Monday 27 December 2021 04:46 PM IST

‘സ്ത്രീധനം ചോദിച്ചാൽ ബന്ധംപോലും വേണ്ടെന്നു വയ്ക്കുമെന്ന് ഈ ചുണക്കുട്ടികൾ’: പെൺമനമറിഞ്ഞ് വനിത സർവേ

Roopa Thayabji

Sub Editor

survey-41

വിവാഹത്തെക്കുറിച്ചുള്ള എല്ലാ സങ്കൽ പങ്ങളും കോവിഡ് മാറ്റിയെഴുതി. മാസ്കിട്ട്, സാനിെെറ്റസ് ചെയ്ത്, സാമൂഹിക അകലം പാലിച്ച്, സര്‍ക്കാര്‍ നിബന്ധനകളില്‍ അ ന്‍പതോ നൂറോ മാത്രം അതിഥികളുമായി വിവാഹാഘോഷം. കഴിഞ്ഞ ഒന്നര വർഷക്കാലമായി നമ്മൾ കാണുന്ന മിക്കവാറും വിവാഹവാർത്തകളെല്ലാം ഇത്തരത്തിലാണു തുടങ്ങുന്നത്. എന്നാൽ വിവാഹത്തോടനുബന്ധിച്ചുള്ള ഹൽദി ചടങ്ങിനു ശേഷം വധുവിനെ കടലിൽ മുക്കി കുളിപ്പിച്ച കൂട്ടുകാരുടെ വിഡിയോ വൈറലാകുകയും ചെയ്തു.

ആർഭാടവും ആൾക്കൂട്ടവുമൊന്നും ഇല്ലാതെ ചെ റിയ ചടങ്ങായി വിവാഹം നടത്തുമ്പോൾ ചെലവു വ ളരെ കുറച്ചു മതിയെന്നാണ് മിക്കവരുടെയും ചിന്ത. ഒ രു വേദിയിൽ നൂറു പേരെ മാത്രമേ പാടുള്ളൂ എന്നതുകൊണ്ട് അടുത്തടുത്തുള്ള ആറു വേദികൾ ഒരു വിവാഹത്തിനായി ബുക്ക് ചെയ്ത് 600 പേരെ ‘സാമൂഹിക അകലം പാലിച്ച്’ വിവാഹത്തിൽ പങ്കെടുപ്പിച്ച സംഭവവും, വിമാനം ബുക്ക് ചെയ്ത് ആകാശത്തു വച്ചു നടത്തിയ കല്യാണവുമൊക്കെ നമ്മൾ കണ്ടു. എല്ലാവരും ചേര്‍ന്നുള്ള ആഘോഷമില്ലാതെ എന്തു കല്യാണം എന്നു പറഞ്ഞു വിവാഹം മാറ്റിവച്ചവരുമുണ്ട്.

േകാവിഡ് പശ്ചാത്തലത്തില്‍ ചെറുപ്പക്കാരുടെ വിവാഹസങ്കല്‍പങ്ങളില്‍ എന്തുമാറ്റം ഉണ്ടായെന്നറിയാനാണ് വനിത സര്‍േവ നടത്തിയത്. മിതജീവിതവും മിതവിവാഹവും മാത്രമല്ല, പങ്കാളിയെ തേടുമ്പോൾ പോലും കോവിഡ് മുക്തിയും വാക്സീൻ സർട്ടിഫിക്കറ്റുമൊക്കെ കടന്നു വരുന്നുവെന്നും കേട്ടിരുന്നു. വ്യക്തിവിവരങ്ങൾ രേഖപ്പെടുത്താതെ, 18നും 40നും ഇടയിൽ പ്രായമുള്ള 1300ലധികം പേർ ഉത്തരം രേഖപ്പെടുത്തിയ സർവേയിലെ വിവരങ്ങളിതാ. സർവേയിൽ പ ങ്കെടുത്ത 32 ശതമാനം പേർ പുരുഷന്മാരാണ്.

