Friday 12 October 2018 10:24 AM IST : By സ്വന്തം ലേഖകൻ

‘ആത്മഹത്യയുടെ പിടച്ചിലിലും അവൾ പറയുന്നുണ്ടായിരുന്നു, എന്നെ മരിക്കാൻ വിടരുതേ...’; ജീവിതത്തിന്റെ ‘എൻഡിനു’ മുമ്പുണ്ടൊരു ‘ബെൻഡ്’

suicides

‘ആശയറ്റ് ജീവിക്കുന്നതിലും ഭേദം മരിക്കുന്നതാണ്. ജീവിതം എനിക്ക് കണ്ണീർ മാത്രമേ തന്നിട്ടുള്ളൂ, പിന്നെ ഞാനെന്തിന് ജീവിക്കണം.’ സുഖദുഖ സമ്മിശ്രമായ ജീവിതത്തിന്റെ ക്രോസ് റോഡിൽ വച്ച് ചിലരെടുക്കുന്ന തീരുമാനങ്ങൾ അങ്ങനെയാണ്. വരും വരായ്കകളെ പറ്റി ബോധ്യമില്ലാത്തവർ, നഷ്ടക്കണക്കുകളുടെ എണ്ണം നിരത്തി ഒരു കയറിൽ അതുമല്ലെങ്കിൽ ഒരു വിഷക്കുപ്പിയിൽ ജീവിതം ഹോമിക്കുന്നവർ. അത്തരക്കാർ മൂഢസ്വർഗത്തിലാകും എത്തിച്ചേരുക എന്ന് പറയുകയാണ് ഡോക്ടർ ലിജീഷ്.

സഹപ്രവർത്തകന്റെ ആത്മഹത്യ ഏൽപ്പിച്ച ആഘാതമാണ് ലിജീഷിന്റെ കുറിപ്പിന് ആധാരം. ഒരു ദുരന്തം സമ്മാനിച്ച വിധി രാപ്പകലിന്റെ വ്യത്യാസത്തിൽ സന്തോഷത്തിന്റെ പൂക്കാലവും നമുക്കായ് കാത്തുവച്ചിട്ടുണ്ടെന്ന് പലരും മനസിലാക്കുന്നില്ലെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെ ലിജീഷ് പറയുന്നു.

അർജന്റീനയുടെ തോൽവിയിൽ മനം മടുത്ത് ആഴങ്ങളിൽ സ്വജീവനെയിട്ടു കൊടുത്ത യുവാവ് തന്നെ വലിയ ഉദാഹരണം. ഒന്നു കാത്തിരുന്നുവെങ്കിൽ മെസിയുടെ എണ്ണം പറഞ്ഞ ഗോൾ കാണാനുള്ള അവസരം അവനുണ്ടായേനെ എന്ന് ഡോക്ടർ പറയുന്നു. അതു പോലെ തന്നെയാണ് ജീവിതവും. സർവ്വതിന്റേയും അവസാനമെന്ന് നിനയ്ക്കുന്ന END എന്ന മൂന്നക്ഷരം കേവലമൊരു BEND മാത്രമാണെന്ന് ഡോക്ടർ പറയുന്നു. BEND എന്ന ചരിവിനപ്പുറം സന്തോഷങ്ങള്‍ തിരികെയെത്തുമെന്ന പ്രതീക്ഷയാണ് നമുക്ക് വേണ്ടതെന്നും ഡോക്ടർ ലിജീഷ് കൂട്ടിച്ചേർക്കുന്നു. ജൂലായിൽ എഴുതിയ കുറിപ്പാണ് വിവിധ വിവിധ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വീണ്ടും സോഷ്യൽ മീഡിയയിൽനിറയുന്നത്.

കുറിപ്പ് വായിക്കാം;

ഞങ്ങളുടെ ഹോസ്പിറ്റലിലെ ഒരു സഹപവർത്തകൻ കഴിഞ്ഞ ദിവസം മരണപ്പെട്ടു. എന്തോ കാരണങ്ങളാൽ അദ്ദേഹം സ്വജീവൻ ഒടുക്കുകയായിരുന്നു. ഇന്നലെ വരെ കൂടെ ജോലി ചെയ്തിരുന്ന ഒരാൾ ഒരു ദിവസം പൊടുന്നനെ മരണത്തെ പുൽകി യാത്രയാകുന്നത് സഹപ്രവർത്തകർക്ക് തീരാവേദനയും ഞെട്ടലുമാണ് ഉണ്ടാക്കുന്നതെങ്കിൽ ആ കുടുബത്തിന് അത് ഏൽപ്പിക്കുന്ന എല്ലാ തലത്തിലുള്ള ക്ഷതം എത്ര കഠിനം ആയിരിക്കും.

