Tuesday 12 February 2019 05:37 PM IST : By സ്വന്തം ലേഖകൻ

അധ്യാപനത്തിന് കാഴ്ച വൈകല്യം തടസ്സമല്ല; അകക്കണ്ണിലൂടെ കുട്ടികൾക്ക് അറിവിന്റെ വെളിച്ചം പകർന്ന് വേലായുധൻ!

blind-teacher.

അകക്കണ്ണിലൂടെ കുട്ടികൾക്ക് അറിവിന്റെ വെളിച്ചം പകർന്ന് വേലായുധൻ. മുപ്പത്തടം സർക്കാർ സ്കൂളിൽ ചരിത്രാധ്യാപകനായാണ്  വേലായുധൻ ജോലിയിൽ പ്രവേശിച്ചത്. കറുകുറ്റി സ്വദേശിയായ വേലായുധന്റെ ജീവിതാഭിലാഷമായിരുന്നു അധ്യാപകനാവുക എന്നത്. 

അതേസമയം ജന്മനാലുള്ള കാഴ്ച വൈകല്യം വേലായുധന്റെ ആഗ്രഹങ്ങൾക്ക് ഒരു തടസ്സമായിരുന്നില്ല. വാശിയോടെ പഠിച്ച് വേലായുധൻ ബിരുദവും ബിരുദാനന്തര ബിരുദവും സ്വന്തമാക്കി. ബിഎഡ് പൂർത്തിയാക്കിയിട്ടും കാഴ്ച വൈകല്യമുള്ളതിനാൽ ജോലി മാത്രം ലഭിച്ചില്ല. ഇതോടെ ഉപജീവനത്തിനായി ലോട്ടറി വിൽക്കാനിറങ്ങി. 

ഏറെക്കാലം നീണ്ട കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ വർഷമാണ് പിഎസ്സി ലിസ്റ്റിൽ ഇടം നേടിയത്. കഴിഞ്ഞ ആഴ്ച മുപ്പത്തടം സ്കൂളിൽ ജോലിയിലും പ്രവേശിച്ചു. നല്ലൊരു ഗായകനായ വേലായുധൻ ആദ്യ ദിവസം തന്നെ പാട്ടു പാടി കുട്ടികളെ കയ്യിലെടുത്തു. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ കുട്ടികളുടെ പ്രിയ അധ്യാപകനായി മാറിയിരിക്കുകയാണ് വേലായുധൻ. ക്ലാസിലേക്കും തിരിച്ചുമുള്ള യാത്രകളിലൊക്കെ പ്രിയപ്പെട്ട അധ്യാപകന് താങ്ങായി വിദ്യാർഥികളും ഒപ്പമുണ്ട്.