Friday 01 May 2020 11:57 AM IST

പെയിന്റ് പാട്ടയില്‍ സിമന്റ് നിറച്ച് ഡംബല്‍സുണ്ടാക്കിയ ആറാം ക്ലാസുകാരന്‍ ജിമ്മനായി! മിസ്റ്റര്‍ ഇന്ത്യ റണ്ണറപ്പായ ചുമട്ടു തൊഴിലാളി വിജു ഹീറോയാടാ ഹീറോ

Unni Balachandran

Sub Editor

gym-4

ചെറുപ്പം മുതല്‍ മസിലിനെയും ബോഡിബില്‍ഡിങ്ങിനെയും സ്നേഹിച്ചു ജീവിച്ച വിജുവിപ്പൊ ആകെ വിഷമത്തിലാണ്. കാര്യം ചോദിച്ചാല്‍ വിഷമത്തിന്റെ മുകളിലേക്കൊരു വലിയ ഡംബ്ബല്‍ എടുത്തുവച്ച ആഘാതത്തില്‍ വിജു പറയും 'കൊറോണ കാരണം ജിമ്മില്‍ പോകാന്‍ പറ്റുന്നില്ല'. കേട്ടാല്‍ ഇതെന്ത് വട്ടാന്ന് ചോദിച്ചു കളിയാക്കാന്‍ വരട്ടെ, പറയുന്നതൊരു മിസ്റ്റര്‍ ഇന്ത്യ റണ്ണറപ്പാണ്.

സല്‍മാന്‍ ഖാന്റെ കരണ്‍ അര്‍ജുന്‍ കണ്ടപ്പൊ തുടങ്ങിയ ആവേശമായിരുന്നു കൊച്ചി കാക്കനാട് സ്വദേശി വിജുവിന്, ഒരു ജിമ്മനാകണമെന്ന്. ഡംബല്‍ വാങ്ങാന്‍ പണമില്ലാത്തപ്പൊ വിജുവെന്ത് ചെയ്തു, ഒരു ഡംബലങ്ങ് ഉണ്ടാക്കി. രണ്ട് പെയിന്റെ പാട്ടയെടുത്തു, ഒരു പിവിസി പൈപ്പും. അടുത്ത വീട്ടിലെയും പരിസരത്തെയും ചരലും മണലും പിന്നെ കുറച്ച് സിമന്റും ചേര്‍ത്ത് പാട്ടയിലിട്ട് കുഴയ്ക്കും എന്നിട്ട് പരുക്കനിട്ട് പിവിസി പൈപ്പ് പാട്ടയ്ക്കുള്ളിലേക്ക് വയ്ക്കും. പറ്റുന്ന പൊക്കത്തില്‍ ഡംബല്‍ പൊക്കും. കണ്ടുപരിചയിച്ച വിദ്യയൊക്കെ പയറ്റും . എന്നിട്ടും മസില്‍ വരുന്നില്ല. ആറാം ക്ലാസില്‍ പഠിപ്പ് നിര്‍ത്തി ജോലിക്ക് ഇറങ്ങിയ വിജു , അന്ന് മുതല്‍ പൈസ കൂട്ടിവയ്ക്കാന്‍ തുടങ്ങി ജിമ്മില്‍ ചേരാന്‍. അങ്ങനെ 17–ാം വയസ്സില്‍ ജിമ്മില്‍ ചേര്‍ന്നതാണ്. അന്നൊക്കെ കൂട്ടുകാരുടെ കൂടെ മസില്‍ കോംപറ്റീഷന്‍ കാണാന്‍ പോകും. അപ്പോഴതാ സ്വപ്നത്തിനൊരു പുതിയ ലക്ഷ്യം കിട്ടി, ഈ മസിലുമായൊരു മത്സരത്തിനിറങ്ങണം. പിന്നെ, അതായി നോട്ടം.

