Wednesday 29 December 2021 04:58 PM IST : By സ്വന്തം ലേഖകൻ

വനിത ഓണ്‍ലൈന് വാൻ ഇഫ്ര ഡിജിറ്റൽ മീഡിയ പുരസ്കാരം: ഓഡിയൻസ് എൻഗേജ്മെന്റ് വിഭാഗത്തിൽ വെങ്കല മെഡൽ

Wanifra

വാൻ ഇഫ്രയുടെ സൗത്ത് ഏഷ്യൻ ഡിജിറ്റൽ മീഡിയ പുരസ്കാരം ‘വനിത ഓൺലൈന്.’ ഏറ്റവും മികച്ച ഓഡിയൻസ് എൻഗേജ്മെന്റിനുള്ള വെങ്കല മെ‍ഡലിനാണ് ‘വനിത ഓൺലൈൻ’ അർഹമായത്. #ഞാനൊരു നരൻ ക്യാംപെയ്നാണ് വനിത ഓൺലൈനെ (www.vanitha.in) പുരസ്കാരത്തിന് അർഹമാക്കിയത്. ഏറ്റവും മികച്ച ന്യൂസ് വെബ്സൈറ്റിനുള്ള ഗോൾഡ് മെഡൽ മനോരമ ഓൺലൈനും സ്വന്തമാക്കി.

നരയെ സ്റ്റൈല്‍ സ്റ്റേറ്റ്മെന്റാക്കി മാറ്റിയ പുതുതലമുറയുടെ പൾസ് അറിഞ്ഞുകൊണ്ടാണ് ‘വനിത ഓൺലൈൻ’ ഞാനൊരു നരൻ എന്ന ക്യാംപെയ്ന് തുടക്കം കുറിച്ചത്. കൃത്രിമത്വത്തിന്റെയും ചമയങ്ങളുടെയും മേക്കോവറുകളുടേയും പിന്നാലെ പോകാതെ നരയെ വ്യക്തിത്വത്തിന്റെ അടയാളമാക്കിയവരുടെ ആത്മവിശ്വാസത്തിന്റെ കഥ വനിത ഓൺലൈൻ പങ്കുവച്ചപ്പോൾ വായനക്കാരും അതേറ്റെടുക്കുകയായിരുന്നു. വനിത ഓൺലൈനിലും ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിലും പങ്കുവച്ച ഫീച്ചറിനു കീഴെ നിരവധി പേർ തങ്ങ ളുടെ അനുഭവ കഥകളുമായെത്തി. ഏറ്റവും മികച്ച ന്യൂസ് വെബ്സൈറ്റ്/ മൊബൈൽ സർവീസ് വിഭാഗത്തിലാണ് മനോരമ ഓൺലൈന് സ്വർണ മെഡൽ നേടിയത്. തുടർച്ചയായി മൂന്നാം വർഷമാണ് മനോരമ ഓൺലൈൻ ഈ നേട്ടം സ്വന്തമാക്കുന്നത്. ഏറ്റവും മികച്ച ഓഡിയൻസ് എൻഗേജ്മെന്റിനുള്ള സ്വർണ മെ‍ഡൽ ദി ഹിന്ദുവും, വെള്ളി ബിബിസി ഇന്ത്യയും, ദി ഹിന്ദുവും പങ്കിട്ടു.

വാൻ–ഇഫ്ര സൗത്ത് ഏഷ്യൻ ഡിജിറ്റൽ മീഡിയ പുരസ്കാരം മുമ്പും വനിത ഓൺലൈനെ തേടിയെത്തിയിട്ടുണ്ട്. വിവാഹശേഷം ഗർഭം ധരിക്കാൻ വൈകുന്ന സ്ത്രീകൾ സമൂഹത്തിലും കുടുംബത്തിലും നേരിട്ട മാനസിക പീഡനങ്ങള്‍ തുറന്നുകാട്ടിയ ഇവിടെ നല്ല വിശേഷം ക്യാംപെയ്ന് വനിത ഓൺലൈൻ 2019ൽ സ്വർണ മെഡൽ നേടിയിരുന്നു. മികച്ച നേറ്റീവ് അഡ്വർടൈസ്മെന്റിനുള്ള വെള്ളി മെ‍ഡൽ വനിത ഓൺലൈന് കിട്ടുന്നത് 2020ലാണ്. 120 രാജ്യങ്ങളിലായി 3000 പ്രസാധക സ്ഥാപനങ്ങളെയും 18,000 പ്രസിദ്ധീകരണങ്ങളെയും പ്രതിനിധീകരിക്കുന്ന ആഗോള പത്രസംഘടനയാണു വാൻ–ഇഫ്ര. മാറുന്ന വാർത്താലോകത്തിൽ വായനക്കാർക്കായി ഡിജിറ്റൽ–മൊബൈൽ സമീപനം കൂടി സ്വീകരിച്ചു കൂടുതൽ മികച്ച വിഭവങ്ങളെത്തിക്കുന്ന മാധ്യമസ്ഥാപനങ്ങളെ അംഗീകരിക്കാനാണു പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.