Friday 17 June 2022 11:11 AM IST : By സ്വന്തം ലേഖകൻ

മകളുടെ ഇരുവൃക്കകളും തകരാറില്‍, ഏതു നിമിഷവും ജീവന്‍ അപകടത്തിലാകും; ചികിത്സയ്ക്ക് വേണം 23 ലക്ഷം രൂപ, നെട്ടോട്ടത്തില്‍ വിമല

crisis556jnnnvima

മകളെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ വഴി തേടുകയാണ് നിര്‍ധനയും വിധവയുമായ ഒരമ്മ. എറണാകുളത്ത് മാലിപ്പുറം കറുത്തേടത്ത് പള്ളിക്ക് സമീപം താമസിക്കുന്ന വിമലയുടെ മകള്‍  ശ്രീവിദ്യയാണ് ഗുരുതര വൃക്കരോഗവുമായി ജീവിതത്തോട് പൊരുതുന്നത്. മകളുടെ ശസ്ത്രക്രിയക്ക് ആവശ്യമായ 23 ലക്ഷം രൂപയ്ക്കു വേണ്ടിയുള്ള നെട്ടോട്ടത്തിലാണ് വിമല.

മറ്റൊരു നിവൃത്തിയുമില്ലാത്തതു കൊണ്ടാണ് ഈ അമ്മയിങ്ങനെ നെഞ്ചുപൊട്ടി കരയുന്നത്. പത്തു വര്‍ഷത്തിലേറെ സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്നു അന്‍പത്തിയേഴുകാരിയായ വിമല. ഇരുവൃക്കകളും തകരാറിലായി ഏത് നിമിഷവും ജീവന്‍ അപകടത്തിലായേക്കാവുന്ന അവസ്ഥയിലാണ് മകള്‍ ശ്രീവിദ്യ. 

ആറു വര്‍ഷമായി ശ്രീവിദ്യയ്ക്ക് വൃക്കരോഗം ബാധിച്ചിട്ട്. ഒന്നര വര്‍ഷമായി ഡയാലിസിസ് ചെയ്താണ് ജീവന്‍ നിലനിര്‍ത്തുന്നത്. ആഴ്ചയില്‍ മൂന്നുവട്ടം വേണം. ചെലവാകുന്നത് ഭീമമായ തുക. രക്തധമനികളില്‍ തടസം നേരിട്ടുതുടങ്ങിയതോടെ ഇപ്പോള്‍ ഡയാലിസിസും ബുദ്ധിമുട്ടാണ്.

വാടകവീട്ടിലാണ് മകള്‍ക്കും കൊച്ചുമകള്‍ക്കുമൊപ്പം വിമല കഴിയുന്നത്. ഭര്‍ത്താവുമായി അകന്ന് കഴിയുന്ന ശ്രീവിദ്യയുടെ പത്ത് വയസുകാരിയായ മകളുടെ സംരക്ഷണചുമതലയും വിമലയ്ക്കാണ്. മകള്‍ നിത്യരോഗിയായതോടെ വിമല ജോലിയും ഉപേക്ഷിച്ചു. നാട്ടുകാരുടെ സഹായത്തിലാണ് ജീവിതം. മകളുടെ ശസ്ത്രക്രിയക്ക് 23 ലക്ഷം രൂപ വേണം. 

ധനസഹായമായി ഹൈബി ഈഡന്‍ എംപി നല്‍കിയ മൂന്ന് ലക്ഷം മാത്രമാണ് കയ്യിലുള്ളത്. ഒരു മാസത്തിനുള്ളില്‍ വൃക്കി മാറ്റിവയ്ക്കണം. അല്ലെങ്കില്‍ ശ്രീവിദ്യയുടെ ജീവന്‍ അപകടത്തിലാകുമെന്നാണ് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. നിസഹായയാണ് ഇന്ന് ഈ അമ്മ. ഉറവ വറ്റാത്ത സുമനസുകളിലാണ് പ്രതീക്ഷയത്രയും. 

Tags:
  • Spotlight