Wednesday 16 May 2018 05:44 PM IST

ചേട്ടാ പോത്തൻ ബ്രില്യന്റ് ഡയറക്ടറാ! ഇതു സിനിമാക്കാരെ അറിയാത്ത സിനിമാക്കാരൻ

Unni Balachandran

Sub Editor

prakash1

ചിലരുടെ ജീവിതം സിനിമയിലെന്ന പോലെ യാഥാർഥ്യത്തിലും വിചിത്രമാണ്. ഒറ്റയാൻ എന്ന വിശേഷണത്തിന് ശരീരം അനുവദിക്കാതിരിക്കുമ്പോഴും ജീവിതംകൊണ്ട് ഒറ്റയാനായ ഒരു സിനിമാക്കാരൻ ഇവിടുണ്ട്. മോഹന്റെ തീർഥം എന്ന സിനിമയിൽ തുടങ്ങി പോത്തേട്ടന്റെ ബ്രില്യൻസ് വരെ എത്തി നിൽക്കുന്ന ഒരു വെട്ടുകിളി! മൂന്നു പതിറ്റാണ്ട് മുൻപ് കമൽ സംവിധാനം ചെയ്ത ‘എന്നോട് ഇഷ്ടം കൂടാമോ’ എന്ന സിനിമയിലെ ‘വെട്ടുകിളിയെന്ന’ പേരുമായാണ് പ്രകാശൻ സിനിമയിലേക്ക് കാലെടുത്തു വയ്ക്കുന്നത്. കൊച്ചുകൊച്ചു സന്തോഷങ്ങളില്‍ ‘ഇന്ത്യ തുരന്ന് ഭുമിയുടെ അപ്പുറം ചെന്നാൽ അമേരിക്കയാകുമോ’ എന്ന ചോദ്യത്തിൽ പ്രകാശിക്കുന്നത് പ്രകാശന്റെ നിഷ്കളങ്കതയാണ്.

സിനിമയിൽ എക്കാലവും വിരുന്നുകാരൻ മാത്രമാണെന്നു പറയുമ്പോഴും ഇടയ്ക്കു കിട്ടുന്ന കഥാപാത്രങ്ങളിൽ സാന്നിധ്യം അറിയിക്കും ഈ തൃശൂര്‍ സ്വദേശി. സിനിമാ മേഖലയിൽ 30 വര്‍ഷം പൂർത്തിയാക്കുന്ന വെട്ടുകിളി പ്രകാശൻ ‘തൊണ്ടിമുതലും ദൃക്സാക്ഷിയു’മെന്ന ചിത്രത്തിലെ ശ്രീകണ്ഠൻ എന്ന കഥാപാത്രമായി ഒരിക്കൽ കൂടി പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുകയാണ്.

‘ദിലീഷ് സിനിമയിലേക്ക് വിളിക്കുമ്പൊ എനിക്ക് അദ്ദേഹത്തെ പറ്റി അറിയുക പോലുമില്ല. എന്റെ നാട്ടിലെ കുറച്ച് കുട്ടികളുമായിട്ട് ‘കാലത്തിന്റെ കാൽപാടുകൾ’ എന്നൊരു ഷോർട്ട് ഫിലിം ചെയ്തിരുന്നു. പോത്തൻ എന്നു പേരുള്ള ഒരാൾ സിനിമയിലേക്ക് വിളിച്ച കാര്യം പറഞ്ഞപ്പൊ അവരാണ് ദിലീഷൊരു സംഭവമാണെന്ന് വിശദീകരിച്ച് തന്നത്. മടിപിടിച്ച് ഇരുന്ന എന്നെ ഉന്തിത്തള്ളി ഭീഷണിപ്പെടുത്തി സിനിമയിലേക്ക് വിട്ടത് നാട്ടിലെ കുട്ടികളാണ്.– തലയിൽ പടർന്നു കയറിയ നരയിൽ വിരലുകളോടിച്ച് പ്രകാശൻ സിനിമാക്കഥ പോലെയുള്ള ജീവിതത്തെപ്പറ്റി പറഞ്ഞു തുടങ്ങി.

മലയാളികൾ ഒരുപാട് പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും.?

