Thursday 12 July 2018 02:46 PM IST

നിങ്ങളുടെ ചാറ്റിങ് മൂന്നാമതൊരാൾ അറിയുന്നുണ്ടോ? വിഡിയോ കോളിങ്ങിലെ കെണിയും തിരിച്ചറിയാം

Roopa Thayabji

Sub Editor

chat_safe

നമ്മുടെ വാട്സ്ആപ്പ്് ചാറ്റ് അതേപടി അടുത്ത കൂട്ടുകാരൻ പറയുന്നത് ഒന്നാലോചിച്ചു നോക്കൂ. ഭാര്യയുടെ ചാറ്റിങ് ഭർത്താവും ഭർത്താവിന്റെ ചാറ്റുകൾ ഭാര്യയും ഇങ്ങനെ മോണിറ്റർ ചെയ്ത സംഭവങ്ങൾ നിരവധി. നിങ്ങളോട് അടുത്ത് ഇടപഴകുന്ന പുറത്തു നിന്നൊരാളാണ് സ്വാകാര്യത ചോർത്തുന്നതെങ്കിൽ അത് പല തരത്തിൽ ദോഷകരമായി ബാധിക്കാം.

∙ വാട്സ്ആപ്പ് ഓപ്പൺ ചെയ്യുമ്പോൾ മുകളിൽ വലതു വശത്തു മൂന്നു ഡോട്സ് കാണാം. ഇതിൽ ടച്ച് ചെയ്യുമ്പോൾ വരുന്ന മൂന്നാമത്തെ ഓപ്ഷനാണ് വാട്സ്ആപ്പ് വെബ്. ഈ വെബ് ഓപ്ഷൻ ഓൺ ചെയ്തു നോക്കുക. ക്യൂആർ കോഡ് സ്കാൻ ചെയ്യുന്ന വിൻഡോ ആണ് വരുന്നതെങ്കിൽ നിങ്ങളുടെ വാട്സ്ആപ്പ് വെബ് ഡിസേബിൾഡ് ആണ്. ആരും വിവരങ്ങൾ ചോർത്തുന്നില്ലെന്ന് ഉറപ്പിക്കാം.

∙ ‘ലാസ്റ്റ് ആക്റ്റീവ് ടുഡേ അറ്റ് 12 എഎം’ എന്നോ മറ്റോ കാണിക്കുന്നുണ്ടോ. എങ്കിൽ നിങ്ങളുടെ വാട്സ്ആപ്പ് മറ്റാരോ മോണിറ്റർ ചെയ്യുന്നുണ്ട്. അവസാനം അയാൾ നിങ്ങളെ നിരീക്ഷിച്ച സമയം അനുസരിച്ചാണ് ‘ലാസ്റ്റ് സീൻ’ മാറിമാറി വരുന്നത്. ലാസ്റ്റ് ആക്റ്റീവ് ടുഡേ’ കാണുന്നുണ്ടെങ്കിൽ ആരുടെ ഫോണിലാണ് നമ്മൾ കണക്റ്റഡ് ആയിരിക്കുന്നത് എന്നു കൃത്യമായി അറിയാനാകില്ലെങ്കിലും ആരുമായെങ്കിലും കണക്റ്റഡ് ആണോ എന്ന് അറിയാനാകും.

∙ ഇങ്ങനെ കാണിക്കുന്നുണ്ടെങ്കിൽ ഏതോ കംപ്യൂട്ടറിൽ നിങ്ങളുടെ വാട്സ്ആപ്പ് സിങ്ക് ആയി കിടപ്പുണ്ടെന്നാണ് അർഥം. ആ കംപ്യൂട്ടർ ഉപയോഗിക്കുന്ന ആളിന്റെ നിരീക്ഷണത്തിലാണ് നിങ്ങൾ. അങ്ങനെ കണ്ടാൽ വാട്സ്ആപ്പിലെ വെബ് ഓപ്ഷൻ സെറ്റിങ്സിലെ ലോഗ‍‍ൗട്ട് ഓപ്ഷൻ ഉപയോഗിച്ച് ഉടൻ തന്നെ ലോഗൗട്ട് ചെയ്യുക.

