Monday 17 June 2019 03:50 PM IST : By സ്വന്തം ലേഖകൻ

‘കുറഞ്ഞത് ഐഎസ്ആർഒയിൽ ശാസ്ത്രജ്ഞ!’; കരിക്കട്ട കൊണ്ട് സ്വപ്നങ്ങളെഴുതിയ ആദിവാസി പെൺകൊടി; അവൾക്കിന്ന് റാങ്കിന്റെ തിളക്കം

sukanya

ദാരിദ്ര്യത്തിന്റേയും പരിമിതികളുടേയും നിലയില്ലാക്കയത്തിൽ നിന്നും ഉയരങ്ങളിലേക്ക് പറന്നൊരു പെണ്ണൊരുത്തി. അവളുടെ വിജയഗാഥ കണ്ട് നാട് തന്നെ അഭിമാനം കൊള്ളുകയാണ്. ഇല്ലായ്മയുടെ മതിൽക്കെട്ടുകൾ താണ്ടി നേട്ടങ്ങളുടെ നെറുകയിലേക്ക് നടന്നു കയറിയ ആ പെൺകൊടിയുടെ പേര് സുകന്യ!

എഞ്ചിനിയറിംഗ് എൻട്രൻസ് പരീക്ഷയിൽ പട്ടികവർഗ വിഭാഗത്തിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ സുകന്യയുടെ വിജയഗാഥയ്ക്കു പിന്നിൽ കണ്ണീരിന്റെ ഉപ്പു കലർന്നിട്ടുണ്ട്. വേദനകളെ അധ്വാനത്തിന്റെ വിയർപ്പു തുള്ളികളാക്കി, കണ്ണീരിനെ കരളുറപ്പാക്കി അവൾ കൊയ്ത നേട്ടത്തിന്റെ കഥ സോഷ്യൽ മീഡിയക്ക് പരിചയപ്പെടുത്തുകയാണ് വികെ ജോബിഷ്. ഫെയ്സ്ബുക്കിലൂടെയാണ് ജോബിഷ് ആ അതിജീവന കഥ പങ്കുവച്ചിരിക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

ഇതാ പാണത്തൂരിൽ നിന്നും ഒരു യമണ്ടൻ വിജയഗാഥ..........................................

ജീവിതമുയർത്തുന്ന വലിയ വെല്ലുവിളികൾക്കു മുന്നിൽ മുട്ടുമടക്കുന്നവരാണ് നമ്മളിൽ കൂടുതൽപ്പേരും. എന്നാൽ ഓരോ വെല്ലുവിളിയിലും അതിനെ കീഴടക്കാനുള്ള മാരിവില്ലും പ്രകാശവുമുണ്ടെന്ന് ചിലർ നമുക്ക് കാണിച്ചു തരും.മനുഷ്യേച്ഛയുടെ അഗാധമായ ഖനിയിൽ നിന്ന് ഉശിരുനേടിയവർ. അവരാണ് ലോകത്തിന്റെ വഴികൾ. ഒഴികഴിവുകളുടെ നിലങ്ങളിൽ നിസ്സഹായരായി നിൽക്കുന്നവർക്ക് മുന്നോട്ട് നടക്കാൻ തീർച്ചയായും അവർ ആത്മവിശ്വാസം നൽകും. അതുകൊണ്ടുതന്നെ അവരെക്കുറിച്ച് നമ്മുടെ നാടറിയണം.ഇതാ അങ്ങനെയൊരു പെൺകുട്ടി കേരളത്തിന്റെ അതിർത്തിയിയുടെ ഉച്ചിയിലൊരിടത്ത്‌. കാസർഗോഡു ജില്ലയുടെ ഒരറ്റത്ത്.

