Tuesday 21 September 2021 10:31 AM IST : By സന്തോഷ് ജോൺ തൂവൽ

ഓണം ബംപർ ആർക്ക് ലഭിച്ചാലും വർഗീസിനു പ്രശ്നമില്ല; ഭാര്യയുടെ കാൻസർ ഭേദമാകണം, ചികിത്സയ്ക്ക് വേണം സഹായം

thrissur-lottery-seller-varghese-story.jpg.image.845.440

ഓണം ബംപർ ലോട്ടറി ആർക്ക് ലഭിച്ചാലും വർഗീസിനു പ്രശ്നമില്ല; ഭാര്യയുടെ കാൻസർ ഭേദമാവുന്നതാണു ഏറ്റവും വലിയ ഭാഗ്യം. താൻ വിറ്റ ടിക്കറ്റിനല്ല, ബംപർ അടിച്ചതെന്നറിഞ്ഞെങ്കിലും ഭാര്യയെ ചികിത്സിക്കാൻ അൽപം പണം സമാഹരിക്കാൻ ലോട്ടറി വിൽപനയിലൂടെ കഴിഞ്ഞല്ലോയെന്ന് ആശ്വസിക്കുകയാണ് ഇദ്ദേഹം. ഭാര്യയെ കാൻസർ ചികിത്സയ്ക്കു കൊണ്ടുപോകുമ്പോൾ ആശുപത്രി ചീട്ടിനു പുറമേ ഒരു കുത്ത് ഓണം ബംപർ കയ്യിലെടുക്കും വർഗീസ്. 

ഭാര്യ ജെസിയെ റേഡിയേഷനും കീമോ തെറപ്പിക്കുമായി ആശുപത്രി കിടക്കയിൽ കിടത്തി പുറത്തിറങ്ങിയാൽ ലോട്ടറി വിൽക്കും. ജൂബിലി മെഡിക്കൽ കോളജ് ആശുപത്രിക്കു മുന്നിൽ ലോട്ടറി ടിക്കറ്റ് വിറ്റിരുന്ന വർഗീസ്, അമല മെഡിക്കൽ കോളജ് ആശുപത്രിക്കു മുന്നിലേക്കു വിൽപന മാറ്റാൻ കാരണവും ഭാര്യ ജെസിയുടെ ചികിത്സയാണ്. എൽത്തുരുത്ത് കാര്യാട്ടുകര ചക്കാലയ്ക്കൽ സി.ഐ. വർഗീസിനു ടയർ റീ സോളിങ് ജോലിയായിരുന്നു. ജോലി നഷ്ടപ്പെട്ടശേഷം എട്ടു കൊല്ലം സെക്യൂരിറ്റിയായി ജോലി നോക്കി. പിന്നീടാണു ജൂബിലി മിഷൻ ആശുപത്രിക്കു മുന്നിൽ ലോട്ടറി വിൽപന തുടങ്ങിയത്. 

ഭാര്യയ്ക്ക് ആറു മാസം മുൻപ് കുടൽ കാൻസർ വന്നതോടെ ജീവിതം താളം തെറ്റി. അമല മെഡിക്കൽ കോളജിൽ ചികിത്സ തുടങ്ങി. ഏപ്രിലിൽ ശസ്ത്രക്രിയയും റേഡിയേഷനുമായി ലക്ഷങ്ങൾ ചെലവായി. കടം കയറി. കോവിഡ് കാലമായതിനാൽ ലോട്ടറി വിൽപനയും കുറവായിരുന്നു. ഒടുവിൽ 30 ദിവസത്തെ റേഡിയേഷനു വേണ്ടി ഭാര്യയെ അമല ആശുപത്രിയിലാക്കിയപ്പോഴാണു ലോട്ടറി വിൽപന ഇതിനു മുന്നിലേക്കു മാറ്റിയത്. ഒരു ബുക്ക് ലോട്ടറി വിറ്റുകിട്ടുന്ന ചെറിയ തുകയാണ് ഈ സമയത്ത് വർഗീസിന്റെ വരുമാനം. റേഡിയേഷൻ കഴിഞ്ഞാൽ, വിൽപന നിർത്തി ഭാര്യയെയും കൂട്ടി വീട്ടിലേക്കു മടങ്ങും.

ഇന്നലെ ഓണം ബംപർ നറുക്കെടുപ്പു ദിവസവും ഉച്ചവരെ അമല ആശുപത്രിക്കു മുന്നിൽ വർഗീസ് ലോട്ടറി വിറ്റു. കീമോ തെറപ്പി തുടങ്ങിയിട്ടുണ്ട്. കുടൽ മുറിച്ചു മാറ്റിയതിന്റെ ബാക്കി ശസ്ത്രക്രിയയും ചെയ്യാനുണ്ട്. ചികിത്സയ്ക്കു പണം കണ്ടെത്താൻ മറ്റു മാർഗമില്ലെന്നു വർഗീസ്. ജെസി വർഗീസിന്റെ അക്കൗണ്ട് നമ്പർ – 67185171171. (എസ്ബിഐ തൃശൂർ സിവിൽ സ്റ്റേഷൻ ശാഖ). വിലാസം: ചക്കാലയ്ക്കൽ ഹൗസ്, കാര്യാട്ടുകര. എൽത്തുരുത്ത് പി.ഒ. ഫോൺ: 8281910635.

Tags:
  • Spotlight