ശ്രീകണ്ഠൻ എന്നാണ് കഥാപാത്രത്തിന്റെ പേര്. സിനിമയിലെ നായികയായ ശ്രീജയുടെ അച്ഛൻ കഥാപാത്രം. ഓട്ടോയുടെ പേര് ശ്രീജയെന്നാണ്, അതുകൊണ്ട് സിനിമയിൽ ശ്രീജ ചേട്ടനെന്നും വിളിക്കുന്നുണ്ട്. ഓട്ടോ ഓടിച്ചു കുടുബം നോക്കുന്ന സാധാരണക്കാരനായ കഥാപാത്രം. പ്രധാനമായും കാസർകോടുള്ളൊരു പൊലീസ് സ്േറ്റഷനെ ചുറ്റിപറ്റിയാണ് സിനിമ നടക്കുന്നത്.

ആളുകൾ ഒരുപാട് വാഴ്ത്തിയ പോത്തേട്ടൻ ബ്രില്യൻസിനെ പറ്റി?

എന്റെ നാട്ടിലുള്ളവർ സിനിമ കഴിഞ്ഞ് ഏറ്റവും കൂടുതൽ ചോദിച്ച ചോദ്യമാണിത്. പോത്തേട്ടൻ ബ്രില്യൻസ് കണ്ടുകിട്ടിയോന്ന്. ശരിക്കും ഒരു സീനിലോ സംഭാഷണത്തിലോ ഒതുങ്ങി നിൽക്കുന്നതല്ല ഈ പോത്തേട്ടൻ ബ്രില്യൻസ് എന്ന സാധനം. പുള്ളി പറയാറുണ്ട്, എനിക്ക് നന്നായി മനസ്സിലായാൽ മാത്രമേ മറ്റുള്ളവർക്ക് സിനിമ മനസ്സിലാക്കി കൊടുക്കാൻ പറ്റൂ എന്ന്. അതാണ് പുള്ളിയുടെയൊരു ബ്രില്യൻസ്. മഹേഷിന്റെ പ്രതികാരത്തിൽ കണ്ടുപിടിച്ചതൊന്നും പുള്ളി ബ്രില്യൻസിനായി ചെയ്തതല്ല. അദ്ദേഹത്തിന് മനസ്സിലായതെല്ലാം പ്രേക്ഷകർക്ക് മനസ്സിലാകണം, ആ ചിന്തയാണ് യഥാർഥത്തിൽ പോത്തേട്ടൻ ബ്രില്യൻസ്. സാധാരണക്കാരന്റെ മുഖമുള്ള ഒരു ജീനിയസാണ് അദ്ദേഹം.

prakash2

കൂടുതലും സീനിയർ സംവിധായകരുടെ കൂടെയാണ് അഭിനയിച്ചിട്ടുള്ളത്. തികച്ചും പുതിയൊരു ടീമിന്റെ കൂടെ വർക്ക് ചെയ്തപ്പോൾ എന്തു തോന്നി ?

മലയാള സിനിമയുടെ ഭാഗ്യമാണ് ഇത്തരം കൂട്ടുകെട്ടുകൾ എന്നാണ് എനിക്ക് തോന്നുന്നത്. അത്രയധികം മാനസിക അടുപ്പമുള്ളവരാണ് ഇവരെല്ലാം. എത്രമാത്രം വ്യത്യസ്തമാക്കാം എന്ന ഒരൊറ്റ ചിന്തയുടെ പുറത്താണ് അവരുടെ ടീം വർക്ക്. ഞാനൊക്കെ സിനിമയിൽ വന്ന സമയത്ത് കാണാൻ ആഗ്രഹിച്ചിരുന്ന സിനിമയുെട അന്തരീക്ഷമെല്ലാം ഈ ഒരൊറ്റ സിനിമകൊണ്ട് എനിക്ക് ലഭിച്ചു. എപ്പോഴും ഒരു പേപ്പർ കഷണവുമായി ശ്യാം അവിടെ കാണും, ഷോട്ട് എടുക്കും മുൻപ് എന്തെങ്കിലും പൊടിക്കൈകൾ ഇട്ട് സീൻ കൊഴുപ്പിക്കാൻ. വേണു സാർ സിനിമ ഷൂട്ട് ചെയ്യുന്നത് ഹൃദയം പറിച്ച് ക്യാമറയ്ക്ക് പിറകിൽ വച്ച് അതിലൂടെ നോക്കിയിട്ടാണ് എന്നെനിക്ക് തോന്നാറുണ്ട്. രാജീവ് സാറിന്റെ കൂടെ വർക്ക് ചെയ്തപ്പോഴും എനിക്കതേ തോന്നലുണ്ടായി. ഇങ്ങനെയൊരു സെറ്റ് ഞാൻ ഇതുവരെ കണ്ടിട്ടില്ല.

