Thursday 13 January 2022 04:52 PM IST : By സ്വന്തം ലേഖകൻ

‘ജനിച്ചിട്ട് ഇട്ടേന്നവരെ കണ്ടിട്ടില്ല, അങ്ങനൊരാളുണ്ടോ എന്ന് ചോദിച്ചിട്ടുമില്ല’: അമ്മയുടെ മകൾ: ഹൃദയംതൊടും കുറിപ്പ്

vaishnavi

അച്ഛനില്ലാത്തത്തിന്റെ കഷ്ടപ്പാടുകൾക്കിടയിലും വഴിവിളക്കായി നിന്ന അമ്മയെക്കുറിച്ച് വികാരനിർഭരമായി കുറിക്കുകയാണ് വൈഷ്ണവി. ജനിച്ചിട്ടേന്നവരെ അച്ഛനെ കണ്ടിട്ടില്ല... അങ്ങനൊരാളുണ്ടോ എന്ന് ചോദിച്ചിട്ടുമില്ല, പക്ഷേ അങ്ങനൊരാളില്ല എന്ന സങ്കടം മറക്കാൻ അമ്മയുടെ സ്നേഹവും കരുതലും മാത്രമായിരുന്നു ജീവിതത്തിൽ കൂട്ടെന്ന് വൈഷ്ണവി കുറിക്കുന്നു. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെട്ട നാളുകളിൽ നാടകത്തിൽ അഭിനയിച്ച് തങ്ങളെ പോറ്റിയ അമ്മയോടുള്ള സ്നേഹം മുഴുവനുമുണ്ട് വൈഷ്ണവിയുടെ കുറിപ്പിൽ. അഭിനയ മോഹം ഉള്ളിൽ പകർന്നു തന്ന അമ്മയുടെ ത്യാഗവും വൈഷ്ണവിയുടെ കുറിപ്പിലുണ്ട്. ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പ് ഒരൽപം കണ്ണീർ പൊഴിക്കാതെ വായിച്ചു തീർക്കാനാകില്ല.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ജനിച്ചിട്ടേന്നവരെ കണ്ടിട്ടില്ല... അങ്ങനൊരാളുണ്ടോ എന്ന് ചോദിച്ചിട്ടില്ല... അങ്ങനൊരാളില്ല എന്ന സങ്കടം തോന്നിയിട്ടുമില്ല. എന്നിട്ടും എന്തോ കുട്ടിയുടെ അച്ഛൻ കാണാൻ വന്നിട്ടുണ്ടെന്ന് ടീച്ചർ പറഞ്ഞപ്പോ ആ രണ്ടാം ക്ലാസുകാരി അത്ഭുതം കൊണ്ട് കണ്ണുമിഴിച്ചു. അച്ഛനെ കാണാൻ ബെഞ്ചിൽ നിന്നെഴുന്നേറ്റ സെക്കന്റുകൾ മണിക്കൂറുകൾ പോലെ തോന്നി. കാലുകൾക് ഭാരം തോന്നി. ഗൾഫിലുള്ള അച്ഛനെന്നു എല്ലാരും പറഞ്ഞു പഠിപ്പിച്ച അച്ഛനാണോ വന്നേ? കണ്ടാൽ ഞാനെന്താ പറയുക, ആദ്യായിട്ടല്ലേ കാണുന്നെ എന്നെ കണ്ടാൽ മനസ്സിലാകുമോ, ഞാൻ ഇന്ന് യൂണിഫോം ഇടണ്ടാരുന്നു, വീട്ടിൽ ചെന്നാൽ ഇനി 'അമ്മ വഴക്ക് പറയുമോ? അച്ഛനെ എന്താ വിളിക്കുക എങ്ങനെയാ ചോദികുക...തുടങ്ങി നൂറായിരം ചിന്തകൾ മനസിലൂടെ പാഞ്ഞു പോയെങ്കിലും,വേറൊന്നും ചോദിച്ചില്ലേലും എന്തിനാ അച്ഛാ എന്നെ കളഞ്ഞിട്ട് പോയെ എന്ന് ചോദിക്കണം എന്നുറപ്പിച്ചു. ഇതെല്ലാം നിമിഷങ്ങൾ കൊണ്ട് മനസിലൂടെ കടന്നു പോയതാണ്. അപ്പോഴേക്കും ടീച്ചർ പറഞ്ഞു... അയ്യോ എനിക്ക് തെറ്റിയതാണ് കുട്ടിയുടെ അച്ഛനല്ല കാവേരിയുടെ അച്ഛനാണ് വന്നത് അന്നാദ്യമായി അച്ഛനെ കാണാൻ കൊതി തോന്നി.

