Saturday 23 March 2019 02:06 PM IST : By സ്വന്തം ലേഖകൻ

കണ്ണുനട്ട് കാത്തിരുന്നോളൂ; ഒരാകാശവും ഇന്നുവരെ കാണാത്ത പുരസ്കാരനിശ മഴവിൽ മനോരമയിൽ!

vfa2019-images2456

മലയാളക്കര ഇന്നേവരെ കാണാത്ത ഏറ്റവും വലിയ പുരസ്കാരനിശ മഴവിൽ മനോരമയിൽ. സെറ വനിതാ ഫിലിം അവാർഡ്‌സ് 2019 ഈ വരുന്ന മാർച്ച് 30, 31 ശനിയും ഞായറും രാത്രി ഏഴു മണിക്ക് മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യും. മറക്കാതെ കാണൂ... 

ഒരാകാശവും ഇന്നുവരെയും കാണാത്ത നക്ഷത്ര തിളക്കമായിരുന്നു കൊച്ചി വില്ലിംങ്ടൻ ഐലൻഡിലെ ബ്രിസ്‌റ്റോ ഗ്രൗണ്ടിൽ ഉദിച്ചുയർന്ന ആ താരാഘോഷരാവിന്. കൊച്ചിയുടെ ഹൃദയംതൊടും താളത്തിലൊരുങ്ങിയ ഉത്സവരാവിൽ, പാട്ടിനും ആട്ടത്തിനും ആർപ്പുവിളികൾക്കുമൊപ്പം പതിനായിരക്കണക്കിന് കാണികളുടെ ആവേശവും കൂടെ ചേർന്നപ്പോൾ മേഘങ്ങൾക്കു പോലും കാഴ്ചക്കാരുടെ വേഷമായി. 

മോളിവുഡ്, ബോളിവുഡ്, ഹോളിവുഡ് താരങ്ങളുടെ നൃത്താഘോഷത്തോടെയായിരുന്നു സ്‌റ്റേജിലെ വർണവിസ്മയത്തിന് തുടക്കം കുറിച്ചത്. സണ്ണിലിയോണിന്റെ നൃത്തച്ചുവടുകൾ തുടങ്ങിയതോടെ  ദേവലോകത്തെ മായാമോഹിനിയെ നേരിട്ടു കണ്ടതിന്റെ ഉന്മാദത്തിലായിരുന്നു കാണികൾ. എന്തിരൻ 2.0 യിലെ ‘ഉയിരെ ബാറ്ററിയേ’ എന്ന ഗാനവുമായി വലിയ ടേപ് റിക്കോർഡറിൽ നിന്ന് പുറത്തെത്തിയ സണ്ണി നിമിഷങ്ങൾക്കുള്ളിൽ സ്‌റ്റേജിനെ കൈപിടിയിലൊതുക്കി. പിന്നാലെയെത്തിയതാകട്ടെ ബോളിവുഡിന്റെ മെഗാ സുന്ദരി കരീന കപൂർ. ഹിറ്റ് നമ്പറായ ‘ഫെവിക്കോൾ’ പാട്ടിനൊപ്പം കരീന ചുവടുവയ്ക്കുമ്പോൾ കാണികൾ അക്ഷരാർഥത്തില്‍ ആടിതിമിർക്കുകയായിരുന്നു.

vfa0887

‘കാട്ര് വെളിയിടെ’, ‘ചെക്ക ചെവന്ത വാനം’ എന്നീ  സിനിമകളിലൂടെ തമിഴകത്തെ മോഹിപ്പിച്ച അദിതി റാവുവിന്റേതായിരുന്ന അടുത്ത ഊഴം. ചാർട്ട് ടോപ്പർ ഗാനങ്ങളായ ‘റൗഡി ബേബി’ക്കും ‘ജിമിക്കി കമ്മലി’നുമൊപ്പം അദിതി കളം നിറഞ്ഞപ്പോൾ, തമിഴിന്റെ ഗ്ലാമർ സുന്ദരി ഹൻസിക മോട്‌വാനി റോമിയോ ജൂലിയറ്റിലെ ‘ടൺടണക്കാ’ പാട്ടുമായി കാണികളെ കോരിത്തരിപ്പിച്ചു. അവാർഡ് നിശയുടെ പ്രീ ഷൂട്ടിലെ പ്രധാന ആകർഷണം ഭാവനയും രമ്യാ നമ്പീശനും ചേർന്ന് അവതരിപ്പിച്ച നൃത്തമായിരുന്നു. 

