Saturday 19 February 2022 11:39 AM IST

‘എന്റെ മരണം എന്റെ കയ്യിലാണ്, നാലാളറിയണം ബാലാജി മരിച്ചെന്ന്’: മരണത്തിന് മുമ്പ് ചേട്ടൻ പറഞ്ഞത്: മോഹന പറയുന്നു

Shyama

Sub Editor

vijayan-mohana

വിജയൻ ഇല്ലാതെ, മോഹന മാത്രമായി കൊച്ചിയിലെ ‘ശ്രീ ബാലാജി’ കോഫിഹൗസ് ആദ്യമായി തുറന്ന ദിവസമാണ്. രാമേശ്വരത്ത് വിജയന്റെ അസ്ഥിനിമഞ്ജന ചടങ്ങുകൾ കഴിഞ്ഞ് തലേന്ന് വീട്ടിലെത്താൻ വൈകി. കട തുറന്നപ്പോൾ ഉച്ചയായി. ആളുകൾ പതിവു പോലെ എത്തുന്നു. ചായക്കടയിൽ നിന്നുള്ള വരുമാനം കൊണ്ട് ഒരുമിച്ചു ലോകം ചുറ്റിയ ദമ്പതികൾ. വിജയന്റെ വേർപാടിലും അദ്ദേഹത്തിന്റെ സ്വപ്നങ്ങളിലൂടെ യാത്ര തുടരുകയാണ് മോഹന.

‘‘ഞാൻ കരഞ്ഞിരിക്കുന്നത് ചേട്ടന് ഇഷ്ടപ്പെടില്ല. ചിരിക്കുന്നതാണ് എ പ്പോഴും ഇഷ്ടം. ജീവിതം മുഴുവൻ ഓർക്കാനുള്ള ഓർമകൾ തന്നിട്ടല്ലേ പോയത്. പിന്നെ, ഞാൻ എന്തിനു കരയണം? പറയാതെ എവിടെയോ യാത്ര പോയി എന്നാണ് എനിക്ക് തോന്നുന്നത്. കാൻസറിനെ വിജയേട്ടൻ ഭയപ്പെട്ടിരുന്നില്ല. പറഞ്ഞു വച്ചതൊക്കെ എനിക്ക് ചെയ്യണം. ചേട്ടൻ കണ്ട സ്വപ്നങ്ങളിലൂടെ എന്നെക്കൊണ്ടാകുംപോലെ മുന്നോട്ടു പോകണം. അതിന് കട തുറന്നേ പറ്റൂ. ഇവിടുന്നാണ് ഞങ്ങൾ എല്ലാം തുടങ്ങിയത്.’’ മോഹന വിജയന്റെ ചിത്രങ്ങളിലേക്കു നോക്കി, അവസാനം തൊട്ട പുസ്തകങ്ങളിലേക്കും.

‘‘ഇനി ഏഴു ജന്മമുണ്ടെങ്കിലും ഈ മനുഷ്യനെ തന്നെ ഭർത്താവായി കിട്ടണം’’ തന്നെ കെട്ടിപ്പിടിച്ച് നിൽക്കുന്ന വിജയന്റെ ചിത്രം നോക്കി മോഹന.

ചായയ്ക്കും ചെറുകടിക്കും ആവശ്യക്കാരെത്തി. സഹായിക്കാൻ ഒപ്പം മകൾ ഉഷയും മരുമകൻ മുരളിയുമുണ്ട്.

സ്വപ്നം ജീവിതമാക്കിയ മനുഷ്യൻ

‘കണ്ണുള്ളപ്പോൾ കാണുക, ആരോഗ്യമുള്ളപ്പോ ആസ്വദിക്കുക’ അതായിരുന്നു ചേട്ടൻ ജീവിതം കൊണ്ട് പഠിപ്പിക്കാൻ ശ്രമിച്ച പാഠം. എന്തിനും ലക്ഷ്യം വേണം. ഉറച്ച മനസ്സ് വേണം. ചേട്ടന് അതുണ്ടായിരുന്നു. തീരെ ചെറുപ്പം മുതലേ യാത്രയാണ് ഇഷ്ടം. ഒൻപത് വയസ്സിൽ ശബരിമലയ്ക്ക് പോയി തുടങ്ങിയ യാത്രയാണ്...

ആളുകൾ പല തരത്തിലല്ലേ. പലരും പണം സൂക്ഷിച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നവരാണ്. നാളെ എന്തു ചെയ്യും എന്നോർത്ത് വേവലാതിപ്പെട്ട് ഇന്നിൽ ജീവിക്കുന്നവരാണ് ഭൂരിപക്ഷവും. വിജയേട്ടൻ നാളയെ പറ്റി ചിന്തിക്കാറില്ല. ഇന്നിൽ ജീവിച്ച മനുഷ്യൻ!

