പുതുതലമുറ വീടുകളുടെ ‘വൈബ്’ അടുത്തറിയാൻ അവസരമൊരുക്കി വനിത വീട് പ്രദർശനം തൃശൂരിൽ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. പൂരം മൈതാനിയിൽ രാവിലെ 11 മുതൽ രാത്രി എട്ട് വരെയാണ് പ്രദർശനം.
വനിത വീട് മാസികയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട്സ് തൃശൂർ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രദർശനത്തിൽ നിർമാണ മേഖലയിലെ മുൻനിര കമ്പനികളുടെ നൂറിലധികം സ്റ്റാളുകളാണ് ഉള്ളത്. പ്രമുഖ സാനിറ്ററിവെയർ ബ്രാൻഡ് ഹിൻഡ്‌വെയർ ആണ് മുഖ്യപ്രായോജകർ. ഡെൻവുഡ് സഹപ്രായോജകരും, ‘കോർ’ റിന്യുവബിൾ എനർജി പാർട്ണറുമാണ്.
വീടുനിർമാണം, പുതുക്കിപ്പണിയൽ, ഇന്റീരിയർ എന്നിവയിലെ സമകാലിക പ്രവണതകൾ എളുപ്പത്തിൽ മനസ്സിലാകും വിധമാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. ഏറ്റവും പുതിയതും ഗുണമേന്മയുള്ളതുമായ നിർമാണവസ്തുക്കൾ ആകർഷകമായ വിലയിൽ സ്വന്തമാക്കാനും അവസരമുണ്ടാകും.
ആർക്കിടെക്ചർ വിദ്യാർഥികൾക്കായുള്ള മത്സരങ്ങൾ, പഠനക്കളരി, രാജ്യാന്തര പ്രശസ്തരായ ആർക്കിടെക്ടുമാർ നയിക്കുന്ന സെമിനാർ എന്നിവയും ഒരുക്കിയിട്ടുണ്ട്. ഐഐഎ പവലിയനിലെ കൺസൽറ്റേഷൻ ഡെസ്ക്കിൽ വീടുനിർമാണവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് മറുപടി ലഭിക്കും. പൂർണമായും ശീതീകരിച്ച വേദിയിലാണ് പ്രദർശനം. പ്രവേശനം സൗജന്യമാണ്.