Wednesday 29 August 2018 02:12 PM IST : By കോട്ടയം മണർകാട് സ്വദേശി ജോബി പങ്കുവച്ച അനുഭവങ്ങൾ. തയാറാക്കിയത്: പ്രിയദർശിനി പ്രിയ

വീടിന്റെ സ്ഥാനത്ത് പ്രളയം അവശേഷിപ്പിച്ചത് ജനാല മാത്രം; പെരുവഴിയിലായി വിനുവും കുടുംബവും!

vinu-idukki1

ഓണാവധിയ്‌ക്ക് ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ഇടുക്കിയിലെത്തിയതായിരുന്നു ഞങ്ങൾ. പ്രളയം ദുരിതം വിതച്ച് പടിയിറങ്ങിയെങ്കിലും, ആശ്വാസത്തിൽ അവധി ആഘോഷിച്ച് വീട്ടിലിരിക്കാൻ മനസ്സനുവദിച്ചില്ല. നാടിനെ പ്രളയം എത്രത്തോളം ബാധിച്ചു എന്നറിയാനുള്ള ഓട്ടപ്രദക്ഷിണത്തിലായിരുന്നു. ഇടുക്കി, ചെറുതോണി പ്രദേശത്തെ ക്യാമ്പുകളായിരുന്നു പ്രധാന ലക്ഷ്യം. ഞങ്ങളുടെ ജന്മദേശമായ മണിമലയിൽ നിന്നും ഇടുക്കിയിലേക്കുള്ള യാത്രയിലുടനീളം കണ്ടത് ഹൃദയം തകർന്നുപോകുന്ന കാഴ്ചകളായിരുന്നു. പ്രധാന റോഡുകൾ തിരിച്ചറിയാൻ പോലുമാകാതെ ചളിയും മണ്ണും വന്ന് മൂടിയിരുന്നു. ചിലയിടത്ത് റോഡുകൾ രണ്ടായി പിളർന്നും വശങ്ങൾ തകർന്നടിഞ്ഞും ഭീതി ജനിപ്പിച്ചു. അങ്ങേയറ്റം ദുർഘടമായിരുന്നു യാത്ര. ജെസിബി ഉപയോഗിച്ച് റോഡിൽ നിന്ന് ചളിയും മണ്ണും മാറ്റി ഗതാഗത യോഗ്യമാക്കിയിട്ടുണ്ടെങ്കിലും ഒരു വാഹനത്തിന് മാത്രം സഞ്ചരിക്കാം. വീതി കുറഞ്ഞ റോഡിൽ എതിരെ ഒരു വാഹനം വന്നാൽ പെട്ടുപോകുന്ന അവസ്ഥ. ഇടയ്‌ക്കിടെ നിർത്തിയും വളരെയേറെ ശ്രദ്ധിച്ച് ഡ്രൈവ് ചെയ്തുമാണ് ഞങ്ങൾ ഒരുവിധം ഇടുക്കിയിലെത്തിയത്.

vinu-idukki12

ഇടുക്കിയിലും ചെറുതോണിയിലുമായി നിരവധി ക്യാമ്പുകളിൽ ഞങ്ങൾ കയറിയിറങ്ങി. കയ്യിൽ കരുതിയിരുന്ന അവശ്യവസ്തുക്കളുടെ കിറ്റ് അവർക്ക് കൈമാറി. പലയിടത്തും ക്യാമ്പുകൾ പിരിച്ചുവിട്ടിരുന്നു. അതേസമയം വീട്ടിലേക്ക് പോകാൻ നിർബന്ധിതരായവരുടെ ജീവിതം ക്യാമ്പിൽ കഴിയുന്നവരേക്കാൾ കഷ്ടമായിരുന്നു. ക്യാമ്പുകളിൽ ഒരു നേരത്തെ അന്നമെങ്കിലും കിട്ടും. പക്ഷെ, ദിവസക്കൂലിക്കാരിൽ പലരും വീട്ടിലേക്ക് മടങ്ങിയപ്പോൾ മുഴുപ്പട്ടിണിയിലായി. ജോലി ഇല്ലാത്ത അവസ്ഥ, കയ്യിൽ പണമോ ഭക്ഷ്യവസ്തുക്കളോ ഇല്ല. പട്ടിണിയുടെ വക്കിലായിരുന്നു പലരും. ഇക്കാര്യം ഞങ്ങൾ ക്യാമ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തി, നിരാശയായിരുന്നു ഫലം. ക്യാമ്പിൽ നിന്ന് സാധനങ്ങൾ വീടുകളിൽ എത്തിക്കാൻ നിയമമില്ല എന്നുപറഞ്ഞ് അവർ കയ്യൊഴിഞ്ഞു. നിസ്സഹായരായി ഞങ്ങൾ അവിടെനിന്ന് മടങ്ങി.

vinu-idukki13 വിനുവിന് ഇന്ന് വീടില്ല. ഒന്നിരുട്ടി വെളുത്തപ്പോൾ വീടും അറുപത് സെന്റ് സ്ഥലവും വെള്ളം കവർന്നെടുത്തു.

