Tuesday 21 July 2020 01:53 PM IST

സിഗരറ്റിനോട് ഗുഡ്ബൈ പറഞ്ഞു; ഏഴു വർഷംകൊണ്ട് വേണുചേട്ടൻ സമ്പാദിച്ചത് രണ്ടേമുക്കാൽ ലക്ഷം രൂപ

Nithin Joseph

Sub Editor

smoke

ലക്ഷങ്ങൾ സമ്പാദിക്കാൻ എന്തൊക്കെ ചെയ്യണം? പെട്ടെന്നിങ്ങനെ ചോദിച്ചാൽ കിട്ടാവുന്ന ഉത്തരങ്ങൾ എന്തൊക്കെയാണ്? ജോലിക്ക് പോകാം, ബിസിനസ് ചെയ്യാം, കൃഷി ചെയ്യാം, അങ്ങനെ നിരവധി മാർഗങ്ങൾ ഉണ്ട്. എന്നാൽ കോഴിക്കോട് ഇരിങ്ങാടമ്പള്ളി സ്വദേശി വേണുഗോപാലൻ നായർ തന്റെ എഴുപത്തിയഞ്ചാം വയസ്സിൽ ലക്ഷാധിപതി ആകാൻ ചെയ്തത് വളരെ സിമ്പിളായൊരു കാര്യമാണ്. 55 വർഷമായി തുടർന്നിരുന്ന പുകവലി അങ്ങ് ഉപേക്ഷിച്ചു. പുകവലി നിർത്തി ലക്ഷാധിപതിയായ കഥ വേണുചേട്ടൻ പറയുന്നു.

‘എന്റെ പതിമൂന്നാം വയസ്സിൽ മുക്കാൽ കാശിന് മൂന്ന് ബീഡി കിട്ടുമായിരുന്നു. അന്ന് തുടങ്ങിയ ശീലമാണ്. സ്കൂളിൽ പോകാനായി രാവിലെ വീട്ടിൽനിന്ന് ഇറങ്ങിയാലും നേരെ പോകുന്നത് കശുമാവിൻതോട്ടത്തിലേക്കാണ്. കീശ നിറയെ കശുവണ്ടി പെറുക്കി കടയിൽ കൊണ്ടുപോയി കൊടുക്കും. അങ്ങനെയാണ് ബീഡി വാങ്ങാനുള്ള പൈസ കണ്ടെത്തിയിരുന്നത്. പിന്നീട് ബീഡിയിൽനിന്ന് സിഗരറ്റിലേക്ക് മാറി. ഒരു ദിവസം ഒന്നര മുതൽ രണ്ട് പാക്കറ്റ് സിഗരറ്റ് വരെ വലിക്കുമായിരുന്നു.’

55 വർഷം കൂടെയുണ്ടായിരുന്ന ദുശ്ശീലത്തിന് വേണുചേട്ടൻ ഫുൾസ്‌റ്റോപ്പ് ഇട്ടിട്ട് എഴു വർഷത്തിലധികമായി. അതിന്റെ കാരണം ഇങ്ങനെ.

smoke-2

‘ഇത്രയും വർഷത്തിനിടയ്ക്ക് ഒരിക്കൽ പോലും പുകവലി ഉപോക്ഷിക്കണമെന്ന് എനിക്ക് തോന്നിയിട്ടില്ല. 2013 ജൂൺ ഒൻപതാം തീയതി രാവിലെ പത്രവും വായിച്ച് ഇരിക്കുമ്പോൾ ശരീരത്തിന് വല്ലാത്തൊരു അസ്വസ്ഥത തോന്നി. ശരീരമാകെ വിയർത്ത്, തളർന്നു പോകുന്നതു പോലെ തോന്നി. ഞാനുടനെ ഭാര്യയെ വിളിച്ചിട്ട് എനിക്ക് കിടക്കണമെന്ന് പറഞ്ഞു. പക്ഷേ, കിടന്നിട്ടും തളർച്ച മാറിയില്ല. ഉടനെ മകന്‍ വണ്ടിയെടുത്ത് എന്നെ ആശുപത്രിയിൽ കൊണ്ടുപോയി. ആശുപത്രിയിലെത്തുമ്പോഴേക്കും എന്റെ ബോധം പോയി. പരിശോധനകളും സ്കാനിങ്ങുമെല്ലാം കഴിഞ്ഞപ്പോള്‍ ഡോക്ടർ എന്റെ മകനോട് ചോദിച്ചു, ‘അച്ഛന് മദ്യപാനവും പുകവലിയും പോലെയുള്ള ദുശ്ശീലങ്ങൾ ഉണ്ടെങ്കിൽ ഉടനെ നിർത്തണം. ഇല്ലെങ്കിൽ അധികകാലം ആയുസ് ഉണ്ടാകില്ല. ഞാൻ മദ്യപിക്കാറില്ല. പുകവലിയാണെങ്കിൽ ഉപേക്ഷിക്കാൻ പ്രയാസവുമാണ്. പക്ഷേ, ജീവിക്കാൻ ആഗ്രഹമില്ലാത്ത മനുഷ്യർ ഇല്ലല്ലോ. അങ്ങനെയാണ് പുകവലി നിർത്താൻ തീരുമാനിക്കുന്നത്. ആദ്യത്തെ മൂന്ന് ദിവസത്തേക്ക് കുറച്ച് പ്രയാസപ്പെട്ടെങ്കിലും പിന്നീട് ഒരു കുഴപ്പവും ഇല്ലായിരുന്നു. അതിനു ശേഷം ഇന്നേവരെ ഒരു സിഗരറ്റ് പോലും കൈകൊണ്ട് തൊട്ടിട്ടില്ല.