gym-3

മസില്‍ പിടിച്ചു ഫാമിലി

'വീട്ടില്‍ അമ്മ ചന്ദ്രമതിയും അപ്പൂപ്പന്‍ സുകുമാരനും ചേട്ടന്‍ ഷിജുവും അനിയത്തി വിജിമോളുമാണ് ഉണ്ടായിരുന്നത്. ഒരു സാധാരണ കുടുംബത്തിന്റെ എല്ലാ സാമ്പത്തിക പ്രശ്നങ്ങളും എനിക്കുമുണ്ടായിരുന്നു. പക്ഷേ, ഏത് പ്രശ്‌നത്തിലും വലുതായിരുന്നു മസിലെനിക്ക്. ഞാന്‍ അതിന് വേണ്ടി എന്തും ചെയ്യാന്‍ റെഡി ആയിരുന്നു. ആ സമയത്താണ് ചുമട്ടുതൊഴിലാളി യൂണിയനില്‍ ജോലി കിട്ടുന്നത്. അതോടെ ഒരു ട്രെയ്‌നറുടെ അടുത്ത് പോയി കട്ടയ്ക്കു മസില്‍ വയ്ക്കുമെന്ന് ഉറപ്പിച്ചു. അങ്ങനെയാണ് ട്രെയ്‌നര്‍ അനുപിന്റെ അടുത്തെത്തുന്നത്. ആവശ്യത്തിന് വയറൊക്കെ ഉള്ള ടൈമാണ്. പക്ഷേ, ഞാന്‍ ട്രെയ്‌നറോട് ഒരു മടിയുമില്ലാതെ പറഞ്ഞു എനിക്ക് സിക്‌സ് പായ്ക്ക് അടിക്കണം, കോംപറ്റീഷന് പോകണം,. ആദ്യമൊന്ന് ചിരിച്ചെങ്കിലും പിന്നെ പുള്ളിയെന്റെ കൂടെ നിന്നു.''

വമ്പന്‍ ചിലവ്

സാധാരണക്കാര്‍ക്കൊന്നും ചിന്തിക്കാന്‍ പറ്റാത്ത ചിലവായിരുന്നു ട്രെയിനിങ്ങില്‍. അമ്പത് മുട്ട, ഫ്രൂട്ട്‌സ് ,പച്ചക്കറി, ചിക്കന്‍, മീന്‍ ഒക്കെ ഡെയ്‌ലി കഴിക്കണം. എന്റെ മസിലിന് വേണ്ടിയുള്ള ഓട്ടം കണ്ട് അമ്മ ദേഷ്യം വന്ന് വീട്ടിന് ഇറങ്ങി പോവുക പോലും ചെയ്തു. ചെറുപ്പം മുതലേ ഞാന്‍ കൂട്ടി വച്ച കാശെല്ലാം വെറുതേ നശിപ്പിക്കുവാണെന്ന് എല്ലാവരും പറഞ്ഞു തുടങ്ങി. 2017ല്‍ തുടങ്ങി ഒരു വര്‍ഷത്തോളം ഞാന്‍ മിസ്റ്റര്‍ ഇന്ത്യക്കായി ട്രെയിനിങ് നടത്തി. ഏകദേശം അഞ്ച് ലക്ഷത്തോളം രൂപ ചിലവാകുകയും ചെയ്തു.

