Monday 10 January 2022 04:52 PM IST : By സ്വന്തം ലേഖകൻ

‘വാവയെ കാണാൻ അവളൊത്തിരി കൊതിച്ചതാണ്, ഒന്നെടുക്കാൻ പറ്റീലല്ലോ’: ആഗ്രഹം പറഞ്ഞു: കണ്ണീർചിത്രം തിരികെ നൽകി

vismaya-pic

ഇടനെഞ്ചിലെ തീയാണ്, പെൺമക്കളുള്ള അച്ഛനമ്മമാരുടെ ഉള്ളിലെ തീരാവേദനയാണ്. വിസ്മയയുടെ ചിരിക്കുന്ന മുഖം മലയാളി ഉള്ളിടത്തോളം കാലം മറക്കില്ല. സ്ത്രീധന പീഡനത്തിനൊടുവിൽ മനംനൊന്ത് ജീവിതം ഒരുമുഴംകയറിൽ ഒടുക്കിയ അവൾ എന്നെന്നും തീരാനോവാണ്. വിസ്മയയുടെ മരണം വിതച്ച വേദനകളിൽ നിന്നും ഇനിയും കരകയറാത്ത നെഞ്ചകങ്ങൾക്കു മുന്നിലേക്ക് ഇതാ ഒരു സങ്കടക്കാഴ്ച. ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും ബന്ധങ്ങളും ഇവിടെ ഉപേക്ഷിച്ചു പോയ വിസ്മയയുടെ ഓർമകളെ തിരികെ വിളിക്കുന്നത് അജില ജനീഷെന്ന കലാകാരിയാണ്.

സഹോദരൻ വിജിത്തിന്റെ കുഞ്ഞാവയെ ഒരുനോക്കു പോലും കാണാതെയാണ് അമ്മായി കൂടിയായ വിസ്മയ മരണത്തിന്റെ ലോകത്തേക്ക് മറയുന്നത്. മനമടുത്ത് വിസ്മയ മരണത്തിന്റെ വഴി തിരഞ്ഞെടുക്കുമ്പോൾ വിജിത്തിന്റെ ഭാര്യ ആറുമാസം ഗർഭിണി ആയിരുന്നു. ഒടുവിൽ കാത്തിരിപ്പുകൾ അവസാനിപ്പിച്ച് കൺമണി എത്തുമ്പോൾ വിസ്മയ ഈ ഭൂമിയിൽ ഇല്ലാ എന്ന വലിയ സങ്കടം ബാക്കി.

കുഞ്ഞാവയെ കാണാൻ ഭാഗ്യമില്ലാതെ പോയ വിസ്മയ തന്റെ വാവയെ ഒക്കത്തേറ്റി നിൽക്കുന്നത് കാണാനാണ് വിജിത്ത് കൊതിച്ചത്. സങ്കൽപ്പങ്ങളിൽ നിന്നുണ്ടായ ആ ആഗ്രഹം പങ്കുവച്ചതാകട്ടെ അജില ജനീഷിനോടും. ‘വാവയെ ഒന്നെടുക്കാൻ പറ്റീല... മോളെ വിസ്മയ എടുത്തോണ്ട് നിക്കുന്നതായി ഒരു പിക്ക് ചെയ്തു തരാമോ.’ വിജിത്തിന്റെ കണ്ണീരുറഞ്ഞ ആ ആഗ്രഹത്തിനു മീതേ അജിലയുടെ ഛായം പടർന്നു കയറിയപ്പോൾ അത് ഹൃദയം നിറയ്ക്കുന്ന കാഴ്ചയായി.

കുറിപ്പ് വായിക്കാം:

മാസങ്ങൾക്ക് മുൻപ് കേരളക്കര ഒന്നാകെ കണ്ണീരിലാഴ്ത്തിയ ഒരു ദിനം ഓർമയുണ്ടോ?

വിസ്മയ💔

സ്നേഹിക്കപ്പെടേണ്ട, സംരക്ഷിക്കപ്പെടെണ്ട കൈകളാൽ മനസ്സും, ശരീരവും ഒരുപോലെ ചവിട്ടി മെതിക്കപ്പെട്ടവൾ..
നീതിക്കുവേണ്ടി നെഞ്ചുപൊട്ടി കരഞ്ഞ ഒരേട്ടൻ്റെ കുഞ്ഞനുജത്തി.. എല്ലാം നഷ്ടപ്പെട്ടിട്ടും ഉള്ളിലൊതുക്കിയ തീയിൽ വെന്തുപോവാതെ അടക്കിപ്പിടിച്ച് നിവർന്നു നിൽക്കാൻ പാടുപെട്ട ഒരച്ഛൻ്റെ മകൾ..

എല്ലാവരെയും കണ്ണീരിലാഴ്ത്തി വിസ്മയ വിടപറയുമ്പോൾ അവൾ ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിച്ച് കാത്തിരുന്ന ഒരു കുഞ്ഞുണ്ടായിരുന്നു ചേച്ചിയുടെ ഉദരത്തിൽ.. അവളുടെ ജീവൻ്റെ ജീവനായ ഏട്ടൻ്റെ കുഞ്ഞ്...

അത്രയേറെ അവളെ സ്നേഹിക്കുന്ന സ്വർഗ്ഗം പോലൊരു കുടുംബം ഉള്ളപ്പോൾ ജീവിതം അവസാനിപ്പിക്കണമെങ്കിൽ എത്രത്തോളം ആ പാവം അനുഭവിച്ചുകാണും.. എന്തെല്ലാം വേദനകൾ സഹിച്ചുകാണും ...
അച്ഛൻ്റെയും അമ്മയുടെയും ഒരേയൊരു മാലാഖ, എത്രത്തോളം വേദന ആ മാതാപിതാക്കൾ അനുഭവിക്കുന്നുണ്ടാവും, എന്തെല്ലാം ചിന്തകൾ പേറിയായിരിക്കും ഓരോ നിമിഷങ്ങളും, ഓരോ ദിനങ്ങളും അവളുടെ ഓർമകൾ തിങ്ങി നിറഞ്ഞ ആ വീടിനുള്ളിൽ കഴിച്ചു കൂട്ടുന്നത്.. അവളുടെ ആ പ്രകാശം നിറഞ്ഞ മുഖവും, നുണക്കുഴി കവിളും, പുഞ്ചിരിയും, പൊട്ടിച്ചിരികളും ആ വീടിനുള്ളിൽ മായതെ കിടക്കുന്നുണ്ടാവില്ലേ..
എന്തെല്ലാം സ്വപ്നങ്ങൾ ബാക്കി നിർത്തിയാണവൾ യാത്രയായത്..

നഷ്ടമായത് ജീവനായി കരുതിയ അച്ഛനും അമ്മയ്ക്കും, ജീവൻ്റെ പാതിയായ ഏട്ടനും എട്ടത്തിക്കും, കുഞ്ഞിനും മാത്രം...

കുഞ്ഞിനെ ഒരുനോക്ക് കാണാനോ, നെഞ്ചോട് ചേർത്തു വെക്കാനോ പാട്ടുപാടി ഉറക്കാനോ അവൾക്ക് കഴിഞ്ഞില്ല.. ഇനിയൊരിക്കലും അത് സാധ്യവുമല്ല... ഇങ്ങനെ ഒരു ഫോട്ടോയിലൂടെ എങ്കിലും അവർ ഒന്നിക്കട്ടെ 😓