അന്ന് ഒരു പാക്കറ്റ് സിഗരറ്റിന്റെ വില 40 രൂപയാണ്. ദിവസവും ഒന്നര പാക്കറ്റ് സിഗരറ്റ് വാങ്ങാൻ 60 രൂപ ചിലവാകും. ആ പണം സ്വരൂക്കൂട്ടി വച്ചാലോയെന്ന് തോന്നിയപ്പോൾ ഒരു ചെറിയ ടിന്നിൽ എല്ലാ ദിവസവും 60 രൂപ നിക്ഷേപിക്കാൻ തുടങ്ങി. രണ്ട് മാസം കഴിഞ്ഞപ്പോൾ ബാങ്കിൽ പോയി ഒരു പുതിയ അക്കൗണ്ട് എടുത്ത്, അതുവരെ സ്വരുക്കൂട്ടിയ പണം നിക്ഷേപിച്ചു. പിന്നീട് എല്ലാ മാസവും അക്കൗണ്ടിൽ കൃത്യമായി പണം നിക്ഷേപിക്കാൻ തുടങ്ങി. സിഗരറ്റിന് വില കൂട്ടിയപ്പോൾ നിക്ഷേപിക്കുന്ന തുക ഞാനും വർധിപ്പിച്ചു. 60 രൂപ 80 ആയി മാറി. ഇപ്പോൾ ദിവസവും 100 രൂപ എന്നതാണ് കണക്ക്. ഈ മാസം വരെയുള്ള കണക്കെടുത്താൽ കൃത്യം രണ്ട് ലക്ഷത്തി എഴുപത്തിമൂവായിരം രൂപയുണ്ട്. അതിൽനിന്ന് ഒരു രൂപ പോലും ഇന്നുവരെ എടുത്തിട്ടില്ല.’

കെട്ടിടങ്ങളുടെ കോൺട്രാക്ട് ജോലികൾ ഏറ്റെടുത്തു നടത്തുന്ന ജോലിയായിരുന്നു വേണുഗോപാലൻ നായർക്ക്. ഭാര്യ രാധ. മധു, ലത എന്നിവരാണ് മക്കൾ. ഇതുവരെ സ്വരൂപിച്ച പണംകൊണ്ട് താമസിക്കുന്ന വീടിന്റെ പണികള്‍ പൂർത്തിയാക്കാമെന്ന തീരുമാനത്തിലാണ് വേണുചേട്ടനും കുടുംബവും. അക്കൗണ്ടിൽ പണം നിക്ഷേപിക്കുന്നു എന്നല്ലാതെ ഇത്രയും വലിയ തുകയുണ്ടെന്ന് ആർക്കും അറിയില്ലായിരുന്നു. ഈയടുത്ത് വിവരങ്ങളെല്ലാം അറിഞ്ഞപ്പോൾ മക്കൾ വേണുചേട്ടനോട് പറഞ്ഞത് ‘കുറേ വർഷം മുൻപ് അച്ഛന് ഈ ബുദ്ധി തോന്നിയിരുന്നെങ്കിൽ ഇപ്പോള്‍ കോടീശ്വരൻ ആകാമായിരുന്നല്ലോ’ എന്നാണ്.

‘സിഗരറ്റ് വലിച്ചിരുന്ന സമയത്ത് സ്ഥിരമായി ചുമയും കഫക്കെട്ടും വരുമായിരുന്നു. ഒരു തവണ ആശുപത്രിയിൽ പോയി മരുന്ന് വാങ്ങാൻ ശരാശരി 1000 രൂപയാകും. ഏഴുവർഷംകൊണ്ട് ഈയിനത്തിൽ ഞാൻ ലാഭിച്ച തുക കൂടി ചേർത്താൽ സമ്പാദ്യം ഇനിയും വലുതാകും.

ഇപ്പോൾ സിഗരറ്റിന്റെ മണം എനിക്ക് അലർജിയാണ്. അടുത്ത് നിന്ന് ആരെങ്കിലും പുക വലിക്കുന്നത് കണ്ടാൽ മാറിനിൽക്കാൻ പറയും. പുകവലി ഉപേക്ഷിക്കാൻ എല്ലാവരോടും പറയാറുണ്ട്. ചിലർ അനുസരിക്കും, ചിലർ തള്ളിക്കളയും. നമ്മുടെ നാക്ക് കേട്ട് ഒരാളെങ്കിലും മാറിയാൽ നല്ല കാര്യമല്ലേ. സിഗരറ്റ് വലിക്കുന്നവരെക്കാൾ കൂടുതൽ ദൂഷ്യം ഉണ്ടാകുന്നത് ചുറ്റുമുള്ളവർക്കാണ്. ഞാൻമൂലം എന്റെ ഭാര്യയും മക്കളും വർഷങ്ങളോളം കഷ്ടപ്പെട്ടിട്ടുണ്ടാവും. എന്തായാലും ഇപ്പോൾ എല്ലാവര്‍ക്കും സന്തോഷമാണ്.’

പുകവലി നിർത്താൻ പ്രയാസമാണെന്ന് പറയുന്നവരോട് വേണുചേട്ടന്റെ മാസ് മറുപടി ഇതാണ്. ‘ജീവിക്കാൻ ആഗ്രഹമില്ലാത്ത ആരുമില്ലല്ലോ. ജീവിതം കുറച്ചു ദിവസത്തേക്കു കൂടി നീട്ടിക്കിട്ടുമ്പോൾ എന്തിനാണ് നിരസിക്കുന്നത്. അതുകൊണ്ട് സിഗരറ്റൊക്കെ വിട്ടുകളയെടോ. എന്നിട്ട് കുറേ വർഷം സന്തോഷായിട്ട് ജീവിക്ക്.’

Tags:
  • Spotlight