ചെറുതോണി ഡാമും പരിസരപ്രദേശങ്ങളും വഴിയായിരുന്നു മടക്കയാത്ര. ഡാമിൽ നിന്ന് അധികദൂരം പിന്നിട്ടില്ല, ക്യാമ്പുകളിൽ നിന്ന് പുറത്തിറങ്ങിയ ഒരു കുടുംബം പെരുവഴിയിലായ കാഴ്‌ചയ്‌ക്കും ഞങ്ങൾ ദൃക്‌സാക്ഷികളായി. അങ്ങേയറ്റം വേദനാജനകമായിരുന്നു അത്. വഴിയരികിൽ ഒടിഞ്ഞു വീണ ഇലക്ട്രിക് പോസ്റ്റിനു മുകളിൽ കൈക്കുഞ്ഞിനെയും കൊണ്ട് ഒരു കുടുംബം നിരന്നിരിക്കുന്നു. അടുത്ത് ചെന്ന് കാര്യം അന്വേഷിച്ചപ്പോഴാണ് ഹൃദയഭേദകമായ ആ കഥയറിഞ്ഞത്.

vinu-idukki9

മനസ്സിൽ നിന്ന് മായാതെ വിനു

ചെറുതോണി ആലുംമൂട് സ്വദേശി തെക്കുംമൂട് വീട്ടിൽ വിനുവും കുടുംബവുമായിരുന്നു ഞങ്ങൾക്ക് മുന്നിൽ പ്രളയത്തിന്റെ അവശേഷിപ്പായി അവതരിച്ചത്. ക്യാമ്പ് പിരിച്ചുവിട്ടതോടെ എങ്ങോട്ടുപോകണമെന്നറിയാതെ വഴിയരികിൽ ഇരിക്കുകയായിരുന്നു വിനുവും കുടുംബവും. ഒപ്പം അമ്മയും ഭാര്യയും കൈക്കുഞ്ഞടക്കം മുന്ന് കുട്ടികളും.

vinu-idukki10

വിനുവിന് ഇന്ന് വീടില്ല. ഒന്നിരുട്ടി വെളുത്തപ്പോൾ വീടും അറുപത് സെന്റ് സ്ഥലവും വെള്ളം കവർന്നെടുത്തു. ഒരു ജനാലയുടെ ഫ്രെയിം മാത്രമാണ് വീടിന്റെ സ്ഥാനത്തു അവശേഷിച്ചത്. ഒപ്പം പൊട്ടിയ ടിവി, സെറ്റ്അപ്പ് ബോക്സ്, ഒരു നാണയം. ആയുഷ്‌കാലം അധ്വാനിച്ചുണ്ടാക്കിയതെല്ലാം പ്രളയം കൊണ്ടുപോയി, ജീവൻ ഒഴിച്ച്! പ്രളയത്തിനു മുൻപ് പൊലീസ്‌ ഒഴിപ്പിച്ചു കൊണ്ട് പോകുമ്പോൾ, മൂന്നു ചെറിയ ബാഗുകളിലായി എടുത്ത കുറച്ചു ഡ്രസ്സും രേഖകളും മാത്രമാണ് ഇന്ന് വിനുവിന്റെ കയ്യിലെ അവശേഷിക്കുന്ന സമ്പാദ്യം.

