Wednesday 23 November 2022 03:23 PM IST : By സ്വന്തം ലേഖകൻ

വീടിനു വേണ്ടതെല്ലാം ഒന്നിച്ചൊരുക്കി വീട് പ്രദർശനം; വെള്ളി മുതൽ കൊച്ചി ജവഹർ ലാൽ നെഹ്റു സ്റ്റേഡിയത്തിൽ

veedu-exhibition-kochi-news-cover

കേരളത്തിലെ ഏറ്റവും വലിയ ആർക്കിടെക്ചർ ഡിസൈൻ പ്രദർശനത്തിന് വെള്ളിയാഴ്ച കൊച്ചിയിൽ തുടക്കമാകും. കലൂർ ജവഹർ ലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് വീട് പ്രദർശനം. കലക്ടർ രേണു രാജ് 10 മണിക്ക് ഉദ്ഘാടനം ചെയ്യും. രാവിലെ 11 മുതൽ രാത്രി എട്ട് വരെയാണ് പ്രദർശനം.

വനിത വീട് മാസികയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട്സ് കൊച്ചി സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രദർശനത്തിൽ പ്രമുഖ കമ്പനികളുടേതായി നൂറോളം സ്റ്റാളുകൾ ഉണ്ടാകും. മുൻനിര സാനിറ്ററിവെയർ ബ്രാൻഡ് സെറ ആണ് മുഖ്യ പ്രായോജകർ. ടെക് എനേബിൾഡ് കൺസ്ട്രക്‌ഷൻ കമ്പനി ബിൽഡ്നെക്സ്റ്റ് ആണ് പവേർഡ് ബൈ സ്പോൺസർ.

വീടുനിർമിക്കാനും പുതുക്കിപ്പണിയാനും ഇന്റീരിയറിന് മോടികൂട്ടാനും വേണ്ടതെല്ലാം ഒറ്റമേൽക്കൂരയ്ക്കു കീഴിലായി പ്രദർശനത്തിലുണ്ടാകും. പാളിച്ചകൾ പറ്റാതെ വീടുപണി പൂർത്തിയാക്കാനുള്ള അറിവുകൾ പങ്കുവയ്ക്കുന്ന സെമിനാറുകളും ശിൽപശാലകളും പ്രദർശനത്തിന്റെ മാറ്റുകൂട്ടും.

veedu-exhibition-kochi-news

ടൈൽ, സാനിറ്ററിവെയർ എന്നിവയിലെ ഏറ്റവും പുതിയ മോഡലുകളുടെ നീണ്ടനിരയുമായാണ് സെറ പ്രദർശനത്തിനെത്തുന്നത്. സ്വപ്നവീട് പൂർത്തിയാകുമ്പോൾ എങ്ങനെയിരിക്കുമെന്ന് വെർച്വൽ റിയാലിറ്റിയിലൂടെ കണ്ടറിയാനുള്ള സൗകര്യം ബിൽഡ്നെക്സ്റ്റ് സ്റ്റാളിലുണ്ടാകും.

മോ‍‍ഡേൺ, ട്ര‍‍‍ഡീഷനൽ‌, ആന്റിക് എന്നിങ്ങനെ ഏത് ശൈലിയിലുള്ള ഫർണിച്ചർ കാണാനും സ്വന്തമാക്കാനുമുള്ള അവസരം പ്രദർശനത്തിലുണ്ട്. മയൂരി, ജാക്ക്‌വുഡ്, ലിവ, ഇഡിഐ ലിവിങ്, ഡിസൈൻ ഇന്റീരിയോ, ഹാരിസ്, ഗോദ്റെജ് ഇന്റീരിയോ, ലൈഫ് ഇൻസ്പയേഡ് തുടങ്ങിയവയുടെയൊക്കെ സ്റ്റാളിൽ ആകർഷകവും ഗുണമേന്മയുളതുമായ ഫർണിച്ചർ കണ്ടറിയാം. സ്പോട്ട് ബുക്കിങ്ങിന് ആകർഷകമായ ഓഫറുകളുമുണ്ട്.

ഉറപ്പും ഈടുമുള്ള സ്റ്റീൽ വാതിൽ, ജനൽ എന്നിവയുടെ വൈവിധ്യമാർന്ന ശേഖരവുമായാണ് ടാറ്റ പ്രവേശ്, ഐ ലീഫ്, ക്യുരാസ് എന്നിവ പ്രദർശനത്തിനെത്തുന്നത്. തടി പോലെ തന്നെ തോന്നിക്കുന്ന എൻജിനീയേർഡ് വുഡ് കൊണ്ടുള്ള വാതിൽ, ഫ്ലോറിങ്ങിനുള്ള ലാമിനേറ്റഡ് വുഡ് പാനൽ എന്നിവയെല്ലാം ജാക്ക്‌വുഡ് സ്റ്റാളിലുണ്ടാകും.

അവസാന വർഷ ആർക്കിടെക്ചർ വിദ്യാർഥികൾക്കായുള്ള കഥ തീസിസ് മത്സരത്തിന്റെ ഫൈനൽ റൗണ്ടും പ്രദർശനത്തോടനുബന്ധിച്ച് നടക്കും. തിരഞ്ഞെടുക്കപ്പെട്ടവർ ജൂറിക്കു മുന്നിൽ പ്രബന്ധം അവതരിപ്പിക്കും.

പഠനക്കളരി, കലാപരിപാടികൾ എന്നിവയും ഉണ്ടാകും. പഠനക്കളരിയിൽ ഓല കൊണ്ട് കരകൗശലവസ്തുക്കൾ നിർമിക്കാൻ ബേബി ജോൺ മിനോൺ പരിശീലനം നൽകും. ലൈവ് പെയിന്റിങ് (സൂരജ്) ലൈവ് കാരിക്കേച്ചർ (കെ.പി.ഹക്കിം) ലൈവ് ബാൻഡ് (ട്വൈസ് ദ് ബ്ലിസ്) എന്നിവയുമുണ്ടാകും.

പൂർണമായും ശീതീകരിച്ച വേദിയിലാണ് പ്രദർശനം. പ്രവേശനം സൗജന്യം.