‘ക്വാറന്റീൻ’ മാറുമല്ലോ

കോവിഡ് നിയന്ത്രണങ്ങൾ മാറി സ്കൂൾ തുറന്നതു പോലെ വിവാഹങ്ങളുടെയും ‘ക്വാറന്റീൻ’ അവസാനിച്ചെന്നാണ് സർവേയിൽ പങ്കെടുത്ത മിക്കവരും പ്രതീക്ഷിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ മാറിക്കഴിഞ്ഞാൽ പഴയതുപോലെ ആർഭാടമായി തന്നെ വിവാഹം നടത്തണമെന്നു പ്രതികരിച്ചവരാണ് ഭൂരിഭാഗവും, 66 ശതമാനം. ആളുകളെ വളരെ കുറച്ചു ലളിതമായി വിവാഹം നടത്തിയാൽ മതിയെന്നു പറഞ്ഞത് 34 ശതമാനം പേരാണ്. വിവാഹ ചടങ്ങിന് അഞ്ഞൂറുമുതൽ ആയിരം പേരെ വരെ പങ്കെടുപ്പിക്കണം എന്നാണ് 66 ശതമാനവും അഭിപ്രായപ്പെട്ടത്. ജീവിതത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന വിവാഹത്തിന് എന്തിനാണ് ആളും ആർഭാടവും കുറയ്ക്കുന്നതെന്നു ന്യൂ ജനറേഷൻ ചോദിക്കുന്നു.

‘‘2019 ഡിസംബറിലാണ് വിവാഹനിശ്ചയം കഴിഞ്ഞത്. അടുത്ത ഓണത്തിനു വിവാഹം നടത്തി ആൽബിനൊപ്പം യുകെയിലേക്കു പറക്കാനും പ്ലാൻ ചെയ്തിരുന്നു. പക്ഷേ, കോവിഡും ലോക്ഡൗണും എല്ലാം താറുമാറാക്കി. വിവാഹം നിശ്ചയിച്ചിരുന്ന ദിവസം നാട്ടിലേക്കു വരാൻ പോലും അവർക്കായില്ല. അതോടെ വിവാഹം നീട്ടിവച്ചു. ഒന്നോ ര ണ്ടോ മാസത്തിനുള്ളിൽ വിവാഹം നടത്താമെന്നായിരുന്നു ആദ്യം കരുതിയത്. പക്ഷേ, ഓരോ മാസവും കോവിഡ് കൂടിക്കൂടി വന്നു. ഇനി നിയന്ത്രണങ്ങളെല്ലാം മാറിയിട്ടു മതി കല്യാണമെന്നാണ് തീരുമാനം. ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച് ആഘോഷമായുള്ള വിവാഹമാണ് മനസ്സിൽ. അതിനു വേണ്ടി എത്ര നാളു വേണമെങ്കിലും കാത്തിരിക്കും.’’ തിരുവനന്തപുരത്ത് ആർക്കിടെക്ടായ അഞ്ജലിക്ക് ഈ ‘വെയ്റ്റിങ് ടൈം’ അൽപം സ്വീറ്റാണ്.

കോവിഡ് മാനദണ്ഡങ്ങൾ കർശനമായതോടെ ഏറ്റവും ചുരുങ്ങി 20 പേർ വരെ പങ്കെടുത്തുള്ള വിവാഹങ്ങളും നമ്മുടെ നാട്ടിൽ നടന്നു. അതിൽ നിന്നൊക്കെ മാറി 200 പേർ വരെ ആഘോഷങ്ങളിൽ പങ്കെടുക്കാമെന്ന സ്ഥിതിയെത്തി ഇപ്പോൾ. പക്ഷേ, ഈ രീതിയോടൊന്നും മനസ്സു കൊണ്ട് ചേർന്നുനിൽക്കാൻ മിക്കവർക്കും താത്പര്യമില്ല. നൂറിൽ താഴെ ആളുകൾ മാത്രം പങ്കെടുക്കുന്ന വിവാഹം ഇഷ്ടപ്പെടുന്നത് ഒൻപതു ശതമാനം പേർ മാത്രമാണ്. നൂറു മുതൽ അഞ്ഞൂറു വരെ ആളുകൾ വിവാഹത്തിനു വേണമെന്നാണ് 25 ശതമാനത്തിന്റെയും മനസ്സിൽ. അതായത് 91 ശതമാനം പേരും നിയന്ത്രണങ്ങൾ മാറി വരുന്ന കാലം കാത്തിരിക്കുന്നു എന്നർഥം.

