Monday 26 August 2019 10:46 AM IST

ഭാര്യയുടെ പൂർവകാല പ്രണയം പാരയാകുമോ?; പുതിയ തലമുറ ചിന്തിക്കുന്നത് ഇങ്ങനെ; വനിത സർവേ

Nithin Joseph

Sub Editor

survey-1

എല്ലാം തുറന്നു പറയാന്‍ പലരും മടിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇഷ്ടവും സ്വപ്നവും െപട്ടിക്കുള്ളില്‍ പൂട്ടി വച്ച് മുതിര്‍ന്നവര്‍ക്കു വേണ്ടി വിവാഹത്തിനു സമ്മതം മൂളിയിരുന്ന കാലം. പുത്തന്‍ തലമുറ സിംപിളായി പറയുന്നു.‘െതറ്റായ ഒരു തീരുമാനം മതി, ജീവിതം േകാണ്‍ട്രയാകാന്‍. കല്യാണം തീരുമാനിക്കുമ്പോള്‍ ഞങ്ങളുെട ഇഷ്ടം തന്നെ പ്രധാനം.’ കേരളത്തിലെ യൂത്തിന്റെ വിവാഹ സങ്കൽപങ്ങളിലുമുണ്ട് അടിമുടി മാറ്റം. വിവാഹത്തിൽ രണ്ടു വ്യക്തികൾ തമ്മിലുള്ള പൊരുത്തത്തിനാണ് യുവസമൂഹം പ്രധാന്യം നൽകുന്നത്. ജാതിയും മതവുമൊന്നും പ്രധാനമല്ലെന്ന അഭിപ്രായം പങ്കുവച്ചവർ 50 ശതമാനം. ജാതക പൊരുത്തത്തിൽ വിശ്വാസമില്ലെന്ന് പറഞ്ഞവർ 59 ശതമാനം.

വധുവിന് വരനേക്കാൾ പ്രായം കൂടിയാലും ഒരു തെറ്റുമില്ല എന്ന് ഉറപ്പിച്ച് പറഞ്ഞവർ 16 ശതമാനം. പ്രായവ്യത്യാസത്തിലൊക്കെ എന്തു കാര്യം മനഃപൊരുത്തമല്ലേ എന്ന് ചോദിച്ചവർ 49.7 ശതമാനം. പ്രായപൂർത്തി ആയ എല്ലാവരും വിവാഹം കഴിച്ചേ മതിയാകൂ എന്ന നിർബന്ധവും പലർക്കുമില്ല. അവിവാഹിതരായി ജീവിതം തുടരാൻ ആഗ്രഹിക്കുന്നവർ 36.7 ശതമാനം. രണ്ടുപേർ ഒരുമിച്ച് ജീവിക്കാൻ എന്തിന് വിവാഹം എന്ന ഏർപ്പാട്, ലിവിങ് ടുഗെദർ പോരെ എന്ന ചോദ്യവുമായി 14.9 ശതമാനം. വനിത സർവേയില്‍ തെളിഞ്ഞ പുത്തന്‍ കാലത്തിന്‍റെ പുത്തന്‍ സങ്കൽപങ്ങൾ.

survey-3

പ്രണയം പറയാൻ ധൈര്യമുണ്ടോ?

ഏത് സാഹചര്യത്തിലും പ്രണബന്ധം വീട്ടിൽ തുറന്നു പറയാൻ ധൈര്യമുണ്ടെന്ന് സർവേയിൽ പ്രതികരിച്ചവർ 67.3 ശതമാനമാണ്. അനുകൂലഘടകങ്ങൾ ഉണ്ടെങ്കിൽ മാത്രമേ പറയൂ എന്ന് 26.8 ശതമാനമാളുകൾ പറയുമ്പോൾ 5.9 ശതമാനം പേർക്ക് പ്രണയബന്ധം വീട്ടിൽ വെളിപ്പെടുത്താൻ ഭയമാണ്. എന്നാൽ വീട്ടുകാർ ‘നോ’ പറഞ്ഞാലുടൻ പ്രണയം ഉപേക്ഷിക്കാൻ തയാറാകില്ലെന്ന് ഭൂരിപക്ഷത്തിന്റെയും അഭിപ്രായം.

തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളജിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ഡോ. എ. ബഷീർകുട്ടി തന്റെ ഒരു അനുഭവം പങ്കു വച്ചു. ‘പത്തൊൻപതുകാരിയായ മകളെ പ്രണയബന്ധത്തിൽനിന്ന് പിന്തിരിപ്പിക്കാൻ വേണ്ടി അച്ഛനുമമ്മയും എന്റെയടുത്ത് കൊണ്ടുവന്നു.

ഞാൻ ആ കുട്ടിയോട് വിശദമായി സംസാരിച്ചു. കോളജിൽവച്ച് കണ്ട് പരിചയപ്പെട്ട പയ്യനോട് അവൾക്കു പ്രണയമാണ്. പയ്യന് 20 വയസ്സേ ആയിട്ടുള്ളൂ. വിവാഹപ്രായമായതിനു ശേഷം വിവാഹത്തെക്കുറിച്ച് ആലോചിക്കാമെന്ന് മാതാപിതാക്കൾ പറഞ്ഞെങ്കിലും അവൾക്ക് വിശ്വാസമായില്ല.

survey

അയാൾ ഇല്ലാതെ അവൾക്കു ജീവിക്കാൻ പറ്റില്ലെന്നും അയാൾക്ക് 21 വയസ്സ് തികഞ്ഞാലുടൻ കല്യാണം നടത്തുന്നതിനു സമ്മതമാണെന്ന് വീട്ടുകാർ എഗ്രിമെന്റ് ഒപ്പിട്ടു നൽകണമെന്നാണ് പെൺകുട്ടിയുടെ ആവശ്യം. എന്നാൽ ആ പയ്യനെ വിളിച്ച് സംസാരിച്ചപ്പോൾ അയാൾ പറഞ്ഞത് വീട്ടുകാരെ എതിർത്തുകൊണ്ട് അവളെ വിവാഹം കഴിക്കാൻ തനിക്കു താൽപര്യം ഇല്ലെന്നാണ്.’

പ്രണയബന്ധം വീട്ടുകാർ നിരസിച്ചാൽ എന്ത് ചെയ്യുമെന്ന ചോദ്യത്തോട് 13 ശതമാനം യുവാക്കൾ പ്രതികരിച്ചത് ആരെതിർത്താലും ഇഷ്ടപ്പെട്ട ആളെ വിവാഹം കഴിക്കുമെന്ന മറുപടി കൊണ്ടാണ്. എന്നാൽ വീട്ടുകാർ സമ്മതിക്കുന്നില്ലെങ്കിൽ പ്രണയം ഉപേക്ഷിക്കുമെന്ന് പറഞ്ഞവർ 10.1 ശതമാനം. പക്ഷേ, പ്രണയത്തിൽ ഉറച്ചു നിന്നു കൊണ്ട് വീട്ടുകാരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുമെന്ന് പറഞ്ഞവരാണ് ഭൂരിപക്ഷവും. 76.9 ശതമാനം പേരും ഇത്തരം നയപരമായ സമീപനം സ്വീകരിക്കുന്നവരാണ്.

പങ്കാളിയുടെ പൂർവകാലപ്രണയത്തെ എങ്ങനെ സമീപിക്കുമെന്ന് ചോദിച്ചപ്പോൾ ആ വിഷയത്തെക്കുറിച്ച് അറിയാൻ താൽപര്യമില്ലെന്ന് 79.2 ശതമാനം പേരും പറയുന്നു. 20.8 ശതമാനമാളുകൾ ഉടനടി പ്രതികരിക്കില്ലെന്നും വിശദമായി അന്വേഷിച്ചറിയുമെന്നുമുള്ള അഭിപ്രായമാണുള്ളത്.

Tags:
  • Relationship