Saturday 03 August 2019 03:27 PM IST : By സ്വന്തം ലേഖകൻ

വഫ പ്രവാസി മോഡൽ! ശ്രീറാം വന്നത് പാർട്ടി കഴി‍ഞ്ഞെന്നും മൊഴി; മരണപ്പാച്ചിലിന് കാറിന് പിഴയിട്ടത് മൂന്ന് തവണ

wafa-2

മാധ്യമപ്രവർത്തകൻ കെഎം ബഷീറിന്റെ മരണത്തിന് കാരണമായ വാഹനാപകടവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങൾ പുറത്ത്. ബഷീറിനെ ഇടിച്ചിട്ട ഫോക്‌സ് വാഗണ്‍ വെന്റോ കാര്‍ കഴിഞ്ഞ മൂന്നു മാസത്തിനിടയില്‍ അമിത വേഗതയ്ക്ക് കേസില്‍ കുടുങ്ങിയത് മൂന്ന് തവണ. പ്രവാസിയായ മലയാളി മോഡല്‍ വഫാ ഫിറോസിന്റെ പേരിലാണ് കാർ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അപകടം നടക്കു​മ്പോള്‍ വഫയും സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനൊപ്പം കാറിലുണ്ടായിരുന്നു.

2013ല്‍ വാങ്ങിയ കെ എല്‍ -1-ബിഎം 360 എന്ന ഫോക്‌സ് വാഗണ്‍ വെന്റോയുടെ ചില്ലുകള്‍ കറുത്ത കൂളിംഗ് സ്റ്റിക്കര്‍ കൊണ്ട് മറച്ചിരിക്കുന്ന നിലയിലാണ്. ശ്രീറാം വെങ്കിട്ടരാമന്റെ സുഹൃത്തായ വഫാ വിവാഹിതയും അബുദാബിയിൽ താമസാക്കിയ മോഡലെന്ന നിലയിലുമാണ് അറിയപ്പെടുന്നത്. കുടുംബം അബുദാബിയിൽ ആണെങ്കിലും തിരുവനന്തപുരത്താണ് താമസിക്കുന്നത്. പട്ടം മരപ്പാലം സ്വദേശിയായ വഫയുടെ സ്വദേശം ആറ്റിങ്ങലാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

ഫെയ്സ് സ്ബുക്ക് വഴിയാണ് ശ്രീറാമിനെ പരിചയപ്പെട്ടതെന്നു യുവതി മൊഴി നല്‍കിയിട്ടുണ്ട്. അമിതവേഗമായിരുന്നു അപകടത്തിന് കാരണമായതെന്നും ശ്രീറാം മദ്യപിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. അപകടം നടക്കുമ്പോള്‍ ശ്രീറാമാണ് വാഹനം ഓടിച്ചിരുന്നതെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്. കവടിയാറില്‍ നിന്നുമാണ് ശ്രീറാം കാറില്‍ കയറിയതെന്നും അതിന് ശേഷം വാഹനം ഓടിച്ചത് ശ്രീറാമായിരുന്നെന്നും യുവതി പറഞ്ഞു. രാത്രി വിളിച്ച് ശ്രീറാം വെങ്കിട്ടരാമൻ വാഹനം ആവശ്യപ്പെട്ടതുകൊണ്ടാണ് അടുത്തെത്തിയതെന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയത്. രാത്രി 12.40 ഓടെ കാറുമായി കവടിയാറെത്തുകയായിരുന്നു.

നേരത്തെ വാഹനം ആരാണ് ഓടിച്ചിരുന്നത് സംബന്ധിച്ച് സ്ഥിരീകരണം ഉണ്ടായിരുന്നില്ല. വാഹനം ഓടിച്ചത് ശ്രീറാം അല്ല എന്ന് വരുത്തി തീർക്കാൻ ബോധപൂർവമായ ശ്രമം നടന്നുവെന്നും ആരോപണമുണ്ടായിരുന്നു. ദൃക്സാക്ഷി മൊഴികൾ പുറത്തു വന്നതോടെയാണ് വാഹനം ഒാടിച്ചത് ശ്രീറാം തന്നെയെന്ന നിഗമനത്തിൽ എത്തുന്നത്.

അതേസമയം അപകടം നടന്ന ശേഷം യുവതിക്ക് രക്ഷപ്പെടാന്‍ പോലീസ് സൗകര്യം ചെയ്തു കൊടുത്തതായി ആരോപണമുണ്ട്. അര്‍ദ്ധരാത്രിയില്‍ വീട്ടിലേക്ക് പോകാന്‍ ടാക്സി വിളിച്ച് നല്‍കുകയായിരുന്നു. എന്നാല്‍ കൂടെയുണ്ടായിരുന്ന യുവതിയാണ് കാര്‍ ഓടിച്ചതെന്ന ശ്രീറാമിന്റെ വെളിപ്പെടുത്തലില്‍ മാധ്യമപ്രവര്‍ത്തകര്‍ ഇടപെട്ടതോടെ നാലു മണിക്കൂറിന് ശേഷം യുവതിയെ പോലീസ് വിളിച്ചു വരുത്തി മൊഴിയെടുക്കുകയും വൈദ്യ പരിശോധന നടത്തുകയും ചെയ്തു. അതേസമയം വഫ മദ്യപിച്ചിരുന്നില്ലെന്നാണ് പരിശോധനാഫലം.