സിനിമയിൽ ടൈപ്പ് കാസ്റ്റഡ് ആയെന്നു തോന്നിയിട്ടുണ്ടൊ?

സ്കൂൾ ഓഫ് ഡ്രാമയിൽ തിയറ്റർ ആർട്സാണ് ഞാന്‍ പഠിച്ചത്. എന്നുമുതൽ അഭിനയിക്കണം എന്നൊരു ചിന്തയല്ലാതെ അതിന്റെ ബാധ്യതകളെ പറ്റിയൊന്നും ആലോചിച്ചിട്ടില്ല.

അങ്ങനെയൊന്നും തോന്നിയിട്ടില്ല. വേഷങ്ങളോട് ഇഷ്ടം തോന്നുമ്പോഴെ ഒരു നടന് അത് അഭിനയിക്കാൻ പറ്റുകയുള്ളൂ എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ആദ്യം സിനിമയിൽ മാനസിക വൈകല്യമുള്ള ആളായാണ് വേഷം കിട്ടിയിരുന്നത്, പിന്നീട് കൂട്ടുകാരൻ റോളുകൾ വന്നു. അങ്ങനെയിരിക്കെ ക്ഷണക്കത്തിന്റെ സെറ്റിൽ വരാമെന്ന് സമ്മതിച്ചൊരു കുട്ടി എത്തിയില്ല. അയാൾക്ക് പകരം ഞാനതിൽ അഭിനയിച്ചു, അങ്ങനെയായിരുന്നു തമാശ കഥാപാത്രങ്ങളിലേക്കുള്ള എൻട്രി.

പ്രകാശൻ എങ്ങനെ ‘വെട്ടുകിളി’ ആയി?

prakash4

ഷൺമുഖൻ എന്നൊരു പ്രൊഡക്‌ഷൻ എക്സിക്യൂട്ടിവുണ്ടായിരുന്നു, പഴയൊരു പുലി. പുള്ളിയാണ് വെട്ടുകിളി എന്ന പേര് വേണമെന്ന് നിർബന്ധം പിടിച്ചത്, സാഗാ അപ്പച്ചന്റെ മുന്നിൽ വച്ചായിരുന്നു പേരിടീൽ. ആള് മാറി പോകുമെന്ന് പറഞ്ഞായിരുന്നു അന്നവർ അങ്ങനെ തീരുമാനിച്ചത്. ഒരു പേരല്ലേ , മാറ്റിക്കോളൂ എന്ന് ഞാനും പറഞ്ഞു, അങ്ങനെ വെറും പ്രകാശൻ വെട്ടുകിളി പ്രകാശനായി.

സിനിമയ്ക്ക് പുറത്ത് ജീവിതം എങ്ങനെയാണ് ?

ഒരു കൂട്ട് വേണമെന്നൊക്കെ ചിന്തിച്ചിട്ടുണ്ട്, ജീവിത സാഹചര്യങ്ങൾ കാരണം ആ സമയത്ത് ഒന്നും നടന്നില്ല. പിന്നെയങ്ങ് ഒറ്റയ്ക്ക് ജീവിക്കാമെന്ന് വിചാരിച്ചു. തൃശൂരിൽ എന്റെയൊരു കസിൻ ബ്രദറിന്റെ കൂടെയാണ് താമസം. എൽഐസി ഏജന്റായി ജോലി ചെയ്യാൻ തുടങ്ങിയിട്ട് 20 വർഷം കഴിഞ്ഞു. പാലസ് റോഡിൽ വീടിന്റെ അടുത്ത് തന്നെയാണ് ഓഫിസും. കൃഷ്ണപ്രസാദ് എന്നൊരു സുഹൃത്താണ് എനിക്കീ ജോലി ഒപ്പിച്ച് തന്നത്. ഈ സുഹൃത്ബന്ധം കൊണ്ടാണ് ജോലിതിരക്കിനിടയിലും സിനിമയിലും നാടകത്തിലും അഭിനയിക്കാൻ കഴിയുന്നത്.

prakash3