gym-1

മ്യൂസിക് വിത്ത് ബോഡി മസില്‍സ്

മിസ്റ്റര്‍ ഇന്ത്യ 2018ല്‍ അറുപത്തിയഞ്ച് കിലോ കാറ്റഗറിയിലാണ് ഞാന്‍ മത്സരിച്ചത്. ഇരുപത് പേരായിരുന്നു മത്സരിക്കാന്‍ ഉണ്ടായിരുന്നത്. ഞാനായിരുന്നു ഏക മലയാളി. മത്സരം തുടങ്ങുന്നതിന് മുന്‍പ് എന്റെ ആശാന്‍ വന്ന് പറഞ്ഞു എനിക്ക് തന്നെ കിട്ടും, എന്റെ ബോഡി ഫോം ആണ് ബാക്കി എല്ലാവരേക്കാളും മികച്ചതെന്ന്. അതുകൂടി കേട്ടതോടെ എനിക്ക് വല്ലാതെ സന്തോഷമായി. ഞാന്‍ സ്റ്റേജിലേക്ക് കയറി. എനിക്ക് ഒട്ടും പരിചയമില്ലാത്ത സംഗതിയാണ് സ്റ്റേജിലെ രീതികള്‍. ആദ്യം മ്യൂസിക്കിന് അനുസരിച്ച് നമ്മള്‍ പോസ് ചെയ്യണം. എനിക്ക് അത്തരം പോസുകളൊന്നും വല്യ പരിചയമില്ലായിരുന്നു. അതുകൊണ്ട് സെക്കന്റ് പ്രൈസായി സില്‍വറില്‍ ഒതുങ്ങേണ്ടി വന്നു. അന്ന് മ്യൂസിക് വിത്ത് ബോഡി മസില്‍സ് കൂടെ അറിഞ്ഞിരുന്നേല്‍ ഞാന്‍ തകര്‍ത്തേനെ. എന്തായാലും ബോഡി ബില്‍ഡ് ചെയ്യണമെന്ന സ്വപ്നവും കോംപറ്റീഷന് ഇറങ്ങണമെന്ന ആഗ്രഹവുമൊക്കെ അങ്ങനെ നടന്നു. മാത്രമല്ല എനിക്ക് വേണ്ടി കഷ്ടപ്പെട്ട് ഫുഡ് ഉണ്ടാക്കി മടുത്ത് എന്നെ വഴക്ക് പറഞ്ഞ അമ്മയുടെ മുഖം മിസ്റ്റര്‍ ഇന്ത്യ അടിച്ച് സന്തോഷിപ്പിക്കാന്‍ പറ്റി. അടുത്ത മാസം നടന്ന മിസ്റ്റര്‍ എറണാകുളത്തില്‍ ഫസ്റ്റ് അടിച്ചതോടെ വീട്ടിലെ പ്രശ്‌നങ്ങല്‍ മാറി വന്‍ സപ്പോര്‍ട്ടായി.

gym-2

കോറോണയും ജിമ്മും

മത്സരം കഴിഞ്ഞു ബോഡി പഴയത് പോലെ മെയിന്‍ന്റൈന്‍ ചെയ്യണെമെന്നുണ്ടായിരുന്നു. പക്ഷേ, സാമ്പത്തികമൊക്കെയൊരു പ്രശ്‌നമായി. സ്‌പോണ്‍സര്‍മാരെ സംഘടിപ്പിക്കാന്‍ നോക്കിയെങ്കിലും ആരെയും ലഭിച്ചില്ല. ചുമട്ട് പണിചെയ്യുന്നത് കണ്ട് ആളുകള്‍ പറയും, ഇത് മതിയല്ലോ ബോഡി ബില്‍ഡാകാനെന്ന്. ചുമട്ടിന്റെ ഭാരം തലയില്‍ മാത്രമെ വരൂവെന്നും ജിമ്മില്‍ ശരീരത്തിന് ഓരോന്നിനും സ്‌പെഷല്‍ എക്‌സെര്‍സൈസ് വേണമെന്നുമൊക്കെ പറഞ്ഞാല്‍ ആരും സമ്മതിക്കില്ല. അതുകൊണ്ടിപ്പൊ ബോഡി മെയിന്റൈന്‍ ചെയ്യാനുള്ള ഭക്ഷണമൊന്നുമില്ല. അതുകൊണ്ട് സ്ഥിരമായിട്ട് ജിമ്മില്‍ പോക്ക് മാത്രമായി നടക്കുവായിരുന്നു. ആ വഴി ഒരു ഗുണമുണ്ടായി, ഒരു ചെറിയ പ്രണയം. അങ്ങനെ ജിമ്മില്‍ പോയ വഴി കണ്ടിഷ്ടപ്പെട്ട പെണ്ണിനെ കെട്ടി ലൈഫോന്ന് സെറ്റാക്കാമെന്ന് വിചാരിച്ചപ്പോഴാ ദേ, ഇപ്പോ കൊറാണ വന്നത്. ഇനി എല്ലാം മാറിയിട്ട് വേണം അവളേം കെട്ടി ലൈഫും, ജിമ്മില്‍ പോയി എന്റെ ബോഡിയുമൊന്ന് സെറ്റാക്കാന്‍.'' വിജു പറയുന്നു.