‘മൾട്ടിപ്ലക്സ്’ വിവാഹം

കോവിഡ് കാലത്ത് ഉപ്പു മുതൽ പെട്രോൾ വരെ എല്ലാത്തിനും വില കൂടി. അപ്പോൾ വിവാഹ ചെലവിന്റെ കാര്യമോ. ഈ സമയമായതു കൊണ്ട് വിവാഹം നടത്താൻ മിക്കവരും അമ്പലങ്ങളെയും ആരാധനാലയങ്ങളെയുമാണ് ആശ്രയിച്ചത്. മിക്കവയിലും പരമാവധി പങ്കെടുത്തത് നൂറുപേരും. ‘അപ്പോൾ വിവാഹച്ചെലവു കുറയുമല്ലോ, ആശ്വാസം...’ എന്നു ദീർഘനിശ്വാസമെടുക്കാൻ വരട്ടെ. ഓഡിറ്റോറിയവും എസി ഹാളും ആയിരം പേർക്കുള്ള സദ്യയുമായി നടത്തുന്ന വിവാഹത്തിന്റെ അതേ ചെലവു തന്നെ 100 പേർക്കുള്ള വിവാഹത്തിനും വേണ്ടിവരും. അത് എങ്ങനെയെന്നു കേട്ടോളൂ.

‘‘വിവാഹത്തിന് എത്ര പേർ പങ്കെടുക്കുന്നുണ്ടെങ്കിലും ഓഡിറ്റോറിയത്തിന്റെ വാടകയിലോ അലങ്കാരങ്ങളിലോ കുറവു വരില്ല. കോവിഡ് കാലം വിവാഹങ്ങൾക്കും ആഘോഷങ്ങൾക്കും ഡിമാൻഡ് കുറച്ചതോടെ പാക്കേജായി വെഡ്ഡിങ് പ്ലാനുകൾ ഏറ്റെടുക്കുന്നവരാണ് കൂടുതലും. കല്യാണത്തിന്റെ ക്ഷണക്കത്തു മുതൽ വിവാഹദിവസം വരനും വധുവും വേദിയിലേക്കെത്തുന്ന കാർ വരെ ഇവന്റ് മാനേജ്മെന്റുകാർ തീരുമാനിക്കും. ഏതെങ്കിലും മുന്തിയ ഹോട്ടലിലോ റിസോർട്ടിലോ വച്ചാകും വിവാഹം നടക്കുക. നൂറുപേർ പങ്കെടുക്കുന്ന ചടങ്ങാകുമ്പോൾ അത്രയും എക്സ്ക്ലൂസീവ് ആയ അതിഥികളാണല്ലോ ഉൾപ്പെടുക. ഓരോരുത്തരെയും പ്രത്യേകം പരിഗണിക്കണം, അവർക്കായി ഇഷ്ടവിഭവങ്ങൾ ടേബിളിൽ നിരത്തണം. വിവാഹത്തിൽ പങ്കെടുത്തതിനു നന്ദിയറിയിച്ച് ‘താങ്ക്സ് ഗിവിങ് ഗിഫ്റ്റുകൾ’ നൽകുന്ന രീതിയുമുണ്ട്.

വിവാഹ ചടങ്ങുകളും പലതുണ്ട്. ഹൽദി, സംഗീത്, റിസപ്ഷൻ എന്നിങ്ങനെ തുടങ്ങി കോക്ടെയിൽ പാർട്ടി വരെ ട്രെൻഡാണ്. സിനിമാ തിയറ്ററുകൾ മൾട്ടിപ്ലക്സ് ആയതു പോലെയാണ് ഇപ്പോൾ വിവാഹവും. ആൾക്കൂട്ടവും തിരക്കും ഇല്ല, പക്ഷേ, സൗകര്യങ്ങളും ചെലവും ഇരട്ടിയായി.’’ കൊച്ചിയിൽ ഇവന്റ് മാനേജ്മെന്റ് കമ്പനി ജീവനക്കാരനായ ജയേഷ് പറയുന്നു.