∙ നിങ്ങളുടെ ഫോൺ അൺലോക്ക് ആയിരുന്ന സമയത്ത് വാട്സ്ആപ്പ് വെബ് എടുത്ത് ക്യുആർ കോഡ് മറ്റാരോ സ്കാൻ ചെയ്ത് കംപ്യൂട്ടറിൽ വാട്സ്ആപ്പ് വെബ് ആക്റ്റിവേറ്റ് ആക്കിയതാകാം.

wtsp_web

∙ ഗൂഗിൾ പ്ലേസ്റ്റോറിൽ വാട്സ് സ്കാൻ എന്ന അപകടകാരിയായ ആപ്ലിക്കേഷനുണ്ട്. അത് ഇൻസ്റ്റാൾ ചെയ്യുന്നവർക്ക്് ചോർത്താൻ കംപ്യൂട്ടർ പോലും വേണ്ട. ഫോൺ മാത്രം മതി. ഈ ആപ്ലിക്കേഷനുപയോഗിച്ച് മറ്റൊരാളുടെ വാട്സ്ആപ് ക്യുആർ കോഡ് സ്കാൻ ചെയ്യാൻ മിനിറ്റുകൾ മതി. പിന്നെ, ഈ ഫോണിലെ ചാറ്റുകളുടെ കോപ്പി തൽസമയം ആ ഫോണിലും എത്തും. ലോഗ് ഒൗട്ടിൽ കയറി ഇത് ബ്ലോക്ക് ചെയ്യാം.

∙ഫോണിലെ സ്വകാര്യതയ്ക്കു പ്രാധാന്യം നൽകുന്നവർ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ ഒരു നിമിഷം പോലും ഫോൺ അൺലോക്ക് ചെയ്തു വയ്ക്കരുത്.

വിഡിയോ ചാറ്റും മാനനഷ്ടവും

‘പ്രേതം’ സിനിമ റിലീസായപ്പോൾ ഏറ്റവും കൈയടി കിട്ടിയിട്ടുണ്ടാകുക ആര്യ വിഡിയോ ചാറ്റിൽ വരുന്ന സീനിനാകും. ഇതു പോലെ വിഡിയോ ചാറ്റിലൂടെ വിദേശത്തുള്ള കാമുകിക്ക് ശരീരം തുറന്നുകണിച്ചു കൊടുത്ത് പണി കിട്ടിയ ഒരാൾക്ക് ഇപ്പോൾ പുറത്തിറങ്ങാനാകാത്ത അവസ്ഥയാണ്. നമ്മൾ പ്രതീക്ഷിക്കുന്നതിലുമപ്പുറമാണ് ഇവിടെ സംഭവിച്ചത്.

വിദേശിയായ കാമുകിയെ ഇയാൾ കണ്ടെത്തിയത് ഫെയ്സ്ബുക് വഴിയാണ്. ഗൾഫിലെ ജോലിക്കിടെ അത്യാവശ്യം ചാറ്റിങ്ങും സ്കൈപ്പും വിഡിയോ കോളുമൊക്കെയായി ബന്ധം നന്നായി പൂത്തുലഞ്ഞു. ഇരുവരും വിഡിയോ ചാറ്റിലൂടെ പരസ്പരം തുറന്നുകാട്ടാൻ ബാക്കിയൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ, കുറച്ചു ദിവസത്തിനുള്ളിൽ ഇയാൾക്ക് വാട്സ് ആപ്പിൽ ഒരു വിഡിയോയുടെ ലിങ്ക് കിട്ടി.