കാഞ്ഞങ്ങാടുനിന്നും അൻപത് കിലോമീറ്റർ കിഴക്കോട്ട് പോയാൽ പുഴയും കുന്നും കാടും തോടും നിറഞ്ഞ മലയോര ഗ്രാമമായ പാണത്തൂരിലെത്താം.അവിടുന്ന് റാണിപുരത്തേക്കുള്ള താറിട്ട റോഡുവഴികളിലെ വളവുകളിലൊരിടത്തു നിന്നും മാറി മലയിടുക്കുകളിലൂടെ, മരയിടുക്കുകളിലൂടെ, ഒരല്പം നോട്ടം തെറ്റിയാൽ താഴോട്ടു പതിക്കുന്ന ഒറ്റവരിപ്പാതയിലൂടെ അരമണിക്കൂറോളം അകത്തേക്കക്കകത്തേക്ക് നടന്നാൽ ഒറ്റപ്പെട്ട ഒരു വീടു കാണാം. കനത്തൊരു മഴ പെയ്താൽ ചോർന്നൊലിച്ചില്ലാതായിത്തീർന്നേക്കാവുന്ന ആ വീടിന്റെ ചുമരിൽ പണ്ടെപ്പോഴോ കരിക്കട്ട കൊണ്ട് വലിയ അക്ഷരത്തിൽ സുകന്യ എന്നെഴുതിയതു കാണാം. അതെ; ഈ വർഷത്തെ എഞ്ചിനിയറിംഗ് എൻട്രൻസ് പരീക്ഷയിൽ പട്ടികവർഗ വിഭാഗത്തിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ സുകന്യയുടെ വീടാണത്. ഒരിക്കൽ സുകന്യ തന്നെയാണ് വീടിന്റെ ചുമരിൽ തന്റെ പേര് ആദ്യം വരഞ്ഞിട്ടത്‌.ദാരിദ്യം പിടിച്ച ആ ചുമരിൽനിന്ന് എന്നോ ഒരിക്കൽ ആ അക്ഷരങ്ങളെല്ലാം അവളുടെ നാടിന്റെ ചുമരിൽ പതിയുമെന്ന് ഈ പെൺകുട്ടി സ്വപ്നം കണ്ടിരുന്നോ.! അറിയില്ല.

പക്ഷെ തന്റെ ദാരിദ്ര്യത്തിൽ നിന്നും നിശ്ചയദാർഢ്യത്തിന്റെ ചിറകുകൾകൊണ്ട് ഉയരങ്ങളിലേക്ക് പറക്കണമെന്ന് അവൾ സ്വപ്നം കണ്ടിരുന്നെന്നുറപ്പാണ്.

'ഏറ്റവും കുറഞ്ഞത് ISRO യിൽ സയൻറിസ്റ്റെങ്കിലുമാകണം. സ്കൂളിൽ പഠിക്കുമ്പോഴേയുള്ള എന്റെ ആഗ്രഹമാണ്'

'ആകണമെന്നല്ല. ആകും'ഇപ്പോൾ സുകന്യ ഒന്നുകൂടി ഉറപ്പിച്ചു പറയുന്നു.

സുകന്യ എന്ന പേര് ഇന്നിപ്പോൾ ഈ നാട്ടിലെ ചുമരിൽ മാത്രമല്ല കേരളത്തിന്റെ വിദ്യാഭ്യാസ വിജയത്തിന്റെ ചരിത്രഗാഥയിൽ തങ്കലിപികളിലെഴുതപ്പെട്ടു കഴിഞ്ഞു. വിപരീതങ്ങളോടേറ്റുമുട്ടുമ്പോഴാണ് വിജയത്തിന്റെ രുചിക്ക് മാധുര്യമേറുന്നതെന്ന് സുകന്യയെപ്പോലുള്ളവർ പിന്നെയും പിന്നെയും പ്രാരാബ്ധംനിറഞ്ഞ ഈ ലോകത്തെ പഠിപ്പിക്കുകയാണ്. ഓർമ്മിപ്പിക്കുകയാണ്.

സുകന്യയെ മുഴുവനായി കാണാൻ പിന്നെയും പിന്നോട്ട് പോണം. പതിമൂന്ന് വർഷം മുമ്പാണ് സുകന്യയുടെ അച്ഛൻ ലക്ഷ്മണൻ ഹൃദയാഘാതം വന്ന് മരണപ്പെട്ടത്. തന്റെ രണ്ട് ചേച്ചിമാരും അനുജനും താനും അമ്മയും നിസ്സഹായരായിപ്പോയ സമയം. അതുവരെ വീടിനു പുറത്തേക്ക് തൊഴിലുകൾക്കൊന്നും പോയി പരിചയമില്ലാത്ത അമ്മ പത്മാവതി. അതിനുശേഷം വേദനകളുടെ മല കയറിയുമിറങ്ങിയുമാണ് കർണാടകക്കാരിയായ ആ അമ്മ തന്റെ നാല് മക്കളെ വളർത്തിയതും പഠിപ്പിച്ചതും.പത്മാവതി തൊഴിലുറപ്പിനു പോകുന്നതു കൊണ്ടു മാത്രമാണ് ഇപ്പോഴും കുടുംബം കഴിഞ്ഞു പോകുന്നത്. അതുകൊണ്ടാണ് ഈ വിജയത്തിനുത്തരവാദി അമ്മ മാത്രമാണെന്ന് തന്നെ കാണാൻ വരുന്നവരോടെല്ലാം സുകന്യ ഉറപ്പിച്ചു പറയുന്നത്.ആ അമ്മയ്ക്കുവേണ്ടിയുള്ളതാണ് ഞങ്ങളുടെ പഠനം. സുകന്യയുടെ ചേച്ചി ശരണ്യ കോഴിക്കോട് ദേവഗിരി കോളെജിൽ എം.എസ് സി കെമിസ്ട്രിക്കു പഠിക്കുകയാണ്. മറ്റൊരാൾ കാഞ്ഞങ്ങാട് മെഡിക്കൽ ലാബ് ടെക്നീഷ്യൻ. അനിയൻ ശിവപ്രസാദ് പനത്തടി സ്കൂളിൽ പത്താം ക്ലാസിലും. നിശ്ചയദാർഡ്യത്തോടെ പഠിച്ചാൽ ഈ ലോകം തങ്ങൾക്കു പിന്നാലെ വരുമെന്ന് ഈ അമ്മയുടെ മക്കൾക്കറിയാം.

