Thursday 25 March 2021 12:07 PM IST : By സ്വന്തം ലേഖകൻ

പെൺകുട്ടിയുടെ ശരീരത്തിൽ മുറിവുകളോ പാടുകളോ ഇല്ല; വർക്കല റിസോർട്ടിൽ വിദ്യാർഥികളെത്തിയത് വീട്ടുകാർ അറിയാതെ!

varkkaladdhnnbn6777

വർക്കല ഹെലിപ്പാടിനു സമീപം റിസോർട്ടിൽ സ്വകാര്യസന്ദർശനത്തിന് എത്തിയ തമിഴ്നാട് ഡിണ്ടിഗൽ കാരികാലി സേവഗൗണ്ടച്ചിപാടിയിൽ മഹേഷ് കണ്ണന്റെ മകൾ ദാഷരിത(21) മരിച്ച സംഭവത്തിൽ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന് ശേഷമുള്ള ഡോക്ടർമാരുടെ പ്രാഥമിക നിഗമനത്തിൽ ശരീരത്തിന് പുറത്ത് മുറിവുകളോ മറ്റു ബലപ്രയോഗത്തിന്റെയോ പാടുകൾ കാണാനില്ലെന്നാണ് പറയുന്നത്. ആന്തരാവയവ പരിശോധനയുടെ ഫലം കൂടി ലഭ്യമായാൽ മാത്രമേ യഥാർഥ മരണകാരണം അറിയാനാകൂ എന്നു വർക്കല ഡിവൈഎസ്പി എൻ. ബാബുക്കുട്ടൻ അറിയിച്ചു.

ഇന്നലെ സ്ഥലത്തെത്തിയ പെൺകുട്ടിയുടെ അമ്മയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. മകൾ ആസ്തമ രോഗത്തിന് ചികിത്സയിലായിരുന്നുവെന്നു മൊഴിയിൽ പറയുന്നുണ്ട്. ദാഷരിതയുടെ പോസ്റ്റ്മോർട്ടം തിരുവനന്തപുരം മെഡിക്കൽ കോളജിൽ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി ഡിണ്ടിഗലിലേക്ക് കൊണ്ടുപോയി.  കഴിഞ്ഞ ദിവസമാണ് കോയമ്പത്തൂർ നെഹ്റു എയ്റോനോട്ടിക്കൽ എൻജിനീയറിങ് കോളജിലെ വിദ്യാർഥിനിയായ ദാഷരിത വർക്കലയിലെ റിസോർട്ടിൽ മരിച്ചത്. 

ദാഷരിതക്കൊപ്പമുണ്ടായിരുന്ന മൂന്നു പെൺകുട്ടികൾ ഉൾപ്പെടെയുള്ള ഏഴു കോളജ് വിദ്യാർഥികളും പൊലീസ് കസ്റ്റിഡിയിലായിരുന്നു. ഇന്നലെ ഇവരുടെയും രക്ഷിതാക്കൾ സ്ഥലത്തെത്തി. ഇവരുടെ മൊഴി രേഖപ്പെടുത്തി തൽക്കാലം വിട്ടയ്ക്കാനാണ് പൊലീസ് തീരുമാനം. എന്നാൽ ഇവരുടെ മൊബൈൽ ഫോണുകൾ പൊലീസ് പിടിച്ചെടുത്ത് കൂടുതൽ പരിശോധന നടത്തും. 

സഹപാഠിക്കൊപ്പം 20ന് ആണ്  ദാഷരിത റിസോർട്ടിൽ എത്തിയത്. ബാക്കിയുള്ളവർ ഏതാനും ദിവസം മുൻപേ വർക്കലയിൽ എത്തിയിരുന്നു. ജന്മദിനാഘോഷപരിപാടിയെന്ന പേരിലാണ് വിദ്യാർഥികൾ വീട്ടുകാരെ അറിയിക്കാതെ വർക്കലയിലെത്തിയത്. ഫൊറൻസിക് വിഭാഗവും ‍ഇവർ താമസിച്ച മുറികളിൽ പരിശോധന നടത്തി.

Tags:
  • Spotlight