Saturday 11 September 2021 02:28 PM IST : By സ്വന്തം ലേഖകൻ

‘പീഡനം സഹിക്കാനാകാതെ ബാത്ത് ടവലിൽ എല്ലാം അവസാനിപ്പിച്ചു’: അവൾക്കായി സാക്ഷി പറയാൻ പലരും എത്തിയത് സ്വമേധയാ

vismaya-case-741

വീടിന്റെ നാലു ചുമരുകൾക്കുള്ളിൽ ഒതുങ്ങുന്ന ഗാർഹിക, സ്ത്രീധന പീഡന അനുഭവങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമായിരുന്നു കിരണും വിസ്മയയും തമ്മിലുള്ള പ്രശ്നങ്ങൾ. ഭർത്താവിൽ നിന്നുള്ള മാനസിക, ശാരീരിക പീഡനങ്ങളും രക്ഷിതാക്കളിൽ നിന്നും വേർപെടുത്താനുള്ള ശ്രമവും ഒടുവിൽ വിസ്മയയെ എത്തിച്ചത് ശുചിമുറി വെന്റിലേഷനിൽ ബാത്ത് ടവലിൽ ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനത്തിലേക്കായിരുന്നു. 

വിസ്മയ പഠിച്ചിരുന്ന പന്തളത്തെ ആയുർവേദ കോളജിന്റെ പരിസരത്തും വിസ്മയയുടെ വീട്ടിലും കിരണിന്റെ പോരുവഴിയിലെ വീട്ടിലും ഉൾപ്പെടെ ഒരു വർഷത്തിനിടെ വിസ്മയയ്ക്ക് കിരണിൽ നിന്നും പീഡനങ്ങളേറ്റ സ്ഥലങ്ങൾ ഏറെയാണ്. ആ പ്രദേശങ്ങളിലൊക്കെ വച്ച് കിരൺ വിസ്മയയെ ഉപദ്രവിക്കുന്നത് കണ്ടിരുന്ന കടയുടമകൾ, തൊഴിലാളികൾ, ഓട്ടോറിക്ഷ തൊഴിലാളികൾ, ഡ്രൈവർമാർ, പ്രദേശത്തെ ജനങ്ങൾ, വിസ്മയയുടെ സഹപാഠികൾ തുടങ്ങിയവരെല്ലാം കേസിൽ സാക്ഷികളാണ്. 

ഇവരിൽ പലരും സ്വമേധയാ അന്വേഷണസംഘത്തിനു മുൻപാകെ എത്തി വിവരങ്ങൾ കൈമാറുകയായിരുന്നു എന്ന പ്രത്യേകതയുമുണ്ട്. കല്യാണം കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കുള്ളിൽ യാത്രാമധ്യേ ഒരുവട്ടം കുണ്ടറ പേരയത്ത് വച്ച് റോഡിന്റെ സമീപത്തുള്ള ഹോംഗാർഡിന്റെ വീട്ടിലേക്കാണ് രക്ഷയ്ക്കായി വിസ്മയ ഓടിക്കയറിയത്. ഇതിനിടെ മാനസിക സമ്മർദം താങ്ങാനാകാതെ കൊച്ചിയിലെ കൗൺസലിങ് വിദഗ്ധനെയും വിസ്മയ ബന്ധപ്പെട്ടിരുന്നു. ഇവരെല്ലാം കേസിൽ പ്രോസിക്യൂഷൻ സാക്ഷികളാണ്. 

ഇടയ്ക്ക് സ്വന്തം വീട്ടിലേക്ക് മടങ്ങിയ വിസ്മയ പിന്നീട് കിരൺ വിളിച്ചപ്പോൾ കോളജിൽ നിന്നും പോരുവഴിയിലേക്ക് തിരിച്ചെത്തിയത് ഒരുമിച്ച് ജീവിക്കാനുള്ള കൊതി കൊണ്ടു മാത്രമായിരുന്നു. ഇതുകൊണ്ടാണ് കിരണിന്റെ പീഡനങ്ങളെല്ലാം സഹിച്ച് ഭർതൃവീട്ടിൽ തുടർന്നതെന്നും അന്വേഷണസംഘം പറയുന്നു. വിസ്മയയുടെയും കിരണിന്റെ വാട്സാപ് സന്ദേശങ്ങൾ ഉൾപ്പെടെ തെളിവുകളായി കുറ്റപത്രത്തിൽ അന്വേഷണസംഘം ഉൾപ്പെടുത്തിയിട്ടുണ്ട്.

More