കഠിനാധ്വാനത്തോടെ പഠിച്ചാൽ ഏത് ഉയരങ്ങളിലേക്കും കയറിപ്പോകാമെന്ന് സുകന്യയും ചെറുപ്രായത്തിലേ മനസിലിട്ടിരുന്നു. അച്ഛൻ ലക്ഷ്മണന് വിദ്യാഭ്യാസം കിട്ടിയിരുന്നില്ല. അമ്മ പത്മാവതി കർണാടകക്കാരിയായിരുന്നതിനാൽ മലയാളം പറയാനല്ലാതെ ഇപ്പോഴും എഴുതാനും വായിക്കാനുമറിയില്ല. ആ വീട്ടിൽ നിന്നാണ് SSLC ക്കും പ്ലസ്ടുവിനും മുഴുവൻ വിഷയങ്ങൾക്കും സുകന്യ എ പ്ലസ് നേടിയത്. മാത്രമല്ല പട്ടികവർഗവിഭാഗത്തിൽ ജില്ലയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ വിദ്യാർത്ഥിയായിരുന്നു സുകന്യ അന്ന്. ഇന്ന് എൻട്രൻസ് ഫലം വന്നപ്പോൾ കേരളത്തിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ വിദ്യാർത്ഥിയായി. നാളെ രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന വിദ്യാർത്ഥിയാവാം സുകന്യ. കാരണം ഇപ്പോൾ അവളുടെ സ്വപ്നങ്ങളുടെ ചിറകുകളിലേക്ക് നേരത്തെയുണ്ടായിരുന്നതിന്റെ പത്തിരട്ടി ആത്മവിശ്വാസത്തിന്റെ കരുത്തിറങ്ങിക്കഴിഞ്ഞു.ഇനി സുകന്യയ്ക്ക് വിശ്രമമില്ല.

'ജോയിന്റ് എൻട്രൻസ് എക്സാം (അഡ്വാൻസ്ഡ്) പരീക്ഷയുമെഴുതിയിട്ടുണ്ട്. അതിന്റെ റിസൽറ്റുകൂടി വന്നിട്ട് തീരുമാനിക്കണം ബാക്കി കാര്യങ്ങൾ.കാലിക്കറ്റ് എൻ.ഐ.ടിയിൽ ചേരണമെന്നാണാഗ്രഹം'

സുകന്യ പറഞ്ഞുനിർത്തി.

പാണത്തൂർ കുണ്ടുപ്പള്ളിയിലെ മലമുകളിൽ താമസിക്കുന്നവരധികവും ഗോത്രവർഗ വിഭാഗത്തിൽപ്പെട്ടവരാണ്. അവരുടെ ഇടയിൽനിന്ന് ഇതുപോലുള്ള വിജയകഥകൾ ഇതിനുമുൻപ് ലോകം കേട്ടിട്ടില്ല. പല കാരണങ്ങൾ കൊണ്ട് വിദ്യാഭ്യാസം തുടരാത്തവരാണധികവും. അവിടുന്നാണ് മാറ്റത്തിന്റെ കല്പടകളിൽ ആഞ്ഞുചവിട്ടി വിജയഗാഥയുടെ സന്ദേശവുമായി ഈ പെൺകുട്ടി വരുന്നത്. തീർച്ചയായും അവളുടെ വഴികൾ നാളെയുടെ മൊഴികളാകണം.

vk Jobhish