Thursday 09 September 2021 10:30 AM IST : By സ്വന്തം ലേഖകൻ

'പൊന്നുപോലെ നോക്കാം പൊന്നേ...': 14 വര്‍ഷമായി ചക്ര കസേരയില്‍ ജീവിച്ച പെണ്ണ്, ഇനി സുബ്രഹ്‌മണ്യന്റെ ജീവിതപ്പാതി

vineetha

സുബ്രഹ്‌മണ്യന്‍ കരം ഗ്രഹിച്ചു, ചക്രക്കസേരയില്‍ കഴിയുന്ന വിനീതയുടെ മുഖത്തു പുഞ്ചിരി വിടര്‍ന്നു. കാലുകള്‍ തളര്‍ന്നു 14 വര്‍ഷമായി ചക്രക്കസേരയില്‍ ജീവിക്കുന്ന ചെട്ടികുളങ്ങര ഈരേഴ വടക്ക് വിനീഷ് ഭവനം വി.വിനീതയുടെയും പാലക്കാട് തൃത്താല മച്ചിങ്ങല്‍ വീട്ടില്‍ എം.സുബ്രഹ്‌മണ്യന്റെയും വിവാഹം ഇന്നലെ രാവിലെ മറ്റം മഹാദേവര്‍ ക്ഷേത്രത്തില്‍ നടന്നപ്പോളതു നാടിന്റെ കൂട്ടായ്മയുടെ അടയാളമായി.

വിനീതയെ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട സുബ്രഹ്‌മണ്യന്‍ തന്റെ ജീവിതത്തിലേക്കു ചേര്‍ത്തു പിടിക്കാന്‍ സമ്മതം അറിയിക്കുകയായിരുന്നു.

മകളുടെ വിവാഹത്തിനു തുക എങ്ങനെ സ്വരൂപിക്കുമെന്നോര്‍ത്ത് വിഷമിച്ച മാതാപിതാക്കളായ വേണുഗോപാലിനും ഓമനയ്ക്കും സഹായഹസ്തവുമായി സിപിഎം ചെട്ടികുളങ്ങര വടക്ക് ലോക്കല്‍ കമ്മിറ്റി രംഗത്തെത്തിയപ്പോള്‍ നാടും കൈകോര്‍ക്കുകയായിരുന്നു. ബിരിയാണി ചാലഞ്ച് നടത്തിയും സുമനസുകളുടെ സഹായം കൊണ്ടും സമാഹരിച്ച 3 ലക്ഷം രൂപയില്‍ ഒരു ലക്ഷം വിനീതയുടെ പേരില്‍ സ്ഥിര നിക്ഷേപമായും ബാക്കി പണമായുമാണു നല്‍കിയത്.

വിനീതയ്ക്കുള്ള വിവാഹ വസ്ത്രങ്ങളും സിപിഎം ആണു സമ്മാനിച്ചത്. വീല്‍ചെയറില്‍ നിന്നു പാര്‍ട്ടി പ്രവര്‍ത്തകരാണ് കതിര്‍മണ്ഡപത്തിലേക്കു വിനീതയെ എത്തിച്ചത്. വരനും ബന്ധുക്കളും തലേ ദിവസം തന്നെ എത്തിയിരുന്നു. വരനെയും സംഘത്തെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും ബന്ധുക്കളുടെയും നേതൃത്വത്തില്‍ സ്വീകരിച്ചു. ക്ഷേത്ര ദര്‍ശനം നടത്തി മാതാപിതാക്കള്‍ക്കു ദക്ഷിണ നല്‍കിയ ശേഷം സുബ്രഹ്‌മണ്യന്‍ വിനീതയെ താലിചാര്‍ത്തി.

വിനീതയുടെ സഹോദരനും പേശീക്ഷയം മൂലം കാലു തളര്‍ന്നു വീല്‍ ചെയറില്‍ കഴിയുന്ന യുവാവുമായ വിനീതിനും മറ്റു ബന്ധുക്കള്‍ക്കുമൊപ്പം യു.പ്രതിഭ എംഎല്‍എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദാസ്, ചെട്ടികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ് സി.സുധാകരക്കുറുപ്പ്, ജില്ലാ സെക്രട്ടേറിയറ്റംഗം എ.മഹേന്ദ്രന്‍, സംഘാടകസമിതി കണ്‍വീനര്‍ കെ.ശ്രീപ്രകാശ്, ചെയര്‍മാന്‍ കെ.ജെ.ജോയി എന്നിവര്‍ മുന്നില്‍ നിന്നായിരുന്നു വിവാഹം നടത്തിയത്.

സിപിഎം ജില്ലാ സെക്രട്ടറി ആര്‍.നാസര്‍, എ.എം.ആരിഫ് എംപി, എം.എസ്.അരുണ്‍ കുമാര്‍ എംഎല്‍എ, ഏരിയാ സെക്രട്ടറി കെ.മധുസൂദനന്‍, ഹരിദാസന്‍ നായര്‍, പഞ്ചായത്തംഗങ്ങളായ സുമ ബാലകൃഷ്ണന്‍, ശ്രീദേവി, സിപിഎം ചെട്ടികുളങ്ങര തെക്ക് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എസ്.സുനില്‍കുമാര്‍, ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി വിജു, പ്രസിഡന്റ് ശരത് ശിവന്‍, പികെഎസ് മേഖല സെക്രട്ടറി രഘു, മഹിളാ അസോസിയേഷന്‍ മേഖല സെക്രട്ടറി സിമിത, പ്രസിഡന്റ് സുനി ബിജു തുടങ്ങിയവര്‍ ദമ്പതികളെ ആശീര്‍വദിച്ചു.

More