രാജ്യം കാണുക എന്നതായിരുന്നു ഏറ്റവും വല്യ മോ ഹം. ഓരോ നാടും കാണണം. ആളുകളെ പരിചയപ്പെടണം. അവിടത്തെ രീതികൾ അറിയണം. ഒരു രാജ്യം കണ്ടിരിക്കെ അടുത്ത യാത്ര പ്ലാൻ ചെയ്യും. പ്ലാനിട്ടാൽ പിന്നെ, അത് നടത്താനുള്ള ശ്രമമാണ്. പുതിയ ട്രിപ് പാക്കേജ് വരുമ്പോൾ ട്രാവൽസ് പലരും വിളിക്കും. ‘‘ബാലാജി ചേട്ടാ (കടയുടെ പേരു ചേർത്താണ് മിക്കവരും വിളിക്കാറ്) ദേ, ഇങ്ങനൊരു ട്രിപ് വരുന്നുണ്ട്... വരാൻ താൽപര്യമുണ്ടോ’ എന്നൊക്കെ. ‘ഞങ്ങൾ തയാറാണ്’ എന്നും പറഞ്ഞ് ബുക്ക് ചെയ്യും. ബുക്കിങ് കഴിഞ്ഞാണ് എന്നോട് പറയുന്നത്.

അവസാനം റഷ്യയിൽ പോയപ്പോൾ കുറച്ച് കഷ്ടപ്പെട്ടു. മുൻപത്തെ അസുഖത്തിൽ (കാൻസർ) നിന്ന് ഒരു കൊല്ലം മുൻപേ രക്ഷപ്പെട്ടതാണ്. എങ്കിലും എല്ലാ മാസവും ചെക്കപ്പിനു പോകും. ‘തണുപ്പ് താങ്ങാൻ കഴിയുമോ? അടുത്ത വർഷം പോയാൽ പോരേ?’ ചെക്കപ്പിനു ചെന്നപ്പോൾ ഡോക്ടർ ചോദിച്ചു. ‘അടുത്ത കൊല്ലം ഞാനില്ലെങ്കിലോ... എനിക്ക് പോയേ തീരൂ’ എന്ന് കടുംപിടുത്തം പറഞ്ഞു.

റഷ്യ കണ്ടിരിക്കെ തന്നെ ജപ്പാൻ യാത്ര മനസ്സിൽ കയറിയിരുന്നു. ഒരുമിച്ചുള്ള ആ യാത്ര നടന്നില്ല. പക്ഷേ, ആ സ്വപ്നം എനിക്ക് സാധിച്ചെടുക്കണം. ചേട്ടൻ എന്റെ ഒപ്പമുണ്ടാകും.

ഇപ്പോഴും മനോരമ ഓൺലൈൻ വിഡിയോ യൂട്യൂബിൽ കാണാറുണ്ട്. ചേട്ടൻ മുന്നിൽ നിന്ന് സംസാരിക്കും പോലെ തോന്നും’’ കരയരുതെന്ന് ഉറപ്പിച്ചിട്ടും മോഹനയുടെ കണ്ണുകൾ നിറയുന്നു. സാരിത്തലപ്പ് കൊണ്ട് കണ്ണു തുടച്ചിട്ട് അടുപ്പിലെ തീ കൂട്ടി.

vijayan-1-mohana

സ്വപ്നം കാണാൻ പഠിപ്പിച്ച മനുഷ്യൻ

‘‘ചേട്ടനെയും ചേച്ചിയെയും പറ്റി കേട്ട് ഞങ്ങൾക്കും യാത്ര പോകണം എന്നുണ്ട്. എന്തു ചെയ്യും? എങ്ങനെ പണം മാറ്റി വയ്ക്കും?’ എന്നൊക്കെ പലരും ചോദിക്കാറുണ്ട്. ഒരസുഖം വന്നാൽ എല്ലാവരും എങ്ങനെയും പണമുണ്ടാക്കി ചികിത്സ തേടില്ലേ? ആവശ്യവും ആഗ്രഹവുമാണ് ലക്ഷ്യം നേടാൻ പ്രധാനം. ദിവസവും കിട്ടുന്നതിലൊരു തുക മാറ്റി വയ്ക്കൂ എന്നാണ് ഞങ്ങൾ മറുപടി പറയാറുള്ളത്. കടമെടുത്തും പണയം വച്ചും ഒക്കെ ഞങ്ങൾ യാത്ര പോയിട്ടുണ്ട്. അതൊക്കെ പണിയെടുത്ത് വീട്ടും.