ഉറ്റ കൂട്ടുകാരി കാവേരിയോട് ദേഷ്യം തോന്നി.കണ്ണ് നിറഞ്ഞു. കാലം കടക്കുംതോറും ജീവിതത്തിന്റെ ഒറ്റയാൾ പോരാട്ടത്തിൽ 'അമ്മ കശുവണ്ടി തൊഴിലാളിയയും വീട്ടുജോലിക്കാരിയായും വേഷം കെട്ടി. കാലത്തിന്റെ നിയോഗം പോലെ അമ്മയുടെ ഇഷ്ട വേദിയായ നാടകത്തിലേക്കും എത്തിപ്പെട്ടു. അന്ന് നാടക നടി എന്ന് പറഞ്ഞാൽ വേറെന്തോ വൃത്തികെട്ട പണിക്കു പോകുന്നപോലെയാ ആൾക്കാര് കണ്ടേ. ഭർത്താവില്ലാത്ത സ്ത്രീയ്ക് നാട്ടിലെ പ്രമുഖൻമാരും കുലസ്ത്രീകളും ചാർത്തികൊടുക്കുന്ന ഒരു പൊതുധാരണ പട്ടം ഉണ്ടല്ലോ, അതിനു അന്ന് നല്ല പ്രഭയുള്ള കാലം. രാത്രികാലങ്ങളിൽ നാടകം കഴിഞ്ഞു വരുന്ന അമ്മയെ (ഭർത്താവില്ലാത്ത സ്ത്രീ )മോശം പറയാൻ കുടുംബക്കാരടക്കം മുൻപന്തിയിലുണ്ടയായിരുന്നു.

സ്റ്റേജുകളിലെ അമ്മയുടെ വേഷ പകർച്ചകൾ എന്നിലെ കൗമാരകാരിക് അത്ഭുതമായിരുന്നു. ബാലെ കളിൽ ദേവിയായും വൃദ്ധയായയും 'അമ്മ നിമിഷ നേരം കൊണ്ട് മാറി വന്നു. Double ഒക്കെ കഴിഞ്ഞ് വന്നു കിടന്നുറങ്ങുന്ന അമ്മയെ കാണുമ്പോൾ കണ്ണ് നിറയും. ആരുമില്ല കൂടെ. നോക്കാൻ ആളില്ല. താങ്ങാൻ ആളില്ല. തോട്ടുവരമ്പിൽ കെട്ടുറപ്പില്ലാത്ത വീട്ടിൽ വയസ് എത്തിയ മകൾക് വേണ്ടി രാത്രി ഉങ്ങാതെ കാവലിരുന്ന ഒരു അമ്മയും രണ്ടാം ജീവിതത്തിന്റെ തകർച്ചയിൽ കിട്ടിയ ഒരു കുഞ്ഞനുജനും മാത്രമായിരുന്നു അന്നത്തെ സമ്പാദ്യം. അമ്മയുടെ അഭിനയം കണ്ടിട്ടാവണം സ്കൂൾ തലം മുതലേ നമ്മളും എല്ലാത്തിനും ഇണ്ട്. 'അമ്മ നന്നായി പ്രോത്സാഹിപ്പിക്കുകയും ചെയ്തു. കൂടെ ബാലെ ചെയ്യേണ്ട ഒരു കുട്ടിക്ക് അസ്വസ്ഥത ഉണ്ടായതിനാൽ ശിവരാത്രി പ്രോഗ്രാമിന് വേണ്ടി ഒറ്റ ദിവസം കൊണ്ട് ക്ലാസിക്കൽ ഡാൻസ് പഠിപ്പിച്ചു നർത്തകിയായി അമ്മയോടൊപ്പം വേദിപങ്കിട്ടു.

അന്ന് ഞാൻ അനുഭവിച്ച സന്തോഷം ഇനി ഒരു നൂറുസിനിമയിൽ അവസരം കിട്ടിയാൽ പോലും ഇണ്ടാകില്ല. ആരോടും പറഞ്ഞിരുന്നില്ല എങ്കിലും അഭിനയം ഇഷ്ടമായി തോന്നി തുടങ്ങി, അതിനുള്ള മെയിൻ പ്രചോദനം അച്ഛനെ കണ്ടുപിടിക്കുക എന്നുള്ളത് ആയിരുന്നു. അന്നത്തെ വിചാരം നടിയായാൽ കുറെ പൈസ കിട്ടും അമ്മേനെ നോക്കണം അനിയനെ പഠിപ്പിക്കണം അത്കഴിഞ്ഞ് കളഞ്ഞിട്ട് പോയ അച്ഛന്റെ മുൻപിൽ പോയി നിന്ന് കുറെ സിനിമ dialogue അടിക്കണം എന്നൊക്കെ ആയിരുന്നു. ഉത്സവപറമ്പുകളിലെ പ്രോഗ്രാമുകൾ കഴിഞ്ഞ് ആളുകൾ പിന്തിരിയുമ്പോൾ എന്നെയും കൊണ്ട് 'അമ്മ സ്റ്റേജിനു പിന്നിലേക്ക് പോകും.