ജയേഷിന്റെ വാക്കുകൾ ശരി വയ്ക്കുന്നതാണ് സർവേഫലവും. വിവാഹ ചടങ്ങുകൾ പല ദിവസങ്ങളിൽ വിവിധ ഗ്രൂപ്പുകളായി നടത്തിയാൽ വലിയ ആൾക്കൂട്ടം ഒഴിവാക്കാമെന്നു മാത്രമല്ല, മാറ്റ് ഒട്ടും കുറയില്ലെന്നു പ്രതികരിച്ചത് 34 ശതമാനം പേരാണ്. പരമാവധി രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളാണ് വേണ്ടതെന്നു പറഞ്ഞത് 52 ശ തമാനവും. ഒരു ദിവസം തന്നെ ഒതുക്കുന്ന വിവാഹ ചടങ്ങുകൾക്ക് വോട്ട് ചെയ്തത് 14 ശതമാനം പേർ മാത്രമാണ്.

Marriage-survey-cover

പ്രായം വെറും ‘നമ്പര’ല്ല

പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നതു സംബന്ധിച്ച് പല വാദങ്ങൾ അടുത്തിടെ ഉയർന്നുവന്നു. അവ എ ന്തു തന്നെയായാലും തങ്ങളുടെ വിവാഹപ്രായം സംബന്ധിച്ച് ആണിനും പെണ്ണിനും വ്യക്തമായ തീരുമാനമുണ്ട്. ‘എട്ടും പൊട്ടും’ തിരിയാത്ത പ്രായത്തിൽ കല്യാണത്തിലേക്ക് കാൽവയ്ക്കാനൊന്നും അവർ തയാറല്ല.

ഏതു പ്രായത്തിൽ വിവാഹം കഴിക്കുന്നതാണു നല്ലത് എന്ന ചോദ്യം ആൺകുട്ടികളോടും പെൺകുട്ടികളോടും വെവ്വേറെയാണു ചോദിച്ചത്. 26 വയസ്സു മുതൽ 30 വയസ്സു വരെയാണ് വിവാഹത്തിനു പറ്റിയ പ്രായമെന്നാണ് 74 ശതമാനം പുരുഷന്മാരും പ്രതികരിച്ചത്. എന്നാൽ 25 മുതൽ 29 വരെയുള്ള പ്രായത്തിലാണ് വിവാഹം വേണ്ടതെന്നു പറഞ്ഞത് 70 ശതമാനം പെൺകുട്ടികളാണ്. വിദ്യാഭ്യാസവും കരിയറുമൊക്കെ കൈപ്പിടിയിൽ ഒതുക്കിയ ശേഷം വിവാഹത്തിലേക്കു കടക്കുന്നതാണ് നല്ലതെന്ന് അവർ തീരുമാനിച്ചു എന്നർഥം.

‘‘ഡിഗ്രി ഒന്നാം വർഷം മുതൽ വീട്ടിൽ പലരും വിവാഹാലോചനയുമായി വന്നിരുന്നു. ബന്ധുക്കളുടെ കല്യാണത്തിനോ മറ്റോ പോയാൽ പറയുകയും വേണ്ട. പിജിക്ക് ചേർന്നതോടെ ‘ഇനി എന്നു കെട്ടിക്കാനാ’ എന്നായി ചോദ്യം. അച്ഛനും അമ്മയും എന്റെ തീരുമാനത്തിന് കട്ട സപ്പോർട്ടായിരുന്നു. ജെആർഎഫ് കിട്ടി റിസർച്ച് ചെയ്യുകയാണിപ്പോൾ. ഒരു വർഷം കൂടി കഴിഞ്ഞാൽ പേരിന്റെ അറ്റത്ത് ഡോക്ടർ എന്നു ചേർക്കാം. ഡിഗ്രി പാസാകാത്ത അമ്മ എന്നു പറയുന്നതിനെക്കാൾ മക്കൾക്ക് അഭിമാനം ഡോക്ടറേറ്റുള്ള, ജോലിയുള്ള അമ്മ എന്നു പറയുന്നതാകും. പിന്നെ, ഇപ്പോൾ വരുന്ന കല്യാണാലോചനകളുടെ ഗ്രേഡും മെച്ചപ്പെട്ടു. 27 വയസ്സേ ആയിട്ടൂള്ളൂ, ജോലി കൂടി കിട്ടിയിട്ടു മതി കല്യാണം എന്നാണ് തീരുമാനം.’’ ജർമനിയിൽ നിന്ന് വിഡിയോ കോളിലൂടെ ഇതു പറയുമ്പോൾ കോട്ടയം സ്വദേശിയായ ഐറിൻ ത്രില്ലിലായിരുന്നു.

