Saturday 18 July 2020 10:59 AM IST : By സിബി നിലമ്പൂർ

മതിയെന്ന് പറഞ്ഞിട്ടും ഒഴുകിവന്നത് ലക്ഷങ്ങള്‍; ചികിത്സാ ‘സഹായത്തിന്’ പിന്നിൽ ഹവാല ബന്ധമോ?

varsha-g-poonguzhali

സമൂഹമാധ്യമങ്ങൾ വഴി ചികിത്സാ സഹായ അഭ്യർഥന നടത്തിയതിനു പിന്നാലെ ഒരു കോടി രൂപയിലേറെ യുവതിയുടെ ബാങ്ക് അക്കൗണ്ടിൽ എത്തിയ സംഭവത്തിൽ നിയമവിരുദ്ധ പണം ഇടപാടു സംഘമെന്നു സംശയിക്കുന്നതായി ഡിസിപി ജി. പൂങ്കുഴലി ഐപിഎസ്. സംഭവത്തിനു ഹവാല, കുഴൽപ്പണ ബന്ധമുണ്ടോ എന്ന് പൊലീസ് പരിശോധിക്കും.

ഇത്ര വലിയ തുക കുറഞ്ഞ സമയത്തിനുള്ളിൽ എത്തിയത് അസ്വാഭാവികമായാണ് കാണുന്നത്. ഇക്കാര്യത്തിൽ വിശദമായ പരിശോധനയ്ക്കു നിർദേശിച്ചതായും ഡിസിപി പറഞ്ഞു. ചികിത്സാ ആവശ്യത്തിനുള്ളത് കിഴിച്ചുള്ള തുക യുവതിയിൽ നിന്നു തിരികെ ലഭിക്കുമെന്ന വിശ്വാസത്തിൽ സുരക്ഷിത മാർഗം എന്ന നിലയിൽ കുഴൽപ്പണം വർഷയുടെ അക്കൗണ്ടിലേക്കയച്ചതാണോ എന്നതാണ് പൊലീസ് അന്വേഷിക്കുന്നത്.

കണ്ണൂർ സ്വദേശിനിയായ വർഷ എന്ന യുവതിയാണ് അമ്മയുടെ കരൾ മാറ്റിവയ്ക്കുന്നതിനായി സമൂഹമാധ്യമങ്ങളിലൂടെ അഭ്യർഥന നടത്തിയത്. ഇതിന് സഹായിച്ച സാജൻ കേച്ചേരി എന്നയാൾ പണം തനിക്കു കൂടി കൈകാര്യം ചെയ്യാൻ സാധിക്കും വിധം അക്കൗണ്ട് മാറ്റണം എന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നതായാണ് പൊലീസിനു പരാതി നൽകിയത്.

സമൂഹമാധ്യമങ്ങളിലൂടെ ഇദ്ദേഹവും സഹായികളും ഭീഷണിപ്പെടുത്തുകയും വ്യാജ പ്രചരണങ്ങൾ നടത്തുന്നതിന്റെയും വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രി കെ.കെ. ശൈലജ നിർദേശിച്ചതനുസരിച്ചായിരുന്നു വർഷ ഡിസിപിക്ക് പരാതി നൽകിയത്. തുടർന്ന് എറണാകുളം ചേരാനല്ലൂർ സ്റ്റേഷന്റെ ചുമതലയുള്ള സബ് ഇൻസ്പെക്ടർ ലിജോ ജോസഫ് യുവതിയുടെ താമസ സ്ഥലത്തെത്തി പരാതി സ്വീകരിക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ചികിത്സയ്ക്കായി 30 ലക്ഷത്തിൽ താഴെയുള്ള തുകയ്ക്കാണ് യുവതി അഭ്യർഥന നടത്തിയത്. എന്നാൽ ആദ്യ ദിവസം 65 ലക്ഷം രൂപയിലേറെ അക്കൗണ്ടിൽ എത്തിയതോടെ ഇനി ആരും പണം അയയ്ക്കേണ്ട എന്ന് അറിയിച്ചിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം കൂടുതൽ തുക അക്കൗണ്ടിൽ എത്തുകയായിരുന്നു.

