Friday 27 January 2023 02:45 PM IST : By സ്വന്തം ലേഖകൻ

‘ചിലർ വാഹനം തിരിച്ചതിനു ശേഷം ഇൻഡിക്കേറ്റർ ഇടും; മറ്റു ചിലരാകട്ടെ ഇൻഡിക്കേറ്റർ ഇട്ടു മാത്രമേ വാഹനമോടിക്കൂ...’: ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

indicator-light-signal

ഇടം വലം നോക്കാതെ സ്വന്തം സൗകര്യത്തിന് വാഹനം തിരിക്കുന്നവർ ഉണ്ടാക്കുന്ന അപകടങ്ങൾ കുറവല്ല. ഇതും കൂടാതെ ചിലർ  വാഹനം തിരിച്ചതിന് ശേഷമാണ് ഇൻഡിക്കേറ്റർ ഇടുന്നത്. ചില കൂട്ടരുണ്ട് ഇൻഡിക്കേറ്റർ ഇട്ടു മാത്രമേ വാഹനമോടിക്കൂ. നേരെയാണ് പോകുന്നതെങ്കിലും വെറുതെ ഇൻഡിക്കേറ്റർ ഇട്ടിരിക്കും.

നമ്മൾ വാഹനം വളയ്ക്കാനോ തിരിക്കാനോ പൊകുകയാണെന്ന് മുന്നിൽ നിന്നും പിന്നിൽ നിന്നും വരുന്നവരെ അറിയിക്കാനുള്ള ഉപാധിയാണ് ഇൻഡിക്കേറ്ററുകൾ. തിരിയുന്നതിന് തൊട്ടുമുമ്പല്ല ഇന്‍ഡികേറ്റര്‍ ഇടേണ്ടത്. സാധാരണ റോഡില്‍ ഏതെങ്കിലും വശത്തേക്ക് തിരിയുന്നതിന് ഏകദേശം 200 അടി മുമ്പ് ഇന്‍ഡിക്കേറ്റര്‍ പ്രവര്‍ത്തിപ്പിക്കണം. ഹൈവേയിലാണെങ്കില്‍ ഏകദേശം 900 അടി മുമ്പ് വേണം. തിരിഞ്ഞശേഷം ഇന്‍ഡിക്കേറ്റര്‍ ഓഫ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം.

ഹൈവേയില്‍ ലൈന്‍ മാറുമ്പോഴും ഏതെങ്കിലും വശത്തേക്ക് തിരിയുമ്പോഴും ശരിയായ ഇന്‍ഡിക്കേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. യു ടേണ്‍ എടുക്കുമ്പോള്‍ 30 മീറ്റര്‍ മുമ്പെങ്കിലും ഇന്‍ഡിക്കേറ്റര്‍ ഇടുക. ഇന്‍ഡിക്കേറ്റര്‍ ഇട്ടതുകൊണ്ടുമാത്രം എവിടെ വച്ചും തിരിയാന്‍ അവകാശമുണ്ടെന്ന് കരുതുന്നത് തെറ്റാണ്. എതിര്‍ ദിശയില്‍ നിന്ന് വാഹനം വരുന്നില്ലെന്ന് ഉറപ്പാക്കിയശേഷം മാത്രമേ ഏതെങ്കിലും വശത്തേക്ക് തിരിയാവൂ. റിയര്‍ വ്യൂ മിററുകളിലൂടെ പിന്നിലെ ട്രാഫിക്കും ശ്രദ്ധിക്കണം.

ലൈൻ മാറി ഓവർടേക്ക് ചെയ്യുമ്പോഴും ഇൻഡിക്കേറ്റർ ഉപയോഗിക്കുക. കൂടാതെ റൗൺഡ് എബൗ‍ട്ടിലും ഇൻഡിക്കേറ്റർ ഉപയോഗിക്കണം. ഒരിക്കലും ബ്രൈറ്റ് ലൈറ്റ് പ്രവർത്തിപ്പിച്ചുകൊണ്ട് ഇൻഡിക്കേറ്റർ ഇടരുത് കാരണം എതിരെ വരുന്ന വാഹനങ്ങൾക്ക് ഇത് കാണാൻ സാധിക്കില്ല. മറ്റൊരു വാഹനത്തിന് ഓവര്‍ടേക്ക് ചെയ്യാനുള്ള അനുമതി നല്‍കുന്നതിനായി യാതൊരു കാരണവശാലും വലത്തേക്കുള്ള ഇൻഡിക്കേറ്റർ ഇടരുത്. ഹാന്‍ഡ് സിഗ്‌നല്‍ കാണിക്കുക. അതു ബുദ്ധിമുട്ടാണെങ്കില്‍ ഇടത് വശത്തേക്കുള്ള ഇന്‍ഡിക്കേറ്റര്‍ ഇടുക. നിങ്ങള്‍ സൈഡ് ചേര്‍ക്കുകയാണെന്ന് ധാരണയോടെ പിന്നിലുള്ള വാഹനം ഓവര്‍ടേക്ക് ചെയ്യും.

കടപ്പാട്: കേരളാ പൊലീസ്

Tags:
  • Spotlight