30 വയസ്സു കഴിഞ്ഞു മതി വിവാഹം എന്ന് സർവേയിൽ ഉത്തരം രേഖപ്പെടുത്തിയ 12 ശതമാനം പേരും ആ ത്രില്ലിലാണ്. ഇവരൊക്കെ 30 വയസ്സു കഴിഞ്ഞു വിവാഹത്തിനു തയാറാകുമ്പോൾ 31 മുതൽ 35 നു മുകളിൽ വരെ വിവാഹത്തിനു നല്ല പ്രായമെന്നു കുറിച്ച 24 ശതമാനം പുരുഷന്മാർ കാത്തുനിൽപ്പുണ്ട്.

v-survey

‘ആണുകാണലും’ വേണ്ടേ?

നിവിൻ പോളി നായകനായ ‘ഓം ശാന്തി ഒാശാന’ സിനിമയിലെ ഒരു സ്വപ്നരംഗമുണ്ട്. നായകനെ ‘ആണുകാണാൻ’ നായികയും അച്ഛനമ്മമാരും വരുന്നു. നാണിച്ച്, തലകുനിച്ച് ചായ ട്രേയുമായി നായകൻ രംഗത്ത്... അത്ര ഡെക്കറേഷനൊന്നും വേണ്ടെങ്കിലും പെണ്ണുകാണൽ പോ ലെ വരന്റെ വീടും പരിസരവും നേരിൽ കാണാന്‍ ഒരു ആ ണുകാണല്‍ തീർച്ചയായും വേണമെന്നാണ് 91 ശതമാനം പേരും സർവേയിൽ പ്രതികരിച്ചത്. ഇവരിൽ 40 ശതമാനം പേർ പുരുഷന്മാരാണ്.

‘‘ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ റിലീസായ സമയത്ത് ഒരുപാടു പേർ ചോദിച്ചു അടുക്കളയിലെ പൊട്ടിയ ടാപ്പ് അത്ര തലവേദനയാണോ എന്ന്. പൊട്ടിയ ടാപ്പല്ല, അടുക്കളയിലെ ആ ചെറിയ പ്രശ്നം പോലും പരിഹരിച്ചു നൽകാൻ മുതിരാത്ത പുരുഷന്റെ ആറ്റിറ്റ്യൂഡ് ആണ് യഥാർഥ വില്ലൻ. ഒരു ടാപ്പ് പൊട്ടിയാൽ തനിയെ മാറ്റാനൊക്കെ ഇന്നത്തെ പെൺകുട്ടികൾക്ക് അറിയാം. അതിനവർക്ക് ഒരു പ്ലമറുടെയും ആവശ്യമില്ല.

വിവാഹത്തിനു മുൻപ് കാരണവന്മാർ മാത്രമല്ല, പെൺകുട്ടിയും വരന്റെ വീടു കാണണം. കുറച്ചു കൂട്ടുകാരുമൊത്ത് നേരിട്ടങ്ങു പോണമെന്നേ. അതു മുന്നറിയിപ്പ് നൽകാതെയായാൽ അത്രയും നല്ലത്.’’ വിവാഹമാലോചിക്കുമ്പോൾ വരന്റെ വീട്ടുകാർക്ക് ഉറപ്പായും ഈ സർപ്രൈസ് നൽകുമെന്ന് കോഴിക്കോട് സ്വകാര്യബാങ്കിൽ ജോലി ചെയ്യുന്ന നിത്യ പറയുന്നു. നിലവിലെ രീതി മതിയെന്ന് ഉറപ്പിച്ചു പറയുന്ന നാലു ശതമാനത്തിന് നിത്യയുടെ വാക്കുകൾ ഉൾക്കൊള്ളാൻ കുറച്ചു ബുദ്ധിമുട്ടായേക്കും.

സ്വർണമോ, പണമോ?

