Saturday 08 June 2019 12:16 PM IST

ഈ റേഷൻ കാർഡിൽ അരിയുടെയും പഞ്ചാരയുടെയും കണക്കില്ല; പകരം രസികൻ സദ്യയ്ക്കുള്ള ക്ഷണമുണ്ട്! റേഷൻ കടക്കാരന്റെ കല്യാണക്കുറി ഹിറ്റായത് ഇങ്ങനെ

Priyadharsini Priya

Senior Content Editor, Vanitha Online

shivadas-family7654

ശിവദാസ് ഏട്ടൻ വീട്ടിലെത്തി റേഷൻ കാർഡ് എടുത്ത് മുന്നോട്ടു നീട്ടിയപ്പോൾ നാട്ടുകാരിൽ ചിലരൊക്കെ ആദ്യം അമ്പരന്നു. റേഷൻ കാർഡ് കടയിൽ മറന്നുവച്ചില്ലല്ലോ ഏട്ടാ, പിന്നെന്താ എന്ന സംശയ ഭാവത്തിൽ അവർ അദ്ദേഹത്തെ നോക്കി. ‘മകളുടെ വിവാഹമാണ്, വരണം’ എന്ന് ചെറുപുഞ്ചിരിയോടെ പറഞ്ഞപ്പോഴാണ് സംഗതിയുടെ ഗുട്ടൻസ് പിടികിട്ടിയത്. 

നീല നിറത്തിൽ അച്ചടിച്ചു വച്ച റേഷൻ കാർഡിൽ അരിയുടെയും പഞ്ചാരയുടെയുമൊന്നും കണക്കില്ല, പകരം ഒരു സുന്ദരന്റെയും സുന്ദരിയുടെയും പടം. കാർഡ് കാണുന്നവരുടെ സംശയ നിവൃത്തിക്കായി ഏറ്റവും മുകളിൽ വിവാഹ ക്ഷണ കത്ത് എന്നെഴുതിയിട്ടുണ്ട്. തൊട്ടുതാഴെ വധു നിഷയുടെയും വരൻ പ്രശാന്തിന്റെയും പേരുകൾ. പിന്നെ വളരെ സിമ്പിളായി വിവാഹ തിയതിയും വധുവിന്റെ മേൽവിലാസവും മാത്രം.  

മകൾ നിഷയ്ക്ക് മറക്കാനാകാത്ത വിവാഹ സമ്മാനം ഒരുക്കിയിരിക്കുകയാണ് റേഷൻ കടക്കാരനായ പി. ശിവദാസ്. വിവാഹ ക്ഷണ കത്തിന്റെ ആശയത്തിന് പുറകിലെ ബുദ്ധിയും ഈ അച്ഛന്റേതാണ്. 37 വർഷമായി മുണ്ടൂർ വേലിക്കാട് റേഷൻ കട നടത്തുകയാണ് ശിവദാസ്. റേഷൻ അസോസിയേഷന്റെ ജില്ലാ ജനറൽ സെക്രട്ടറിയാണ് ഇദ്ദേഹം. കൂടാതെ സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും നിർവഹിക്കുന്നു. 

shivadas-velikkad45

"ബാങ്കിൽ ജോലി ചെയ്യുന്നവർ പാസ് ബുക് മോഡലിൽ ഒക്കെ വിവാഹ കാർഡ് ഒരുക്കിയത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. അപ്പോഴാ തോന്നിയത് റേഷൻ കടക്കാരനായ എനിക്കെന്തു കൊണ്ട് ഇങ്ങനെയൊരു ആശയം ആയിക്കൂടാ എന്ന്. പിന്നൊന്നും ചിന്തിച്ചില്ല നേരെ പാലക്കാട്ടേക്ക് വിട്ടു. അവിടെ എംആർ ഡിടിപി സെന്റർ നടത്തുന്ന മധുവിനോട് കാര്യം പറഞ്ഞു. അയാളാണ് എന്റെ ഇഷ്ടപ്രകാരം ഈ ക്ഷണ കത്ത് തയാറാക്കിയത്. 

ഒരു കാർഡിന് കവറടക്കം വെറും അഞ്ചര രൂപയാണ് ചിലവ്. എല്ലാംകൊണ്ടും ലാഭം, കാണുന്നവർക്ക് കൗതുകവും സന്തോഷവും. എന്തായാലും വ്യത്യസ്തമായത് കൊണ്ട് ആളുകൾ കുറച്ചു കാലത്തേയ്ക്കെങ്കിലും ഇത് സൂക്ഷിച്ചു വയ്ക്കും. വിവാഹം ക്ഷണിക്കാൻ പോയ ഇടത്തെല്ലാം കാർഡിനെ കുറിച്ചാണ് പലരും സംസാരിച്ചത്. നന്നായിട്ടുണ്ട്, നല്ല ആശയം എന്നൊക്കെ അഭിനന്ദിച്ചു. വീട്ടിൽ ഭാര്യയും മക്കളുമടക്കം ഒക്കെ എനിക്ക് നല്ല സപ്പോർട്ട് ആയിരുന്നു."- ശിവദാസ് പറയുന്നു.   

ജൂൺ ഒമ്പതിനാണ് മകൾ നിഷയുടെ വിവാഹം. ബിഎസ്സി പഠനം പൂർത്തിയാക്കിയ ശേഷമാണ് നിഷയുടെ വിവാഹം ഉറപ്പിക്കുന്നത്. രണ്ടു ആൺമക്കൾ കൂടിയുണ്ട് ശിവദാസിന്. മൂത്തയാൾ സുധീഷ് വിദേശത്ത് ആർക്കിടെക്റ്റാണ്. രണ്ടാമത്തെ മകൻ സതീഷ് കോർപ്പറേറ്റിവ് ബാങ്കിൽ ജോലി ചെയ്യുന്നു. ഭാര്യ സി. എൻ. മിനി. 

sivdas-family332