Friday 27 May 2022 11:13 AM IST : By സ്വന്തം ലേഖകൻ

പാഴ് വസ്തുക്കൾ കൊണ്ട് ചങ്ങാടവും അതിൻമേൽ വീടുമൊരുക്കി പുഴയിൽ താമസം; വെളളത്തിൽ ഓളമിട്ട് വിജേഷിന്റെ ചങ്ങാടം വീട്!

puzhaveedu788

പാഴ് വസ്തുക്കൾ കൊണ്ട് ചങ്ങാടവും ഇതിൻമേൽ വീടുമൊരുക്കി പുഴയിൽ താമസമാക്കിയിരിക്കുകയാണ് ദമ്പതികൾ. എരുമപ്പെട്ടി കുമ്പളങ്ങാട് കടമാംകുളം വീട്ടിൽ വിജേഷും ഭാര്യ അയനയുമാണ് വാഴാനി പുഴയിൽ ചങ്ങാടം വീട്ടിൽ കഴിയുന്നത്. സിനിമാ മേഖലയിൽ ആർട് വർക്കുകൾ ചെയ്തുവരുന്ന വിജേഷിന്റെ സ്വപ്നമായിരുന്നു ചങ്ങാടത്തിലെ വീട്. ഇതിനായി പഴയ പ്ലാസ്റ്റിക് കന്നാസുകൾ നിരത്തി അടുക്കി കെട്ടിയാണ് ചങ്ങാടം നിർമിച്ചത്. 

ഗ്ലാസുകൾ കൊണ്ടുവരുന്ന മരത്തിന്റെ വലിയ ഫ്രെയിമുകളും ‍ടാർപോളിൻ ഷീറ്റും സാരികളടക്കമുള്ള തുണികളും ഉപയോഗിച്ച് വീടു നിർമിച്ചു. ഒരു മാസത്തോളം വേണ്ടി വന്നു നിർമാണത്തിന്. ഭക്ഷണം പാകം ചെയ്യുന്നതിനും കഴിക്കുന്നതും ഉറങ്ങുന്നതുമെല്ലാം ഇതിനുള്ളിൽ തന്നെ. 

ഒരു കിടപ്പുമുറിയും പുറംകാഴ്ചകൾ കാണുന്നതിനും ഭക്ഷണം പാകം ചെയ്യുന്നതിനും ആരെങ്കിലും വീട്ടിൽ എത്തിയാൽ ഇരിക്കാനായി വീടിന്റെ മുൻവശത്ത് കുറച്ച് സ്ഥലവും ഒരുക്കിയിട്ടുണ്ട്. സോളർ ലൈറ്റ് ചാർജ് ചെയ്ത് ഉപയോഗിക്കുന്ന ബാറ്ററിയാണ് ചങ്ങാടം വീട്ടിലെ വൈദ്യുതിക്കായി ഉപയോഗപ്പെടുത്തുന്നത്. വാഴാനി പുഴയുടെ ചാലയ്ക്കൽ ചിറയിലാണ് വെളളത്തിൽ ഓളമിട്ട് നിൽക്കുന്ന വിജേഷിന്റെ ചങ്ങാടം വീട്.

Tags:
  • Spotlight