സ്വത്ത് കൈക്കലാക്കാൻ ഭാര്യ ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന സൂരജും വിവാഹത്തിന്റെ പിറ്റേന്ന് സ്വർണവുമായി കൂട്ടുകാരിക്കൊപ്പം മുങ്ങിയ നവവധുവും നമ്മുടെ നാട്ടിലുണ്ട്. സ്ത്രീധനവുമായി ബന്ധപ്പെട്ട നിരവധി വാർത്തകളാണ് വിസ്മയയുടെ മരണത്തിനു ശേഷം പുറത്തുവന്നത്. ഇത്തരം തുടർസംഭവങ്ങൾക്കെതിരെ ഉറച്ച നിലപാടുമായി പെൺകുട്ടികൾ തന്നെ രംഗത്ത് വരുന്നുണ്ട്. സ്വന്തം ജീവിതം എങ്ങനെ വേണമെന്ന് തീരുമാനിക്കാനുള്ള അവകാശം മുറുകെ പിടിച്ചാണ് നമ്മുടെ പെൺകുട്ടികളുടെ പ്രതികരണം.

വരന്റെ വീട്ടുകാർ സ്ത്രീധനം ആവശ്യപ്പെട്ടാൽ ബന്ധം പോലും വേണ്ടെന്നു വയ്ക്കുമെന്നാണ് 74 ശതമാനം പേരും പ്രതികരിച്ചത്. എന്നാൽ ഇക്കാര്യത്തിൽ വീട്ടുകാരുടെ തീരുമാനം അംഗീകരിക്കുമെന്നും വിവാഹസമ്മാനങ്ങൾക്കൊപ്പം കുടുംബസ്വത്തിന്റെ വിഹിതം വരെ കിട്ടുന്നതിൽ തെറ്റില്ലെന്നും പറഞ്ഞത് 26 ശതമാനം പേരാണ്.

സ്ത്രീധനത്തിന്റെ കാര്യത്തിൽ ഈ കടുംപിടിത്തമൊക്കെ ഉണ്ടെങ്കിലും വിവാഹത്തിന് സ്വർണം അണിയുന്ന കാര്യത്തിൽ പെണ്ണുങ്ങളുടെ മനസ്സ് തങ്കം പോലെയാണ്. വിവാഹത്തിന് വലിയ ആർഭാടം തോന്നിപ്പിക്കാത്ത ഡിസൈനുകളിലുള്ള സ്വർണാഭരണങ്ങൾ അണിയുന്നത് സ്വപ്നം കാണുന്ന 42 ശതമാനം പേരുണ്ട്. മെഹന്ദി, ഹൽദി, റിസപ്ഷൻ, വിവാഹം എന്നിങ്ങനെ ഓരോ ചടങ്ങിനും സ്പെഷൽ ജ്വല്ലറി തന്നെ വേണമെന്ന് 27 ശതമാനം പേർക്കും അഭിപ്രായമുണ്ട്. ‘‘അമ്മൂമ്മയുടെ കയ്യിൽ നിന്ന് അമ്മയ്ക്കു കിട്ടിയ പാലയ്ക്കാ മാലയും അമ്മ എനിക്കു കാതുകുത്തിയ കാലത്തു വാങ്ങിയ വലിയ ജിമിക്കിയുമടക്കം കുറച്ച് പഴയ മോഡൽ ആഭരണങ്ങളുണ്ട്. താലികെട്ടു പോലുള്ള ട്രഡീഷനൽ ചടങ്ങുകളിൽ അതാകും അണിയുക. റിസപ്ഷനു വേണ്ടി ചോക്കർ പോലെ സിംഗിൾ പീസ്.

ഓരോ ആഘോഷത്തിനും ഓരോ തരം ആഭരണങ്ങൾ ഉള്ളപ്പോൾ വിവാഹ ദിവസം ഹെവിയായി സ്വർണമിടേണ്ട കാര്യമൊന്നുമില്ല.’’ തൃശൂരിൽ ബുട്ടീക് നടത്തുന്ന മിന്നു വിവാഹസ്വപ്നങ്ങൾ നെയ്തുതുടങ്ങിയിട്ട് കാലം കുറച്ചായി. വിവാഹദിനത്തിൽ എന്നല്ല വധു സ്വർണം അണിയുന്നതു തന്നെ ‘ഓൾഡ് ഫാഷൻ’ ആണെന്നു പറഞ്ഞവരാണ് 31 ശതമാനം പേർ. സ്വർണത്തിന്റെ തിളക്കം അത്രകണ്ട് ഇഷ്ടമില്ലാത്തവർ മൂന്നിലൊന്നു മാത്രമെന്നു ചുരുക്കം.