പോയവർഷം ‘തീവണ്ടി’, ‘ലില്ലി’ എന്നീ ഹിറ്റ് സിനിമകളിലെ നായികയായെത്തി മലയാളികളുടെ  മനം കവര്‍ന്ന സംയുക്ത മേനോന്റെ ഡാൻസും വേദിയ്ക്കു  മിഴിവേകി. ഒന്നിക്കാൻ പറ്റാതെ പോയ ജാനുവിന്റെയും രാമചന്ദ്രന്റെയും ‘96’ കല്യാണ കഥയുമായി ഉല്ലാസ് പന്തളം ആൻഡ് ടീം ചിരിമേളമൊരുക്കി. നെൽസൺ– നോബി ടീമിന്റേതായിരുന്നു ചിരി മരുന്ന നിറഞ്ഞ രണ്ടാമത്തെ സ്കിറ്റ്. 

നൃത്തോത്സവത്തിന് മാറ്റു കൂടിയത് മലയാളി നടിമാരുടെ വരവോടെയായിരുന്നു. കലാസന്ധ്യകളിലെ നൃത്തചാരുത ആശാ ശരത്ത് മകൾ ഉത്തരയോടൊപ്പം ‘മനോഗതം ഭവാൻ’ എന്ന ഗാനത്തിന് ചുവടുവച്ചപ്പോൾ  മാമാങ്കം സകൂൾ ഓഫ് ഡാൻസിലെ നർത്തകരോടൊപ്പമായിരുന്നു റിമ കല്ലിങ്കലിന്റെ പ്രകടനം. ‘കുങ്കുമ നിറ സന്ധ്യ’  എന്ന ഗാനവുമായി മലയാളത്തം നിറഞ്ഞ ചിരിയുമായി അനു സിത്താര കൂടിയെത്തിയതോടെ വേദി നൃത്തഭംഗിയാൽ നിറഞ്ഞു.  

vfa234676

തികച്ചും വ്യത്യസ്തമായ പാട്ടുകൾ കോർത്തിണക്കിയതായിരുന്നു അവാർഡ് നിശയിലെ സംഗീത വിഭാഗം. ശ്രുതി ഹാസന്റെയും കൂട്ടരുടെയും തകർപ്പൻ പെർഫോമൻസായിരുന്നു അതിൽ പ്രധാനം. ഏഴാ അറിവിലെ ‘യെല്ലേലമാ’ എന്ന പാട്ടിന്റെ സ്‌റ്റൈലൈസ്ഡ് വെർഷനുമായി ശ്രുതി നിമിഷനേരംകൊണ്ട് സ്‌റ്റേജിനെ കയ്യിലെടുത്തു. ഇന്ത്യയിലെ പുതിയ സിങ്ങിങ് സെൻസേഷൻ സനാ മൊയ്ദുട്ടിയുടെ കിടിലൻ പെർഫോമൻസിന് ശേഷം തൈക്കുടം ബ്രിഡ്ജ് ‘96’ സിനിമയിലൂടെ ഒരുക്കിയ പ്രണയ മധുരം റീക്രിയേറ്റ് ചെയ്യുക കൂടി ചെയ്തതോടെ കാണികൾ സംഗീതലോകത്തു മതിമറന്നു നിന്നു.  

ഒടിയനിലെ ‘കൊണ്ടോരാം’ പാട്ടുമായി സുധീപ് കുമാർ സംഗീതാ ശ്രീകാന്ത് ജോഡികൾ കൂടി സ്‌റ്റേജിൽ എത്തിയതോടെ കാണികൾ വീണ്ടും ഫോമിലായി. അവാർഡ് നിശയ്ക്കു സംഗീതം നൽകിയത് ഒട്ടേറെ സിനിമകൾക്കു പിന്നണി നൽകിയ തേജ് മെർവിനാണ്. മലയാളി മനസ്സിൽ നിറഞ്ഞുനിന്ന താരാഘോഷം വരുന്ന മാർച്ച് 30, 31 ശനിയും ഞായറും രാത്രി ഏഴു മണിക്ക് മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യും. മറക്കാതെ കാണൂ...