ഇന്നലെ വരെ നമ്മുടെ കൂടെ ജീവിച്ചൊരാൾ ഇന്ന് സ്ഥാപനത്തിന്റെ നോട്ടീസ് ബോർഡിൽ ഒരു ദുഖ ചിത്രമായി മാറിയതിന്റെ ആഘാതത്തിൽ നിന്നും ഞാൻ കരകേറിയിട്ടില്ല. മരണമെന്ന വേർപാട് എന്നും വേദനാജനകമാണ് മിക്കവർക്കും. ആത്മഹത്യ എന്ന പ്രവണത നമ്മുടെ സമൂഹത്തിൽ കൂടി വരുന്ന ഈ സാഹചര്യത്തിൽ ഈ ഒരു കുറിപ്പെഴുതണമെന്ന് എന്റെ മനസ്സ് പറഞ്ഞു. പലപ്പോഴും ഒരു നിമിഷത്തെ ഒരു മന ചാഞ്ചല്യം ആണ് ആത്മഹത്യയിലേക്ക് നയിക്കുന്നത്. എന്തെങ്കിലും ഒരു അവിചാരിത സാഹചര്യത്തെ തുടർന്ന്, ജീവിതം മടുത്തു എന്നോ, ഇനി മുന്നോട്ട് പോകാൻ ഒരു വഴിയില്ല എന്നോ, ഈ സാഹചര്യം ഇനി മാറില്ല, എനിക്കിതിനെ നേരിടാൻ കഴിയില്ല എന്നു തുടങ്ങിയ ചിന്തകളാണ് ആത്മഹത്യയിലേക്ക് നയിക്കുന്നത്.

കനവിലെ കള്ളൻ നീയല്ലേ! കായംകുളം കൊച്ചുണ്ണി പങ്കുവയ്ക്കുന്നു ജീവിതത്തിലെ സന്തോഷങ്ങൾ

കരിമ്പി‍ൻ ജ്യൂസ് അടിക്കുന്നതിനിടെ വിരലുകൾ യന്ത്രത്തിൽ കുടുങ്ങി; കടുത്ത വേദനയിൽ ഒരു മണിക്കൂർ

l2

‘എനിക്കിപ്പോ അറിയണം, ഈ ആൽബത്തിൽ ഞാന്ണ്ടാ’; അച്ഛന്റേയും അമ്മയുടേയും കല്യാണത്തിനെത്താൻ കഴിയാത്ത കുറുമ്പന്റെ രോദനം–വൈറൽ

Dipression തിരിച്ചറിയപ്പെടാത്ത രൂപത്തിലും ഭാവത്തിലും നമ്മുടെ സമൂഹത്തിൽ ഉണ്ട്. തിരിച്ചറിയപ്പെടാത്തവ ആണ് കൂടുതൽ അപകടകാരി. ജീവിതമെന്ന ഈ അനിവാര്യ യാത്രയിൽ ഇതുപോലെ എപ്പോഴെങ്കിലും ആശയറ്റ് പകച്ച് നിൽക്കേണ്ടി വന്നാൽ മുന്നിൽ ദൂരെ അവ്യക്തമായി കാണുന്നത് ഈ പാതയിലുള്ള വെറുമൊരു BEND ആണെന്നും( വളവ്/തിരിവ്), തീർച്ചയായും ആ പാതയുടെ END (അവസാനം) അല്ലെന്നും മനസ്സിനെ പറഞ്ഞ് പറഞ്ഞ് മനസ്സിലാക്കിക്കണം.

ഒരു പൂ നഷ്ടപ്പെട്ട വേദനയിൽ ഒരാൾക്ക്, മുന്നിൽ കാണുന്ന കാഴ്ചക്കപ്പുറം തീയും വരൾച്ചയും വറുതിയുമാണെന്ന് വിശ്വസിക്കാമെങ്കിൽ ,ആ വളവിനപ്പുറം ഒരു പൂക്കാലമാണെന്ന് എന്തുകൊണ്ട് വിശ്വസിക്കാൻ ശ്രമിച്ചുകൂടാ. രണ്ടും നമ്മൾ മനസ്സിൽ മാത്രം സൃഷ്ടിച്ചെടുക്കുന്ന ,വിശ്വാസത്തിന്റെ രണ്ട് വശങ്ങൾ മാത്രമല്ലേ? ജീവിതമെന്ന യാത്രക്ക് ചില പ്രത്യേകതകൾ ഉണ്ട്.