vinu-idukki2

പിന്നീട് ക്യാമ്പിലായിരുന്നു എല്ലാവരും കഴിഞ്ഞത്. എന്നാൽ ഉത്രാടത്തിന്റെ അന്ന് ക്യാമ്പ് പിരിച്ചുവിട്ടു എന്ന് പറഞ്ഞപ്പോൾ വിനുവും കുടുംബവും വീട് നിൽക്കുന്ന സ്ഥലത്തെത്തി. നെഞ്ചു തകർക്കുന്ന ആ ദുരിതക്കാഴ്‌ചയ്‌ക്ക് മൂകസാക്ഷിയായി. തങ്ങളുടെ പ്രിയപ്പെട്ട വീടിനു പകരം അവിടെയുണ്ടായ മൺകൂനയിലേക്ക് നോക്കി അവർ ഏറെനേരം നിന്നു. പിന്നീട് എന്തു ചെയ്യണമെന്നറിയാതെ വഴിയരികിൽ ഒടിഞ്ഞുവീണ ഇലക്ട്രിക് പോസ്റ്റിനു മുകളിൽ ഇരുന്നു. ഇനിയെന്ത്? എങ്ങോട്ട്? എന്നിങ്ങനെ നൂറായിരം ചോദ്യങ്ങൾ മനസ്സിൽ തിങ്ങി നിറഞ്ഞിട്ടുണ്ടാകണം. പൊട്ടിക്കരയാൻ പോലുമാകാതെ അമ്പരന്നിരിക്കുന്ന അവർക്ക് മുന്നിലേക്കാണ് ദൈവം ഞങ്ങളെ കൊണ്ടിട്ടത്.

vinu-idukki11 ഒരു ജനാലയുടെ ഫ്രെയിം മാത്രമാണ് വീടിന്റെ സ്ഥാനത്തു അവശേഷിച്ചത്.

ചെറുതോണി ഡാമിന്റെ അഞ്ച് ഷട്ടറുകൾ തുറന്ന അന്നു രാത്രിയിലാണ് വിനുവിന് എല്ലാം നഷ്ടപ്പെട്ടത്. വിനുവിന്റെയും കുടുംബത്തിന്റെയും അവസ്ഥ നേരിട്ട് കണ്ട ഞങ്ങൾ ഉടൻതന്നെ ഉദ്യോഗസ്ഥരെ അറിയിച്ചു. തുടർന്ന് അവരെ സമീപത്തുള്ള അങ്കണവാടിയിൽ എത്തിച്ചു. ഇപ്പോൾ വെള്ളപ്പാറ വനംവകുപ്പിന്റെ ഷെൽറ്ററിൽ (forest dormitory) പുനരധിവസിപ്പിച്ചിരിക്കുകയാണ് വിനുവിനെയും കുടുംബത്തെയും. എത്രനാളേക്ക് എന്നറിയില്ല... ഞങ്ങളാൽ കഴിയുന്ന സഹായങ്ങൾ ആ കുടുംബത്തിന് തീർച്ചയായും എത്തിക്കും. പക്ഷെ, എല്ലാം നഷ്ടപ്പെട്ടവർക്ക് അതുമാത്രം മതിയാകില്ല. വിനുവിന്റെ ഫോൺ നമ്പർ താഴെ കൊടുക്കുന്നു. ആർക്കെങ്കിലും സഹായം ചെയ്യാൻ താൽപര്യം ഉണ്ടെങ്കിൽ മടിയ്‌ക്കരുത്. അതെത്ര ചെറുതായാലും സന്തോഷം! Vinu: 8281847677

(ദുരിതാശ്വാസപ്രവർത്തനത്തിൽ സജീവ പങ്കാളിയായിരുന്ന കോട്ടയം മണർകാട് സ്വദേശി ജോബി പങ്കുവച്ച അനുഭവങ്ങൾ. തയാറാക്കിയത്: പ്രിയദർശിനി പ്രിയ)

vinu-idukki-6 ക്യാമ്പ് പിരിച്ചുവിട്ടതോടെ എങ്ങോട്ടുപോകണമെന്നറിയാതെ വഴിയരികിൽ ഇരിക്കുകയായിരുന്നു വിനുവും കുടുംബവും. ഒപ്പം അമ്മയും ഭാര്യയും കൈക്കുഞ്ഞടക്കം മുന്ന് കുട്ടികളും.

1.

vinu-idukki7 അവശേഷിച്ച പൊട്ടിയ ടിവി, സെറ്റ്അപ്പ് ബോക്സ്, ഒരു നാണയം. ആയുഷ്‌കാലം അധ്വാനിച്ചുണ്ടാക്കിയതെല്ലാം പ്രളയം കൊണ്ടുപോയി...

2.

vinu-idukki8

3.

vinu-idukki5 പ്രളയത്തിനു മുൻപ് പൊലീസ്‌ ഒഴിപ്പിച്ചു കൊണ്ട് പോകുമ്പോൾ, മൂന്നു ചെറിയ ബാഗുകളിലായി എടുത്ത കുറച്ചു ഡ്രസ്സും രേഖകളും മാത്രമാണ് ഇന്ന് വിനുവിന്റെ കയ്യിലെ അവശേഷിക്കുന്ന സമ്പാദ്യം.

4.

vinu-idukki4