Monday 17 July 2017 02:52 PM IST : By സ്വന്തം ലേഖകൻ

സംവരണത്തിൽ പോയതല്ല, മാർക്ക് കുറവായത് കൊണ്ടാണ് അഡ്മിഷൻ കിട്ടാഞ്ഞതെന്ന് വി.ടി ബല്‍റാം; വിദ്യാര്‍ത്ഥിയുടെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടി

vtb

പ്ലസ്ടുവിന് 79 ശതമാനം മാര്‍ക്കുണ്ടായിട്ടും കോളേജില്‍ അഞ്ച് അലോട്ട്മെന്റിലും അഡ്മിഷന്‍ കിട്ടാത്തതിനാല്‍ കൃഷിചെയ്യാന്‍ പോകുകയാണെന്നുള്ള വിദ്യാര്‍ത്ഥിയുടെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി വി.ടി ബല്‍റാം എം.എല്‍.എ. സംവരണക്കാര്‍ക്ക് എത്ര മാര്‍ക്ക് കുറഞ്ഞാലും സീറ്റ് കിട്ടുമെന്നും തനിക്ക് അത്തരത്തിൽ യോഗ്യത ഇല്ലാത്തതിനാലാണ് ഈ ഗതികേട് വന്നതെന്നുമായിരുന്നു ലിജോ ജോയ് എന്ന വിദ്യാർത്ഥിയുടെ പോസ്റ്റ്. ഫെയ്സ്ബുക്കിലൂടെ പാടത്ത് തൂമ്പായുമെടുത്തു കിളയ്ക്കുന്ന ചിത്രത്തിനൊപ്പം പങ്കുവച്ച പോസ്റ്റ് ഇതിനോടകം ചർച്ചയായിരുന്നു. എന്നാൽ ഇത് തെറ്റാണെന്നും സംവരണമല്ല ഉയർന്ന മാർക്ക തന്നെയാണ് അഡ്മിഷൻ ലഭിക്കുന്നതിലെ പ്രധാന മാനദണ്ഡമെന്ന് ബൽറാം പറയുന്നു.

ഈ നാട്ടിലെ എല്ലാ സീറ്റുകളും ജാതിയുടെ പേരില്‍ സംവരണം ചെയ്തിട്ടൊന്നുമില്ലെന്നും താങ്കളുടെ സമുദായത്തിന് കേരള സമൂഹത്തില്‍ എത്ര ശതമാനം ജനസംഖ്യ ഉണ്ടോ അതിന്റെ ഏതാണ്ട് മൂന്ന് ഇരട്ടിയോളം സീറ്റുകളിലേക്ക് ഇപ്പോഴും മാര്‍ക്ക് മാത്രം നോക്കിയാണ് അഡ്മിഷന്‍ നടത്തപ്പെടുന്നതെന്നും വി.ടി ബല്‍റാം മറുപടി പോസ്റ്റില്‍ പറയുന്നു. ആ കൂട്ടത്തില്‍ താങ്കള്‍ക്ക് ഉള്‍പ്പെടാന്‍ കഴിയാതെ പോയത് താരതമ്യേന മാര്‍ക്ക് കുറവായത് കൊണ്ട് മാത്രമാണെന്നും അതായത് മെറിറ്റ് ഇല്ലാത്തത് കൊണ്ടാണെന്നും ബല്‍റാം വ്യക്തമാക്കുന്നു.

79.7 മാർക്ക് വാങ്ങിയിട്ടും അഞ്ച് അലോട്ട്മെന്റിലും പേരില്ല; തൂമ്പയുമെടുത്ത് പണിക്കിറങ്ങിയ വിദ്യാർഥിയുടെ അനുഭവക്കുറിപ്പ്

വിടി ബൽറാമിന്റെ മറുപടി പോസ്റ്റിന്റെ പൂർണരൂപം ചുവടെ

പൊന്ന് അനുജാ,

സാമ്പത്തിക സംവരണ വാദികൾ കുറേ നാളായി പ്രചരിപ്പിച്ച്‌ വരുന്ന ആവലാതിയും ഇച്ഛാഭംഗവുമാണ്‌ താങ്കളുടെയും പോസ്റ്റിൽ. ചെറിയ പ്രായമായതുകൊണ്ട്‌ ഇന്ത്യ എന്ന നമ്മുടെ വലിയ രാജ്യത്തിലെ സാമൂഹികവും സാമ്പത്തികവുമൊക്കെയായുള്ള സങ്കീർണ്ണതകൾ അതിന്റേതായ ആഴത്തിൽ മനസ്സിലാക്കാൻ ഇതുവരെ കഴിയാതെ പോയത്‌ അനുജന്റെ മാത്രം കുഴപ്പമല്ല. സവർണ്ണ സമുദായങ്ങളിൽപ്പെട്ട ഒരുപാട്‌ മിഡിൽ ക്ലാസ്‌ ചെറുപ്പക്കാർ താങ്കളുടെ ഈ വികലമായ സാമൂഹിക ബോധങ്ങൾ പങ്കുവെക്കുന്നവരായുണ്ട്. അതുകൊണ്ട്‌ ബേസിക്കായി ചില കാര്യങ്ങളെങ്കിലും മനസ്സിലാക്കുക.

