Tuesday 19 June 2018 05:21 PM IST : By സ്വന്തം ലേഖകൻ

ചൈനയിൽ വിചിത്ര മഴ; മണ്ണിൽ പെയ്തിറങ്ങിയത് നീരാളികളും നക്ഷത്ര മത്സ്യവും!

starfish-octopus-flying-streets-China.jpg.image.784.410

ചൈനയിലെ തീരദേശ നഗരമായ ക്വിങ്ഡാവോയിലുള്ളർ കഴിഞ്ഞ ദിവസം പെയ്തിറങ്ങിയ മഴകണ്ട് ഞെട്ടിത്തരിച്ചു. ആർത്തുപെയ്യുന്ന മഴയ്ക്കൊപ്പം അന്നവിടെ പെയ്തിറങ്ങിയത് നിരവധി കടൽജീവികളാണ്. വലിയ നീരാളിയും നക്ഷത്രമത്സ്യങ്ങളും കടൽപ്പന്നിയും ഞണ്ടുമുൾപ്പെടെ നിരവധി കടൽ ജീവികൾ മഴയ്ക്കൊപ്പം ഭൂമിയിൽ പതിച്ചു. കൂറ്റൻ നീരാളികൾ പതിച്ചു റോഡിലുണ്ടായിരുന്ന പലരുടെയും കാറിന്‍റെ ഗ്ലാസും തവിടുപൊടിയായി. ഇതോടൊപ്പം നിരവധി മത്സ്യങ്ങളും പെയ്തിറങ്ങി.

കൺമുന്നിൽ നടക്കുന്നത് സ്വപ്നമാണോ സത്യമാണോ എന്നറിയാതെ അവിടെയുണ്ടായിരുന്നവർ പരിഭ്രമിച്ചു. ഏകദേശം ഒരു മണിക്കൂറോളം തുടർച്ചയായി പെയ്ത ശേഷമാണ് അദ്ഭുത മഴ നിലച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. കുറച്ചു ദിവസമായി പ്രദേശത്തു കടുത്ത കാറ്റും മഴയുമുണ്ടായിരുന്നു. എന്നാൽ, ഇത് എന്തു പ്രതിഭാസമാണെന്നു കൃത്യമായി പറയാൻ ചൈനയിലെ കാലാവസ്ഥാ വിഭാഗത്തിനു കഴിഞ്ഞിട്ടില്ല. വാട്ടർ സ്പൗട്ട് പ്രതിഭാസമാകാം ഇതെന്നും വിലയിരുത്തുന്നു.

പ്രത്യേകതരം മർദത്തെത്തുടർന്ന് കടൽജലത്തോടൊപ്പം കടൽജീവികൾ ആകാശത്തേക്കു വലിച്ചെടുക്കപ്പെടുകയും കൊടുങ്കാറ്റിൽ ഇവ തീരത്തു പെയ്തിറങ്ങിയെന്നുമാണ് നിഗമനം. കഴിഞ്ഞ വർഷം മെക്സിക്കൻ തീരദേശ നഗരമായ ടാംപികോയിലും സമാന സംഭവമുണ്ടായിരുന്നു. ചെറുതും വലുതുമായ നിരവധി മത്സ്യങ്ങളാണ് അന്നവിടെ മഴയ്ക്കൊപ്പം പെയ്തിറങ്ങിയത്.

എന്താണ് വാട്ടർ സ്പൗട്ട്  

മേഘങ്ങൾക്കിടയിൽ പെട്ടെന്നുണ്ടാകുന്ന മർദ വ്യത്യാസമാണു വാട്ടർ സ്പൗട്ടിനു കാരണമാകുന്നത്. കടലിലെയും കായലിലെയും വെള്ളത്തെ അന്തരീക്ഷത്തിലേക്കു വലിച്ചെടുക്കുവാനുള്ള കഴിവ് ഇതിനുണ്ട്. ആനയുടെ തുമ്പിക്കൈ രൂപത്തിലാണു മേഘപാളി പ്രത്യക്ഷപ്പെടുന്നത്.  ഏകദേശം 5–10 മിനിറ്റു വരെ നീണ്ടു നിൽക്കുന്ന പ്രതിഭാസമാണിത്. കരയിലുണ്ടാകുന്ന കൊടുങ്കാറ്റിന്റെ മറ്റൊരു പതിപ്പാണിത്. പരമ്പരാഗത മത്സ്യത്തൊഴിലാവികളും മറ്റും ഇതിനെ ആനക്കാൽ പ്രതിഭാസം എന്നാണു വിളിക്കുന്നത്. പ്രതിഭാസം രൂപപെടുന്ന സമയത്തു കടല്‍ ജീവികളെ വെള്ളത്തോടൊപ്പം ഉള്ളിലേക്ക് വലിച്ചെടുത്തതാണ്  അപർവ മഴയായി പെയ്തിറങ്ങിയത്.