Saturday 22 October 2022 03:45 PM IST : By സ്വന്തം ലേഖകൻ

കഴുത്തറുത്തു, ഇരു കൈകളും വെട്ടിമുറിച്ചു...വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയത് അതിക്രൂരമായി

vishnu

യുവതിയെ വീട്ടിനുള്ളിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി. പാനൂർ മൊകേരി വള്ള്യായിയിൽ ആണ് സംഭവം. നടമ്മൽ കണ്ണച്ചാക്കണ്ടി വിഷ്ണുപ്രിയയാണ് (അമ്മു) കൊല്ലപ്പെട്ടത്. 23 വയസ്സാണ്.

ശനിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് നാടിനെ നടുക്കിയ ദാരുണസംഭവം ബന്ധുക്കളുടെ ശ്രദ്ധയിൽപ്പെടുന്നത്. പാനൂരിൽ ഫാർമസിസ്റ്റായ യുവതി ഇന്നു ജോലിക്കു പോയിരുന്നില്ല.തറവാട്ടു വീട്ടിലേക്കു പോയ അമ്മ തിരിച്ചെത്തിയപ്പോഴാണ് വിവരമറിയുന്നത്. തൊപ്പിയും മാസ്ക്കും ധരിച്ച അപരിചിതനായ ഒരു യുവാവ് റോഡിലൂടെ ഓടി പോകുന്നത് കണ്ടതായി പ്രദേശവാസികൾ പറയുന്നു.

വിഷ്ണുപ്രിയ പാനൂരിൽ ഫർമസി ജീവനക്കാരിയാണ്. കഴുത്തറുത്ത് ഇരു കൈകളും വെട്ടിമുറിച്ച നിലയിൽ കിടപ്പുമുറിയിലായിരുന്നു മൃതദേഹം. സംഭവം നടക്കുമ്പോൾ വീട്ടിൽ മാറ്റാരുമില്ലായിരുന്നു. അഞ്ചു ദിവസം മുമ്പ് വിഷ്ണുപ്രിയയുടെ അച്ഛന്റെ അമ്മ മരണപ്പെട്ടതിനാൽ എല്ലാവരും അവിടെയായിരുന്നു.

അതേസമയം, അയൽ‌വാസിയാണ് കൊലപാതകത്തിനു പിന്നിലെന്നും പ്രതിയെ കസ്റ്റഡിയിലെടുത്തെന്നുമാണ് സൂചന.

ഖത്തറിൽ പ്രവാസിയായ വിനോദന്റെയും ബിന്ദുവിന്റെയും മകളാണ്. സഹോദരങ്ങൾ: വിസ്മയ, വിപിന, അരുൺ.