1) ഈ നാട്ടിലെ എല്ലാ സീറ്റുകളും ജാതിയുടെ പേരിൽ സംവരണം ചെയ്തിട്ടൊന്നുമില്ല. താങ്കളുടെ സമുദായത്തിന്‌ കേരള സമൂഹത്തിൽ എത്ര ശതമാനം ജനസംഖ്യ ഉണ്ടോ അതിന്റെ ഏതാണ്ട്‌ മൂന്ന് ഇരട്ടിയോളം സീറ്റുകളിലേക്ക്‌ ഇപ്പോഴും മാർക്ക്‌ മാത്രം നോക്കിയാണ്‌ അഡ്‌മിഷൻ നടത്തപ്പെടുന്നത്‌. ആ കൂട്ടത്തിൽ താങ്കൾക്ക്‌ ഉൾപ്പെടാൻ കഴിയാതെ പോയത്‌ താരതമ്യേന മാർക്ക്‌ കുറവായത്‌ കൊണ്ട്‌ മാത്രമാണ്‌. അതായത്‌ മെറിറ്റ്‌ ഇല്ലാത്തത്‌ കൊണ്ടാണ്‌.

2) ഇത്‌ മനസ്സിലാക്കാൻ താങ്കളടക്കം പലർക്കും സാധിക്കുന്നില്ല. കാരണം നമുക്ക്‌ മുന്നിലുള്ള അവസരങ്ങളേക്കുറിച്ചും നമുക്കനുകൂലമായ സാഹചര്യങ്ങളേക്കുറിച്ചും ചിന്തിച്ച്‌ അത്‌ പ്രയോജനപ്പെടുത്താനല്ല, മറ്റുള്ളവർക്ക്‌ എന്ത്‌ കിട്ടുന്നുവെന്ന് ആലോചിച്ച്‌ അസൂയപ്പെടാനാണ്‌ പൊതുവേ ഏതൊരാൾക്കും താത്പര്യം. ഇത്‌ താങ്കളുടെ മാത്രം കാര്യമല്ല, ഒരു പൊതു സ്വഭാവമാണ്‌.

3)‌ "കാട്‌ പിടിച്ച്‌ കിടക്കുന്ന സ്വന്തം സ്ഥലം വൃത്തിയാക്കി വല്ല കൃഷിക്കും പോവാൻ" താങ്കൾക്ക്‌ കഴിയുന്നുണ്ട്‌. അതുകൂടി ഈ നാട്ടിലെ സിസ്റ്റത്തിന്റെ അവസ്ഥയെയാണ്‌ സൂചിപ്പിക്കുന്നത്‌. ഭൂമി കൃഷിക്കായി ആവശ്യമില്ലാത്ത ആളുകളുടെ കയ്യിൽ കാടുപിടിച്ച്‌ കിടക്കുകയാണ്‌ നമ്മുടെ നാട്ടിലെ കൃഷിഭൂമിയിലെ നല്ലൊരു പങ്കും. അതുകൊണ്ട്‌ ഏത്‌ സമയത്തും ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ താങ്കളുടെ മുന്നിലുള്ള ആ ചോയ്സ്‌ ഈ നാട്ടിലെ മഹാഭൂരിപക്ഷം ആളുകൾക്കും, പ്രത്യേകിച്ച്‌ താങ്കൾ പറഞ്ഞ "താഴ്‌ന്ന ജാതിയിൽപ്പെട്ട കൂട്ടുകാർക്ക്‌" ഇല്ല. സഹപാഠികൾക്കിടയിൽ ഒന്ന് അന്വേഷിച്ചാൽ മനസ്സിലാവും.

4) ഇങ്ങനെ അവർക്കുള്ള പലതരം പരിമിതികളേയും മുന്നിൽക്കണ്ട്‌ അവർക്ക്‌ നൽകുന്ന അധിക പരിരക്ഷയാണ്‌ സംവരണം. അത്‌ നൽകിയില്ലെങ്കിൽ നിങ്ങളേപ്പോലെ എല്ലാം ഉള്ളവർ മാത്രം വീണ്ടും വീണ്ടും അവസരങ്ങൾ കൊണ്ടുപോകും. അതാണ്‌ നമ്മുടെ അനുഭവം. സംവരണം നൽകിയിട്ടും പല സമുദായങ്ങൾക്കും ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം പല മേഖലകളിലും ലഭിക്കുന്നില്ല. ഈ സാഹചര്യത്തിൽ ഉള്ള സംവരണം കൂടി എടുത്ത്‌ മാറ്റിയാൽ എന്ത്‌ സംഭവിക്കുമെന്ന് ചിന്തിക്കാൻ താങ്കളുടെ പ്രായത്തിലുള്ള ഒരു കുട്ടിക്ക്‌ പോലും കഴിയേണ്ടതുണ്ട്‌.

5) കൃഷി അങ്ങനെ ഒരു മോശം ചോയ്സ്‌ അല്ല, നിരാശാബാധിതർ മാത്രം ചെയ്യേണ്ട ഒന്നല്ല.

അതുകൊണ്ട്‌ ധൈര്യമായി കാട്‌ കിളച്ചോളൂ. താങ്കളിലൂടെ ഒരു നല്ല കർഷകനെ നാടിന്‌ കിട്ടട്ടെ.