Friday 31 July 2020 11:14 AM IST : By സ്വന്തം ലേഖകൻ

പ്രധാനമന്ത്രിയുടെ വിളിയെത്തിയതിനു പിന്നാലെ ദുൽഖറിന്റെ സമ്മാനവും; ത്രില്ലടിച്ച് വിനായക്!

ernakulam-vinayak-gift.jpg.image.845.440

പ്രധാനമന്ത്രി വിളിച്ചതിനു പിന്നാലെ മറ്റൊരു ഫോൺ വിളിയും സമ്മാനവും വിനായകിനെ ത്രില്ലടിപ്പിച്ചിരിക്കുകയാണ്. സിനിമാതാരം ദുൽഖർ സൽമാനാണു ഫോണിലൂടെ അഭിനന്ദിച്ചത്. ബിജെപി എറണാകുളം മേഖലാ സെക്രട്ടറി സി.ജി. രാജഗോപാലിന്റെ കയ്യിൽ സമ്മാനമായി സ്മാർട് ഫോണും കൊടുത്തയച്ചു. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ മൂവാറ്റുപുഴ മണിയന്തടം മാലിൽ വിനായകിനെ മൻ കി ബാത്തിനിടെ പ്രധാനമന്ത്രി നേരിട്ടു വിളിച്ച് അഭിനന്ദിക്കുകയായിരുന്നു.

ഇതിനിടെയാണ് ദുൽഖർ സൽമാന്റെ സമ്മാനമെത്തിയത്. ഹാസ്യ സിനിമകളാണ് വിനായകിന് ഇഷ്ടം. നായകന്മാരിൽ ദുൽഖർ സൽമാനാണ് ഇഷ്ടതാരം. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ കൊമേഴ്സ് ആയിരുന്നു വിനായകിന്റെ വിഷയം. അഞ്ഞൂറിൽ  493 മാർക്ക് വാങ്ങി ദേശീയതലത്തിൽ നാലാം റാങ്കും കൊമേഴ്സ് വിഭാഗത്തിൽ ഒന്നാം റാങ്കും നേടി. വിനായകിനു തുടർപഠനത്തിനു സഹായം ഉറപ്പുനൽകി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ഫോണിൽ വിളിച്ചാണു മന്ത്രി സഹായ വാഗ്ദാനം നൽകിയത്. 

Tags:
  • Spotlight