ചാറ്റിനിടെ നഗ്നത പ്രദർശിപ്പിക്കുന്ന അയാളുടെ വിഡിയോ ഫെയ്സ്ബുക് പേജിൽ അപ്‌ലോഡ് ചെയ്യാതിരിക്കാൻ രണ്ടുലക്ഷം രൂപ വേണമെന്നായിരുന്നു ആവശ്യം. പരിഭ്രാന്തനായ യുവാവ് സ്വന്തം ഫെയ്സ്ബുക് അക്കൗണ്ട് തന്നെ ഡീആക്ടിവേറ്റ് ചെയ്തു. ആശ്വസിച്ചിരിക്കുന്നതിനിടെ സുഹൃത്താണ് അക്കൗണ്ടിൽ നഗ്നവിഡിയോ കണ്ടു എന്നു പറഞ്ഞ് വിളിച്ചത്. ഡീആക്റ്റിവേറ്റ് ചെയ്ത അക്കൗണ്ടിന്റെ അതേ പേരിൽ തന്നെ പുതിയ അക്കൗണ്ട് വ്യാജമായി നിർമിച്ച് വിഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. ആവശ്യപ്പെട്ട പണം നൽകി പ്രശ്നം അവസാനിപ്പിച്ചെങ്കിലും ഇടയ്ക്കിടെ വീണ്ടും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുന്നു എന്നായിരുന്നു യുവാവിന്റെ പരാതി. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമിടയിൽ മാനക്കേട് കാരണം ഇറങ്ങിനടക്കാൻ പറ്റാത്ത അവസ്ഥയിലുമായിരുന്നു ഇയാൾ.

∙ മിക്കവാറും പുരുഷന്മാർ അകപ്പെടുന്ന കെണിയാണിത്. സ്ത്രീകളും ഇതിൽ പെടാം. പുരുഷന്മാരോടു പണം ആവശ്യപ്പെടുമ്പോൾ സ്ത്രീകളോട് ആവശ്യപ്പെടുന്നത് പണവും മറ്റു പലതുമാകാം. ഇത്തരം ലക്ഷ്യത്തോടെ നമ്മുടെ ഫെയ്സ്ബുക് ഫ്രണ്ടായി മാറുന്നവർ നമ്മുടെ സുഹൃത്തുക്കളെയും ചിലപ്പോൾ ഫ്രണ്ടാക്കും.

∙ നമ്മൾ അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങളും പോസ്റ്റുകളും ഡൗൺലോഡ് ചെയ്തു സൂക്ഷിക്കും. ഫ്രണ്ട്സിനെ കാണാൻ പറ്റാത്ത തരത്തിൽ സെക്യൂരിറ്റി സെറ്റിങ്സ് ഇട്ടിട്ടുണ്ടെങ്കിൽ നമ്മുടെ പോസ്റ്റുകൾക്ക് പതിവായി കമന്റ് ചെയ്യുന്നവരെ നോക്കിവച്ച് സുഹൃത്തുക്കളാക്കും.

∙ സാധാരണ ചാറ്റിങ്ങിൽ തുടങ്ങി പതിയെ ദ്വയാർഥങ്ങളിലേക്കും അശ്ലീല സംഭാഷണങ്ങളിലേക്കും നയിക്കും. പിന്നീട് സെക്സ് ചാറ്റിലേക്ക് കടക്കും.

∙ IMO ലോ സ്കൈപ്പിലോ വിഡിയോ ചാറ്റ് വരാൻ ആവശ്യപ്പെടുന്നതാണ് അടുത്ത ഘട്ടം. സ്വന്തം നഗ്നത നിങ്ങൾക്കു കാട്ടിത്തന്ന് നിങ്ങളോടും അതുപോലെ ചെയ്യാൻ ആവശ്യപ്പെടും.

∙ കാണുന്ന വിഡിയോ നമ്മൾ ചാറ്റു ചെയ്യുന്ന ആളിന്റേ തു പോലുമാകില്ല. ഫേക്ക് വിഡിയോ പ്രദർശിപ്പിക്കാവുന്ന പല ആപ്ലിക്കേഷനുകളും ഇന്നുണ്ട്. എന്നാൽ നഗ്നചാറ്റ് ചെയ്യുന്ന ആളുടേത് ഇവർ റിക്കോർഡ് ചെയ്യും.

∙ റിക്കോർഡ് ചെയ്ത നഗ്നവിഡിയോ യുട്യൂബിൽ പ്രൈവറ്റായി അപ്‌ലോഡ് ചെയ്ത് ലിങ്ക് ഇരയ്ക്ക് അയയ്ക്കുന്നതാണ് ഭീഷണിയുടെ ആദ്യ പടി. ഈ ലിങ്ക് നമ്മുടെ അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുമെന്നും അങ്ങനെ ചെയ്യാതിരിക്കാൻ പണം നൽകണമെന്നും ആവശ്യപ്പെടും.