കലാകാരന്മാരെ അഭിനന്ദിക്കും വീട്ടിലേക്കു ഭക്ഷണം കഴിക്കാൻ ക്ഷണിക്കും. സ്റ്റേജ് പ്രോഗ്രാമുകളിലെ ഭക്ഷണത്തെക്കുറിച്ചു നല്ല പരിചയമുള്ള അമ്മയ്ക്ക് അവരുടെ ബുദ്ധിമുട്ടുകൾ പെട്ടെന്ന് മനസിലാകുമായിരുന്നു. ഒരു മുൻപരിചയവുമില്ലാത്ത അവര്‍ക്ക് ഭക്ഷണം എത്തിച്ചും കിടക്കാൻ സൗകര്യം കൊടുത്തും 'അമ്മ എനിക്ക് കുറെ കാര്യങ്ങൾ പഠിപ്പിച്ചു തന്നു. കൊല്ലത്തു എവിടെ പ്രോഗ്രാമുകൾ വന്നാലും 'അമ്മ അവിടെ പോയി പ്രോഗ്രാമുകൾ കാണുകയും ആർട്ടിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുകയും സൗഹൃദം കാത്തുസൂക്ഷിക്കുകയും ചെയ്തിരുന്നു. പിന്നീടുള്ള എന്റെ ജീവിതത്തിൽ അഭിനയത്തെക്കുറിച്ചു ആലോചിക്കാൻ പോലും ഇടം കിട്ടിയില്ല. പക്ഷെ നമുക്കുള്ളിലെ തീ അണയുന്നില്ലല്ലോ?

വിവാഹം കഴിഞ്ഞ് സമ്മതങ്ങൾക് കാത്തുനിന്ന് ഒതുങ്ങി പോകുമെന്ന് തോന്നിയപോൾ വീണ്ടും ചില സുഹൃത്തുക്കളുടെ ഹ്രസ്വവഴി അഭിനയത്തിലേക്. ഇത് തന്നെയാണ് ഇവളുടെ തലയ്ക്കകത്തു എന്ന് മനസിലായത് കൊണ്ടാവണം എതിർത്തവരൊക്കെ അനുകൂലിക്കാൻ തുടങ്ങി.മൂന്ന് ഹ്രസ്വചിത്രങ്ങൾക്കിപ്പുറം അടുത്ത സുഹൃത്തിന്റെ മറ്റൊരു വർക് വഴി അസിസ്റ്റന്റ് ഡയറക്ടർ ആയും വേഷം ഇടാൻ ഒരുങ്ങുന്നു. അവസരങ്ങളുണ്ട് അഡ്ജസ്റ്റ് ചെയ്യണം എന്ന് പറഞ്ഞു നിരവധി സുഹൃത്തുക്കൾ മെസേജ് അയക്കാറുണ്ട്. അത്തരം അവസരങ്ങളോടെനിക് താല്പര്യമില്ല. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ കൂടെ ചേർന്ന ചുരുക്കം ചില സൗഹൃദങ്ങളുമുണ്ട് നിങ്ങൾക് ഉയരമില്ല.

നായികയാവാൻ പറ്റില്ല എന്ന് പറയുന്നവരോട്, എനിക്ക് നായികയാവണ്ട നല്ലൊരു നടിയായാൽ മതി ചങ്ങായി ആ രണ്ടാം ക്ലാസുകാരിക് ഇന്നും ഇടനാഴിയിൽ കാത്തുനിന്ന, ഒരിക്കലും കണ്ടിട്ടില്ലാത്ത, തിരിച്ചുവരാത്ത അച്ഛനെ ഒരുനോക്കുകാണാൻ, ആരാണെന്നുപോലും അറിയിക്കാതെ, ജനിപ്പിച്ച ആ രൂപത്തെ ഒരുനോക്ക് അറിയാൻ, കളഞ്ഞിട്ട് പോയിട്ടും ആത്മഹത്യ ചെയ്യാതെ ഇവിടം വരെ എത്തി എന്നു തെളിയിക്കാൻ എനിക്ക് എന്തേലും ആയെ മതിയാകൂ നേരിന്റെ മാർഗത്തിൽ നേരായ പാതയിൽ എത്തിച്ചേരുമെന്ന വിശ്വാസവും ശുഭ പ്രതീക്ഷയുമുണ്ട് കലാരംഗത്തോടുള്ള ഇഷ്ടവും ബഹുമാനവും ഇന്നും കാത്തുസൂക്ഷിക്കുന്ന ഒരമ്മയുടെ മകൾക് ഒന്നും ആകാതിരിക്കാൻ കഴിയില്ലല്ലോ...