ചേട്ടനു യാത്ര ജീവനാണ്. എനിക്ക് അതിന് ഒപ്പം നിൽക്കാൻ പറ്റി. പണ്ട് എന്നോടു പറയാതെ ഒറ്റപ്പോക്ക് പോകു മ്പോഴും ഭർത്താവിനോട് എങ്ങനെ ക്ഷമിക്കാൻ കഴിഞ്ഞുവെന്ന് ചിലർ ചോദിക്കാറുണ്ട്. അതിനൊരുത്തരമേയുള്ളൂ, എനിക്കും യാത്ര അത്രയ്ക്ക് ഇഷ്ടമായിരുന്നു.

പെൺകുട്ടികൾക്ക് അങ്ങനൊരു ആഗ്രഹം വരുന്നത് പോലും തെറ്റാണെന്ന് പഠിപ്പിക്കുന്ന സാഹചര്യത്തിലാണ് ജീവിച്ചത്. എന്റെ വീട്ടിൽ ഞങ്ങൾ അഞ്ചു മക്കളായിരുന്നു. അന്നൊക്കെ വീട്ടിൽ യാത്ര പോകണം എന്ന് പറയുമ്പോൾ എന്റെ അമ്മേടെ അമ്മ പറയും. ‘മോളേ നീ വിഷമിക്കേണ്ട. നിന്റെ ഭർത്താവുമൊത്ത് യാത്ര ചെയ്ത് നിന്റെ മനസ്സ് നിറയും. അപ്പോ നീ എന്നെ ഓർക്കും.’ ഇത് പതിനാലാം വയസ്സിലാണ് പറഞ്ഞത്. അന്നൊക്കെ ഹൊ! ഇത് സത്യമായാൽ മതി എന്നോർത്തിരുന്നു. കല്യാണം കഴിഞ്ഞ് ആദ്യം തിരുപ്പതി യാത്രയ്ക്ക് പോയപ്പോൾ അമ്മൂമ്മയെ ഓർത്തു.

2007ൽ തിരുപ്പതിയിൽ തൊഴുത് ആ മൈതാനത്തിൽ ഇരിക്കുമ്പോൾ തലയ്ക്കു മുകളിലൂടെ ഒരു വിമാനം പറന്നു പോയി. ‘എനിക്കും ഇതിലൊന്ന് കേറണല്ലോ’ എന്ന് ചേട്ടൻ ആഗ്രഹം പറഞ്ഞു. അതു കേട്ട് അന്ന് കൂട്ടത്തിലുള്ളവർ കളിയാക്കി, ‘ഇതൊന്നും നമുക്ക് പറഞ്ഞിട്ടുള്ളതല്ല പണക്കാർക്കുള്ളതാ’ എന്ന്.

ആ യാത്ര കഴിഞ്ഞ് തിരികെ വന്നതും ടിവിയിൽ സ്വാമി സന്ദീപാനന്ദഗിരി നടത്തുന്ന വിശുദ്ധ നാടുകളിലേക്കുള്ള യാത്രയുടെ പരസ്യം കണ്ടു. അപ്പോൾ തന്നെ ചേട്ടൻ അത് ബുക്ക് ചെയ്തു. എന്നോട് കുറച്ച് പൈസ വേണം എന്ന് പറഞ്ഞു. കാശൊക്കെ എന്നെ ഏൽപ്പിക്കും, ചോദിക്കുമ്പോൾ കൊടുക്കും. ബാക്കി ലോൺ എടുക്കും. ഇസ്രയേൽ, ഈജിപ്ത്, ദുബായ് ഒക്കെയാണ് ആദ്യകാല വിശുദ്ധയാത്രകൾ. എനിക്ക് 21ഉം ചേട്ടന് 22 ഉം വയസ്സുള്ളപ്പോഴായിരുന്നു ഞങ്ങളുടെ കല്യാണം.

സദാ യാത്രക്കാരനായ ചേട്ടൻ കല്യാണത്തോടെ കുറച്ച് മാറും എന്നായിരുന്നു അദ്ദേഹത്തിന്റെ അച്ഛന്റെ പ്രതീക്ഷ. ഒടുവിൽ ഞങ്ങൾ രണ്ടും യാത്രക്കാരായി. ഇതുവരെ 26 രാജ്യങ്ങളിൽ പോയി.

