോയി. ജനങ്ങൾ ശ്രദ്ധയോടെ അവർ പറയുന്നതു കേട്ടു, അനുസരിച്ചു. നിപയെ പേടിച്ച് ഞാൻ മാറിനിന്നിട്ട് ജനങ്ങളോടു ധൈര്യമായി ഇരിക്കാൻ പറഞ്ഞിട്ട് എന്തുകാര്യം. എന്നെ ഉലച്ചുകളഞ്ഞത് നഴ്സ് ലിനിയുടെ മരണമാണ്. സജീഷിനെ എങ്ങനെ ആശ്വസിപ്പിക്കും എന്നറിയില്ലായിരുന്നു. ഉറ്റവരുടെ മൃതദേഹം അവസാനമായി ഒന്നു കാണാനാകാതെ സംസ്കരിക്കേണ്ടി വന്നതും വലിയ വിഷമമായി. പലരും ഇതേക്കുറിച്ച് സങ്കടം പറയുമ്പോൾ ഉള്ളി‍ൽ വല്ലാത്ത പിടച്ചിൽ തോന്നിയിരുന്നു. 

വെല്ലുവിളികൾ ഏറെ ഉണ്ടായെങ്കിലും സാമൂഹ്യനീതി വകുപ്പിലും വനിതാ ശിശുക്ഷേമ വകുപ്പിലും ഒരുപാടു ക്ഷേമപ്രവർത്തനങ്ങള്‍ നടത്താൻ സാധിച്ചു. ഗാർഡനും റിസപ്ഷനും ഒക്കെയുള്ള വൃത്തിയുള്ള സർക്കാർ ആശുപത്രികൾ പലർക്കും അത്ഭുതമായിരുന്നു. താലൂക്ക് ആശുപത്രികളിലെ പ്രസവവാർഡു കണ്ട് പ്രവാസികളായ മലയാളികൾ അമേരിക്കയിലെയും യുകെയിലെയും ആശുപത്രി പോലെയുണ്ട് എന്നു പറഞ്ഞു കേട്ടതാണ് വലിയ അംഗീകാരം. ഓരോ വ്യക്തിയുടെയും ആരോഗ്യ സംരക്ഷണം ലക്ഷ്യം വച്ചു വിഭാവനം ചെയ്ത ഇൻഡിവിജ്വൽ കെയർ പ്ലാൻ അവസാന ഘട്ടത്തിൽ എത്തിയപ്പോഴാണ് കോവിഡ് വന്നത്. 

നിപയുടെ അനുഭവത്തിൽ നിന്ന് ഞാൻ ഉറപ്പിച്ചു പറയുന്നു, കേരളത്തിലാണ് കോവിഡ് പൊട്ടിപ്പുറപ്പെട്ടതെങ്കിൽ അത് ഇവിടം കൊണ്ടു നിന്നേനെ. ന്യൂസിലൻഡ് വലിയ നേട്ടം കൊയ്തു എന്നു പലരും പറയും. പക്ഷേ, അതൊരു ചെറു ദ്വീപാണ്. വിമാന സർവീസ് വരെ അവർ നിർത്തിവച്ചു. സ്ഥിതി ഇത്ര ഗുരുതരമായിട്ടും നഗര– ഗ്രാമ വേർതിരിവില്ലാത്ത കേരളത്തിൽ നമുക്ക് മരണനിരക്ക് പിടിച്ചുനിർത്താൻ കഴിഞ്ഞു. അതിലൊക്കെ വലിയ ചാരിതാർത്ഥ്യം ഉണ്ട്. ഇതിനു കൂട്ടുനിന്ന എന്റെ ടീമിന്റെ കാര്യക്ഷതയിലും വലിയ അഭിമാനമുണ്ട്.’– ടീച്ചറിന്റെ വാക്കുകളിൽ ചാരിതാർത്ഥ്യം.

'അവർ എന്നെ വേദനിപ്പിച്ചു'– മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ വനിതയ്ക്കു നൽകിയ എക്സ്ക്ലൂസീവ് അഭിമുഖം പുതിയ ലക്കം വനിതയിൽ. ഇ എഡിഷൻ സബ്സ്ക്രൈബ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക, അഭിമുഖം പൂർണ്ണമായും വായിക്കാം..

Tags:
  • Spotlight
  • Vanitha Exclusive