Tuesday 30 June 2020 12:00 PM IST : By സ്വന്തം ലേഖകൻ

'എനിക്ക് ശ്വാസമെടുക്കാൻ പറ്റുന്നില്ലച്ഛാ... അവരെനിക്ക് ഓക്സിജന്‍ തരുന്നില്ല, ഹൃദയം നിലച്ചുപോകുന്നു'; മരിക്കുന്നതിന് തൊട്ടുമുൻപ് അച്ഛനയച്ച വിഡിയോ സന്ദേശത്തിൽ മകൻ പറഞ്ഞത്

109484094_s-1-e1584525652779 Representative Image

"എനിക്ക് ശ്വാസമെടുക്കാൻ പറ്റുന്നില്ലച്ഛാ... മൂന്നു മണിക്കൂറായി അവരെനിക്ക് ഓക്സിജൻ തരുന്നത് നിർത്തിയിട്ട്, ഞാൻ കുറേ പറഞ്ഞുനോക്കി, എന്റെ ഹൃദയം നിലച്ച പോലെ... ഞാൻ പോവുകയാണ്, എല്ലാവർക്കും ബൈ..."- ഹൈദരാബാദിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരു കോവിഡ് രോഗിയുടെ അവസാന വാക്കുകളായിരുന്നു ഇവ. മരിക്കുന്നതിന് തൊട്ടുമുൻപ് അച്ഛനയച്ച വിഡിയോ സന്ദേശത്തിലായിരുന്നു യുവാവ് തന്റെ ദുരവസ്ഥ പറഞ്ഞത്.

അച്ഛന് സന്ദേശം അയച്ചു ഒരു മണിക്കൂറിന് ശേഷം മുപ്പത്തിനാലു വയസ്സുകാരനായ യുവാവ് മരണപ്പെട്ടു. ഇക്കാര്യം ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിക്കുകയും ചെയ്തു. മരണശേഷമാണ് യുവാവിന് കോവിഡ് സ്ഥിരീകരിച്ചത്. മകന്റെ അന്ത്യകര്‍മ്മങ്ങള്‍ കഴിഞ്ഞു മടങ്ങിയെത്തിയ ശേഷമാണ് അച്ഛൻ മകനയച്ച വിഡിയോ കാണുന്നത്.

തന്റെ മകന് സംഭവിച്ചത് മറ്റൊരാൾക്കും സംഭവിക്കരുതെന്ന് അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു. എന്തുകൊണ്ടാണ് മകന് ഓക്സിജൻ നിഷേധിച്ചതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കണം. മറ്റേതെങ്കിലും രോഗിയുടെ ജീവൻ രക്ഷിക്കുന്നതിനു വേണ്ടിയാണോ മകന് ചികിത്സ നിഷേധിച്ചതെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

യുവാവിന് പത്തോളം സ്വകാര്യ ആശുപത്രികൾ ചികിത്സ നിഷേധിച്ചിരുന്നു. തുടർന്നാണ് സർക്കാർ ആശുപത്രിയിൽ യുവാവിനെ പ്രവേശിപ്പിച്ചത്. മാതാപിതാക്കൾ, ഭാര്യ, സഹോദരൻ, ഭാര്യാസഹോദരൻ എന്നിവരുമായി യുവാവ് സമ്പർക്കത്തിലേർപ്പെട്ടിട്ടുണ്ട്. കുടുംബത്തിലെ ആർക്കും ഇതുവരെ കോവിഡ് പരിശോധന നടത്തിയിട്ടില്ല. ഒമ്പതും പന്ത്രണ്ടും വയസുള്ള കുട്ടികൾ വീട്ടിലുണ്ടെന്നും അച്ഛനെ നഷ്ടപ്പെട്ട വിവരം മക്കളെ ഇതുവരെ അറിയിച്ചിട്ടില്ലെന്നും പിതാവ് പറഞ്ഞു. 

Tags:
  • Spotlight