1.ഒരാളുടെ പാത അയാൾ തന്നെ യാത്ര ചെയ്ത് തീർക്കണം.

2. ഈ യാത്രയുടെ ഗതിയും വേഗവും നമ്മുടെ നിയന്ത്രണത്തിലല്ല. കിതക്കണ്ടപ്പോൾ കിതക്കുകയും കുതിക്കണ്ടപ്പോൾ കുതിക്കുകയും വേണം. തിരിച്ചല്ല.

l

3. മുന്നിലെ കാഴ്ചകളും തടസ്സങ്ങളും മുൻകൂട്ടി പറഞ്ഞ് തരാൻ ഈ യാത്ര മുഴുവനാക്കിയ അനുഭവപരിചയമുള്ള ആരും നമുക്കില്ല.

4 .മറ്റുള്ളവരുടെ പാത കണ്ട് അല്ല നമ്മുടെ യാത്ര plan ചെയ്യണ്ടത്.നിയതമായ പാതയിൽ കൂടിയുള്ള യാത്ര മാത്രമേ അനുവദിക്കപ്പെട്ടിട്ടുള്ളു.

നിങ്ങൾ നടന്ന് പോകുമ്പോൾ മറ്റൊരാൾ കാറിൽ പോകുന്നത് കണ്ട് വിറളി പിടിക്കണ്ടാ. നിങ്ങളുടെ നടവഴിയിൽ ഒരു BEND ന് അപ്പുറം നിങ്ങളെ കാത്തിരിക്കുന്നത് ഒരു വിമാന യാത്ര ആവാം.പക്ഷെ ആ point വരെ എത്തുക എന്നതാണ് അതിനു വേണ്ട ഏറ്റവും മിനിമം കാര്യം. ജീവിതം പല വഴിക്ക് Interconnected ആയTunnels ൽ കൂടി നടക്കുന്നത് പോലാകാം. ചില tunnels നല്ല പ്രകാശപൂരിതവും വിസ്താരമേറിയതുമാവാം. മറ്റ് ചിലവ ഇടുങ്ങിയതും അന്ധകാരം നിറഞ്ഞതും. ഇരുട്ട് മാത്രം നിറഞ്ഞ tunnels ലിൽ കൂടി നടക്കുമ്പോൾ മനസ്സ് പതറാം.പക്ഷെ ഒരു കാര്യം മനസ്സിൽ ഉറപ്പിക്കണം ഏത് ടണൽ ആയാലും അതിന് 2 അറ്റങ്ങൾ കാണും. ആ അറ്റത്ത് വെളിച്ചവും. ചില പൊള്ളുന്ന ജീവിതാനുഭവങ്ങൾ കൂടി പറഞ്ഞുകൊള്ളട്ടെ.

ഒരിക്കൽ എനിക്ക് ഒരു യാത്രക്കിടയിൽ ,ഭർത്താവുമായുള്ള ഒരു ചെറിയ വഴക്കിനെ തുടർന്ന് മാരക വിഷം എടുത്ത് കഴിച്ച് അത്യാസന്ന നിലയിൽ ആയ ഒരു വീട്ടമ്മയെ കാണേണ്ടി വന്നു. ഭർത്താവിന്റെ കയ്യിൽ മുറുകെ പിടിച്ച് കൊണ്ട് " എന്നെ കൈവിടല്ലേ, എന്നെ മരിക്കാൻ വിടല്ലേ. ഞാൻ ഒന്ന് പേടിപ്പിക്കാൻ ചെയ്തതാണ്." എന്ന് പറഞ്ഞ് അലറി കരഞ്ഞ അവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണത്തിന്റ പിടിയിൽ നിന്നും രക്ഷിക്കാനായില്ല.