പെൺകുട്ടിയുടെ അക്കൗണ്ടിലേയ്ക്ക് 60 ലക്ഷം രൂപ വിദേശത്തുള്ള ഒരു ചാരിറ്റി സംഘടന ഒറ്റത്തവണയായി നിക്ഷേപിച്ചതായി പെൺകുട്ടിയെ സഹായിച്ച യുവാവ് പറയുന്നു. ഇതിൽ അസ്വഭാവികത ഉള്ളതായാണ് പൊലീസ് വിലയിരുത്തൽ. അക്കൗണ്ടിലേയ്ക്ക് അഞ്ചു ലക്ഷവും മറ്റും ഇട്ടവരുമുണ്ടെന്ന് യുവതിയും പറയുന്നു. സർജറിയ്ക്കു കയറുന്നതിനു മുൻപാണ് താൻ അക്കൗണ്ട് പരിശോധിച്ചത്. അതിനു ശേഷം ആരെങ്കിലും വലിയ തുക നിക്ഷേപിച്ചോ എന്നതിനെക്കുറിച്ച് അറിയില്ലെന്നും ഇവർ പറയുന്നു.

ചാരിറ്റി പ്രവർത്തനത്തിന്റെ മറവിൽ സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ മുൻകൂട്ടി അക്കൗണ്ട് ഉടമകളുമായി കരാറിലേർപ്പെടുന്നതായാണു വിവരം. ഇതിന് ഒപ്പിട്ട ബ്ലാങ്ക് ചെക്കും പ്രോമിസറി നോട്ടുംവരെ തയാറാക്കും. ഇതിനുശേഷമാണ് വാട്സാപ്പിലൂടെയും മറ്റ് സമൂഹമാധ്യമങ്ങളിലൂടെയും സഹായ അഭ്യർഥന.

അക്കൗണ്ട് ഉടമകൾ ആശുപത്രി തിരക്കുകളിൽ ആകുന്ന സമയം ചികിത്സയ്ക്കാവശ്യമുള്ള പണം നൽകി ബാക്കിയുള്ളവ സ്വന്തം അക്കൗണ്ടിലേയ്ക്ക് മാറ്റുകയും ചെയ്യും. രോഗി മരിക്കുന്ന സാഹചര്യമുണ്ടായാൽ ആശുപത്രി ബിൽ കിഴിച്ചുള്ള തുക ഇവർ സ്വന്തം അക്കൗണ്ടിലേയ്ക്ക് മാറ്റും. സാധാരണക്കാരായ ആളുകൾ ആവശ്യം കഴിഞ്ഞാൽ ബാക്കിയുള്ള തുക എതിർപ്പ് അറിയിക്കാതെ തട്ടിപ്പു സംഘങ്ങൾക്കു കൈമാറുകയും ചെയ്യും. വർഷയുടെ കാര്യത്തിൽ അതിനു സാധിക്കാത പോയതാണ് ഇപ്പോഴുള്ള തർക്കങ്ങളിലേയ്ക്കും ഭീഷണികളിലേയ്ക്കും കാര്യങ്ങൾ എത്തിച്ചത്.

അക്കൗണ്ടിൽ അധികം വന്ന തുക മറ്റുള്ള രോഗികളെ സഹായിക്കാനാണ് ചെലവഴിക്കുക എന്ന് ഇവർ അവകാശപ്പെടുമെങ്കിലും ഇത് എന്താണു ചെയ്യുന്നത് എന്നതിനെക്കുറിച്ച് വ്യക്തതയില്ല. സമൂഹമാധ്യമങ്ങൾ വഴി ചാരിറ്റി തട്ടിപ്പ് നടക്കുന്നതായി നേരത്തേയും ആരോപണങ്ങൾ ഉയർന്നിരുന്നെങ്കിലും കാര്യമായ അന്വേഷണം ഉണ്ടായിരുന്നില്ല. ചാരിറ്റിയുടെ മറവിലുള്ള സാമ്പത്തിക തട്ടിപ്പുകൾ പുറത്തു വരുന്നതോടെ സ്വമനസാൽ പണം നൽകാൻ തയാറാകുന്നവരെ പിന്തിരിപ്പിക്കുന്നതിനും സത്യസന്ധമായി സാമൂഹിക സേവനം നടത്തുന്നവരുടെ ആത്മാർഥത ചോദ്യം ചെയ്യപ്പെടാനും ഇടയാക്കുമെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.

more updates...

Tags:
  • Spotlight