രണ്ട് പെൺകുട്ടികളാണ് ഞങ്ങൾക്ക്, ശശികലയും ഉഷയും. അവരുടെ പഠനവും ജോലിയും കല്യാണവുമൊക്കെ കഴിഞ്ഞാണ് ഞങ്ങൾ വിദേശയാത്ര പോകാന്‍ തുടങ്ങിയത്. അവസാനം 2021 ഒക്ടോബറിൽ റഷ്യയ്ക്ക് പോയത് ഞങ്ങൾ എല്ലാവരും കൂടിയാണ്. മക്കളും മരുമക്കളും പേര മക്കളും ചേർന്ന് ഒൻപത് പേർ. സാന്റാമോണിക്കാ ട്രാവൽസ് ഞങ്ങൾ രണ്ടാളുടെയും ടിക്കറ്റ് തന്നു. ബാക്കി ഇൻസ്റ്റാൾമെന്റായി അടയ്ക്കും.

vijayan-14

സ്വപ്നത്തിലേക്ക് നടന്ന മനുഷ്യൻ

റഷ്യയിൽ പോയി അടുത്ത ദിവസം കട തുറന്നു. അവിടെ തണുപ്പ് അസഹ്യമായിരുന്നു. തിരികെ വന്നിട്ട് ചേട്ടന് ശരീരത്തിൽ സോഡിയം കുറയുന്ന കാരണം മറവി ഉണ്ടായിരുന്നു. അന്ന് അവസാന ദിവസം ഞാൻ പച്ചരി ദോശയുണ്ടാക്കി ചേട്ടന് കൊടുത്തു. അതിനിടെ ഗ്യാസ് തീർന്നു. സിലിണ്ടറൊന്ന് മാറ്റി വയ്ക്കാൻ പറഞ്ഞിട്ട് കേൾക്കുന്നില്ല.

മുറിയിലെ സാധനങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും മാറ്റിയിടുന്നു. അന്നേരം എനിക്കെന്തോ പന്തികേട് തോന്നി. അടുത്ത വീട്ടിലെ ചേച്ചിയെ വിളിക്കാനിറങ്ങിയതും ചേട്ടനും വന്നു. മുറ്റത്തു വച്ച് ഫിറ്റ്സ് വന്നു. അടുത്തുള്ളവർ ചേർന്ന് ആശുപത്രിയിലെത്തിച്ചു. അവിടെ വച്ച് ഹാർട്ട്അറ്റാക്ക്, ചേട്ടൻ പോയി.

അവസാന രണ്ടു ദിവസം ഭയങ്കര ദേഷ്യമായിരുന്നു. വിചാരിക്കുന്ന പോലെ ശരീരം എത്തുന്നില്ല എന്നുള്ള വെപ്രാളവും വിഷമവും കാണും.

‘എന്റെ മരണം എന്റെ കയ്യിലാണ്. നാലാളറിയണം ബാലാജി മരിച്ചെന്ന്’ എന്നൊക്കെ പറയും. അതുപോലെ തന്നെയായിരുന്നു, എത്ര മനുഷ്യ രാണ് അവസാനമായി കാണാൻ വന്നത്...

vijayan-mohana-new

ഞങ്ങൾ തമ്മിൽ ചെറിയ പിണക്കങ്ങളല്ലാതെ വലിയ വഴക്കുകൾ ഉണ്ടായിട്ടില്ല. ഞങ്ങൾ തീർത്തും പാവപ്പെട്ട കുടുംബമാണ്. അതുകൊണ്ട് അന്നന്ന് അധ്വാനിക്കുന്ന പണം സ്വരുക്കൂട്ടിയും ചിട്ടിക്ക് ചേർന്നും ലോണെടുത്തുമൊക്കെയാണ് യാത്ര പോയത്. കുറേ കഴിഞ്ഞാണ് പലരും സഹായിക്കാൻ തുടങ്ങിയത്. എല്ലാവരോടും നന്ദി...

ഇതുവരെ പോയതിൽ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം ന്യൂസീലൻഡാണ്. സമാധാനമുള്ള സ്ഥലം. എനിക്ക് ഇഷ്ടമുള്ള കാര്യങ്ങളാണ് അങ്ങേർക്കും ഇഷ്ടം. എന്നെ അത്രയ്ക്ക് ഇഷ്ടപ്പെട്ട മറ്റൊരാളില്ല.’’ മോഹനയുടെ മുന്നിലെ വിജയന്റെ ചിത്രം കടയിലെ ഗ്ലോബിൽ പ്രതിഫലിക്കുന്നു...

ശ്യാമ

ഫോട്ടോ: ബേസിൽ പൗലോ