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഹൗസ് സർജൻസി ചെയ്യുന്ന കാലം. മെഡിസിൻ Icu duty. പത്താം ക്ലാസ്സ് പരീക്ഷയിൽ തോൽക്കുമെന്ന ഭീതിയിൽ റിസൽറ്റ് വരുന്നതിന് മുൻപ് എലിവിഷം കഴിച്ച് അപകടാവസ്ഥയിൽ ആയ ഒരു പതിനാറ് വയസ്സുകാരൻ. അതിന്റെ ചികിത്സക്കുപയോഗിക്കുന്ന ഒരു മരുന്നിന്റെ side effect ആയി മാനസിക വിഭ്രാന്തിയുടെ അങ്ങേ തലക്കൽ എത്തിയ അവൻറ്റെ കൈ പിടിക്കാൻ കൂട്ടിരിക്കുന്ന അച്ഛനെ അവൻ വിളിക്കുന്ന അധി കഠോരമായ തെറികൾ മുഴുവൻ കേട്ട് 2 ആഴ്ച അവനെ ഞങ്ങൾ മാറി മാറി നോക്കി. ഈ അവസ്ഥ ക്കിടയിൽ അവന്റെ റിസൽട് വന്നു. അവൻ first class ൽ പാസ്സ് ആയിരുന്നു. അവൻ full ആയി Recover ചെയ്ത്, സുബോധത്തോടെ, അച്ഛനെ വിളിച്ച തെറികൾ ഒന്നും ഓർമ്മയില്ലാതെ ഒരു ജേതാവിന്റെ തലയെടുപ്പോടെ Discharge ആയി പോകുമ്പോൾ ഞങ്ങൾക്കെല്ലാം ഓരോ ലഡു തന്നു. അതിന്റെ മധുരവും സ്വാദും അനിർവ്വജനീയമായിരുന്നു. ഈ football world cup നിടക്ക് അർജന്റീന ഒരു കളി തോറ്റതിനെ തുടർന്ന് ഇങ്ങ് കേരളത്തിൽ ഒരു ചെറുപ്പക്കാരൻ സ്വയം ജീവനൊടുക്കി.അതിനടുത്ത കളിയിൽ അർജന്റീന നൈജീരിയെ തോൽപ്പിച്ചത് അവൻ കണ്ടില്ല. ആ കളിയിൽ മെസ്സി അടിച്ച ആ എണ്ണം പറഞ്ഞ Goal കാണാനുള്ള അവസരം അവനു കിട്ടിയില്ല.

lijeesh

വഴിയുടെ END എന്ന് അവനുറപ്പിച്ചത് വെറുമൊരു BEND മാത്രമായിരുന്നു. Cancer ചികിത്സാ രംഗത്ത് പ്രവർത്തിക്കുന്ന ഒരു ഡോക്ടർ എന്ന നിലക്ക് ,ഒരു മണിക്കൂർ അല്ലെങ്കിൽ ഒരു ദിവസം അല്ലെങ്കിൽ ഒരാഴ്ച കൂടി ആയസ്സു നീട്ടിത്തരാൻ പറ്റുമോ എന്ന് പ്രാർത്ഥിക്കുകയും അത്യധികം കൊതിക്കുകയും ചെയ്യുന്ന അനവധി രോഗികളേയും അവരുടെ വേണ്ടപ്പെട്ടവരെയും എനിക്ക് കാണേണ്ടി വന്നിട്ടുണ്ട്.ഒരു കാര്യം ഓർമ്മിപ്പിച്ച് കൊള്ളട്ടെ:

ജീവിതം അമൂല്യമാണ്. ജീവന്റെ വെളിച്ചം സ്വയം കെടുത്തരുത്. ആത്മഹത്യ ചെയ്ത ഒരാൾക്ക് മരണം സംഭവിച്ചതിന് തൊട്ടടുത്തുള്ള ആ നിമിഷം സംസാരിക്കാൻ പറ്റിയിരുന്നെങ്കിൽ, അയാൾ തന്റെ സർവ ശക്തിയുമെടുത്ത് ഈ ലോകത്തോട് ഉറക്കെ വിളിച്ച് പറഞ്ഞേനേ "എനിക്ക് തെറ്റ് പറ്റിപ്പോയി. അത് വഴിയുടെ END അല്ലായിരുന്നു: അതൊരു കൊച്ച് BEND മാത്രം ആയിരുന്നു. ആ BEND ന് അപ്പുറം എനിക്ക് വേണ്ടി കാത്തു വച്ച ഒരു പൂക്കാലം ഉണ്ടായിരുന്നു. എനിക്ക് ജീവിക്കണം" ജീവിതത്തിന്റെ ഏതെങ്കിലുമൊരു നിമിഷത്തിൽ വഴിയുടെ END എന്ന് തോന്നുന്ന ആ ഘട്ടത്തിൽ ആ മൂന്ന് അക്ഷരങ്ങൾക്ക് മുൻപേ ഒരു B കൂടി ചേർത്ത് ഏതെങ്കിലുമൊരാൾക്ക് വായിക്കാൻ സാധിച്ചാൽ എന്റെ ജീവിതം ധന്യമായി

ഡോ. ലിജീഷ് A.L