Saturday 28 December 2019 05:10 PM IST : By സ്വന്തം ലേഖകൻ

വനിത ഓണ്‍ലൈന് വാൻ ഇഫ്ര സുവർണ പുരസ്കാരം; പിന്തള്ളിയത് ബിബിസി ഇന്ത്യയെ

Wan

വാൻ–ഇഫ്ര സൗത്ത് ഏഷ്യൻ ഡിജിറ്റൽ മീഡിയ സുവർണ പുരസ്കാരം വനിത ഓൺലൈന്. സോഷ്യൽ മീഡിയ എൻഗേജ്മെന്റ് വിഭാഗത്തിൽ ബിബിസി ഇന്ത്യയെ പിന്തള്ളിയാണ് വനിത ഓൺലൈൻ നേട്ടം സ്വന്തമാക്കിയത്. #ഇവിടെനല്ലവിശേഷം എന്ന പേരിൽ നടത്തിയ ക്യാന്പെയിൻ ആണ് വനിത ഓൺലൈനിനെ അവാർഡിന് അർഹമാക്കിയത്. ‘വനിത’യിൽ  പ്രസിദ്ധീകരിച്ച നടൻ കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയുമായുള്ള അഭിമുഖത്തെ തുടർന്നാണ് ക്യാംപെയിൻ തുടക്കമിട്ടത്.  

കുട്ടികളുണ്ടാകാൻ വൈകുന്ന ദമ്പതികൾ സമൂഹത്തിൽ നേരിടുന്ന വിഷമതകൾ ആണ് www.vanitha.in ക്യാംപെയിനിലൂടെ തുറന്നു കാട്ടിയത്. പതിനായിരത്തിലേറെ പേരാണ് സ്വന്തം അനുഭവങ്ങൾ പങ്കുവച്ചത്. വനിതയുടെ  വെബ്സൈറ്റിലൂടെയും ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയും മറ്റു സോഷ്യൽ മീഡിയ പേജുകളിലൂടെയുമാണ് ക്യാംപെയിൻ സംഘടിപ്പിച്ചത്. രണ്ടു മില്യണിലധികം പേരാണ് വനിതയുടെ ഫെയ്സ്ബുക് പേജ് പിന്തുടരുന്നത്.

മനോരമ ഓൺലൈനാണ് ഈ വർഷത്തെ ഏറ്റവും മികച്ച വാർത്താ വെബ്സൈറ്റിനുള്ള വാൻ–ഇഫ്ര സൗത്ത് ഏഷ്യൻ ഡിജിറ്റൽ മീഡിയ സുവർണ പുരസ്കാരം. ഇതേ വിഭാഗത്തിൽ വെള്ളിമെഡൽ മനോരമ ഓൺലൈനിന്റെ മൊബൈൽ ആപ്പിനാണ്. തുടർച്ചയായ മൂന്നാം തവണയാണ് ആപ് ഈ നേട്ടം സ്വന്തമാക്കുന്നത്.

120 രാജ്യങ്ങളിലായി 3000 പ്രസാധക സ്ഥാപനങ്ങളെയും 18,000 പ്രസിദ്ധീകരണങ്ങളെയും പ്രതിനിധീകരിക്കുന്ന ആഗോള പത്രസംഘടനയാണു വാൻ–ഇഫ്ര. മാറുന്ന വാർത്താലോകത്തിൽ വായനക്കാർക്കായി ഡിജിറ്റൽ–മൊബൈൽ സമീപനം കൂടി സ്വീകരിച്ചു കൂടുതൽ മികച്ച വിഭവങ്ങളെത്തിക്കുന്ന മാധ്യമസ്ഥാപനങ്ങളെ അംഗീകരിക്കാനാണു പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. ദക്ഷിണേഷ്യയിലെ ഇരുപതിലേറെ മാധ്യമ സ്ഥാപനങ്ങളിൽ നിന്നുള്ള എൺപതോളം എൻട്രികളെ പിന്തള്ളിയാണ് അഭിമാനനേട്ടം. രാജ്യാന്തര വിദഗ്ധരുടെ പാനലാണ് വിജയികളെ തിരഞ്ഞെടുത്തത്. 

ഫെബ്രുവരി 18ന് ഡൽഹിയിൽ നടക്കുന്ന ഡിജിറ്റൽ മീഡിയ ഇന്ത്യ 2020 സമ്മേളനത്തിൽ പുരസ്കാരങ്ങൾ സമ്മാനിക്കും. ഓരോ വിഭാഗത്തിലും നേട്ടത്തിനർഹമായ എൻട്രികൾ വേൾഡ് ഡിജിറ്റൽ മീഡിയ പുരസ്കാരത്തിനായി മത്സരിക്കും. സ്പെയിനിൽ ജൂൺ 17–19 വരെ നടക്കുന്ന വേൾഡ് ന്യൂസ് മീഡിയ കോൺഗ്രസിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.