Friday 18 January 2019 04:50 PM IST : By സ്വന്തം ലേഖകൻ

‘അങ്ങനെയിരിക്കെ അമ്മാമ്മയ്ക്കൊരു ആഗ്രഹം’; തുനിഞ്ഞിറങ്ങി ജിൻസൺ; ഹൃദയം നിറച്ച് പുതിയ വിഡിയോ

ammamma

നന്മനിറഞ്ഞൊരു സന്ദേശവും ഹൃദ്യമായ ഒരുപിടി നിമിഷങ്ങളുമായി സോഷ്യൽ മീഡിയയുടെ സ്വന്തം അമ്മാമ്മയും കൊച്ചുമകനും വീണ്ടും. നിഷ്ക്കളങ്കമായൊരു ആഗ്രഹം പങ്കുവയ്ക്കുന്ന അമ്മാമ്മയേയും അത് സാധിച്ചു കൊടുക്കുന്ന കൊച്ചുമകനേയുമാണ് പുതിയ വിഡിയോയിൽ കാണാനാവുന്നത്.

അമ്മാമ്മയുടെ ആഗ്രഹം എന്താണെന്നല്ലേ...?ബുള്ളിന്മേൽ കൈചൂണ്ടി ആ സാധനത്തിൽ ഒന്നു കയറണമെന്ന് പറയുന്നിടത്ത് നിന്നാണ് വിഡിയോ ആരംഭിക്കുന്നത്. അമ്മാമ്മയുടെ ആഗ്രഹസഫലീകരണത്തിന് ജിൻസൺ കിക്ക് സ്റ്റാർട്ട് ചെയ്യുമ്പോൾ ഹൃദ്യമായൊരു രംഗം കൂടി പിറവിയെടുക്കുന്നു. സവാരിക്കിടെ കടുപ്പത്തിൽ ഒരു ചായ കുടിക്കാൻ ഇരുവരും ഇറങ്ങുന്നതും വിഡിയോയുടെ ഹൈലൈറ്റാണ്.

ഇവിടെ അമ്മാമ്മയുടെ ആഗ്രഹ സഫലീകരണത്തിനായി കള്ളം പറഞ്ഞ് വീട്ടില്‌ നിന്നും ഇറങ്ങുകയാണ് ജിൻസൺ. വലിയ വലിയ ആഗ്രഹങ്ങൾക്കായി കുഞ്ഞ് കുഞ്ഞ് കള്ളങ്ങൾ പറയുമ്പോൾ അതിൽ ഒളിഞ്ഞിരിക്കുന്ന നന്മയെക്കുറിച്ചും വിഡിയോ പങ്കുവയ്ക്കുന്നു.

എൺപത്തിയഞ്ചിൽ താരമായി ടിക് ടോക് അമ്മാമ്മ; കൊച്ചുമകനുമൊത്ത് തീർക്കുന്നത് ചിരിയുടെ വസന്തം–വിഡിയോ

സോഷ്യൽ മീഡിയ ഹൃദയത്തിലേറ്റിയ വാങ്ങുന്ന അമ്മാമ്മയേയും കൊച്ചുമകനേയും സോഷ്യൽ മീഡിയ പരിചയപ്പെടുന്നത് വനിത ഓൺലൈനിലൂടെയാണ്. വൈറൽ കഥയിലെ നായികയുടെ പേര് മേരി ജോസഫ് മാമ്പിള്ളി. എൺപത്തിയഞ്ചിലും പ്രസരിപ്പും ചുറുചുറുക്കും കാത്തു സൂക്ഷിക്കുന്ന ഈ വൈറൽ അമ്മാമ്മ എറണാകുളം ചിറ്റാറ്റുകര സ്വദേശിയാണ്. അമ്മാമ്മയെ വൈറലാക്കിയ കൊച്ചുമകന്റെ പേര് ജിൻസൺ. നന്മയും കുഞ്ഞു കുഞ്ഞു തമാശകളും കോർത്തിണക്കിയുള്ള ഇരുവരുടേയും വിഡിയോകൾ അതിവേഗമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. സിനിമാ ഡയലോഗുകളും ഗാനരംഗങ്ങളും കടംകൊള്ളുന്നതിന് പകരം ജീവിതത്തിൽ നാം കടന്നു പോകുന്ന മുഹൂർത്തങ്ങളെ ക്യാമറയ്ക്കു മുന്നിലെത്തിച്ചാണ് ഇരുവരും  കയ്യടി നേടുന്നത്.