∙ മിക്കവരും പേടി കാരണം അപ്പോൾ തന്നെ സ്വന്തം ഫെയ്സ്ബുക് അക്കൗണ്ട് ഡീആക്റ്റിവേറ്റ് ചെയ്യും. ഇതിനുവേണ്ടിയാണ് അവർ കാത്തിരിക്കുന്നതും. ഇരയുടെ പേരിൽ വ്യാജ ഫെയ്സ്ബുക് അക്കൗണ്ട് ഉണ്ടാക്കുകയാണ് അടുത്തപടി. ഇര പ്രൊഫൈൽ ഡീആക്റ്റിവേറ്റ് ചെയ്തു എന്നു മനസ്സിലാക്കിയാൽ ഉടൻ തന്നെ അവർ അതേ പേരിൽ പുതിയ പ്രൊഫൈൽ ക്രിയേറ്റ് ചെയ്യും.

∙ സ‍‍ൗഹ‍ൃദത്തിലായിരുന്ന സമയത്ത് തന്നെ നിങ്ങളുടെ ഫോട്ടോസ് എല്ലാം അവർ സേവ് ചെയ്ത് വച്ചിട്ടുണ്ടാകും. അതെല്ലാം ഉപയോഗിച്ചുള്ള പ്രൊഫൈലിൽ നിന്ന് നിങ്ങളുടെ ഫ്രണ്ട് ലിസ്റ്റിലുള്ള സുഹൃത്തുക്കൾക്കെല്ലാം റിക്വസ്റ്റ് അയയ്ക്കും. ഭൂരിഭാഗം പേരും ചിത്രവും പേരും കാണുമ്പോൾ തന്നെ സംശയിക്കാതെ റിക്വസ്റ്റ് സ്വീകരിക്കും.

∙ അവർ ക്രിയേറ്റ് ചെയ്ത നമ്മുടെ വ്യാജപ്രൊഫൈലിൽ ഈ വിഡിയോ പോസ്റ്റ് ചെയ്യും. ഫ്രണ്ട് ലിസ്റ്റിലെ സുഹൃത്തുക്കൾക്ക് മെസേജ് ആയും ലിങ്ക് അയയ്ക്കും.

∙ പുതിയ അക്കൗണ്ട് വ്യാജമാണെന്നു ഫെയ്സ്ബുക്കിൽ റിപ്പോർട്ട് ചെയ്താലും നിലവിലുള്ള അക്കൗണ്ട് ആണ് ശരിയായത് എന്നാകും ഫെയ്സ്ബുക്ക് റേറ്റ് ചെയ്യുക.

∙ വ്യാജ പ്രൊഫൈൽ ക്രിയേറ്റ് ചെയ്യപ്പെട്ടു എന്നു സംശയം തോന്നിയാലോ ഇത്തരത്തിലുള്ള ഭീഷണി ഉണ്ടായാലോ ഒരു കാരണവശാലും ശരിയായ അക്കൗണ്ട് ഡീആക്റ്റിവേറ്റ് ചെയ്യാൻ പാടില്ല. പുതിയ അക്കൗണ്ട് നീക്കം ചെയ്യിക്കുന്നതിന് പഴയ അക്കൗണ്ട് നിലനിർത്തേണ്ടത് അത്യാവശ്യമാണ്.

∙പ്രലോഭനങ്ങൾക്കു പിന്നിൽ ഇത്തരം ചതിക്കെണികൾ ധാരാളമുണ്ടെന്ന് മനസ്സിലാക്കി അത്തരം സാഹചര്യങ്ങളിൽ ഒരു കാരണവശാലും ഒരു തവണ പോലും ചെന്നുപെടില്ലെന്ന് ഓരോരുത്തരും സ്വയം മനസ്സിൽ ഉറപ്പിക്കണം.

വിവരങ്ങൾക്ക് കടപ്പാട്– രതീഷ് ആർ. മേനോൻ,
സോഷ്യൽ മീഡിയ, മൊബൈൽ ആപ്ലിക്കേഷൻ വിദഗ്ധൻ.

തുടരും...