Wednesday 17 April 2019 04:30 PM IST : By സ്വന്തം ലേഖകൻ

ഗർഭിണിയാണെന്ന് അറിഞ്ഞില്ല; പ്രസവ വേദനയറിഞ്ഞത് കുളിക്കുന്നതിനിടെ ; പൊക്കിൾകൊടി തനിയെ മുറിച്ച് യുവതി

baby-birth

കുളിച്ചുകൊണ്ടിരിക്കുന്നതിന്റെ ഇടയ്ക്കാണ് അവൾക്ക് പ്രസവവേദന വന്നത്, കാര്യങ്ങൾ കൈവിട്ടു പോകുന്നു എന്ന ഘട്ടം വന്നപ്പോൾ രണ്ടും കൽപ്പിച്ച് ആ കടുംകൈ ചെയ്തു. ഐഫോൺ നോക്കി പൊക്കിൾക്കൊടി മുറിച്ച് സ്വയം പ്രസവമെടുത്തു.

ലണ്ടനിലെ ഒരു ഹോട്ടലിൽ ഭക്ഷണം വിളമ്പുകാരിയായ ഇരുപത്തിനാലുകാരിയായ ഷാർലറ്റ് എന്ന യുവതിയാണ് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. ഈ അപ്രതീക്ഷിത ഗർഭം ധരിക്കലിന്റെ കഥയാണ് ഏവരേയും അമ്പരപ്പിക്കുന്നത്.

ഗർഭിണിയാണെന്ന് ഷാർലറ്റിന് അറിയില്ലായിരുന്നുവത്രേ. ബാത്ത് ടബ്ബിൽ കുളിച്ചുകൊണ്ടിരിക്കുമ്പോൾ വയറ്റിൽ അസ്വഭാവികമായ ചലനങ്ങളും വേദനയും അനുഭവപ്പെട്ടു. എന്താണെന്ന് അറിയാൻ ഐഫോണിന്റെ ക്യാമറയിലൂടെ നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയാണ്. കുഞ്ഞിന്റെ തലപുറത്തേക്ക് വരുന്നതാണ് ഷാർലറ്റ് കണ്ടത്. 

ആദ്യം പരിഭ്രമിച്ചെങ്കിലും മനസാന്നിധ്യം വീണ്ടെടുത്ത് ബാത്ത് റൂമിലെ ഫസ്റ്റ് എയ്ഡ് കിറ്റിൽ നിന്നും കത്രികയെടുത്ത് പൊക്കിൾക്കൊടി മുറിച്ചു. തുടർന്ന് ഫോണിൽ പങ്കാളിയോട് വരാൻ പറഞ്ഞു. ഇരുപത്തിയെട്ടുകാരനായ സുഹൃത്ത് മിഗ്വേലുമായി ഷാർലറ്റ് രണ്ടുവർഷമായി ഒരുമിച്ച് താമസിക്കുകയാണ്. ഗർഭിണിയാണെന്നതിന്റെ യാതൊരു ലക്ഷണവും തോന്നിയിരുന്നില്ലെന്നാണ് ഷാർലറ്റ് പറയുന്നത്. ശരീരഭാരം വർധിച്ചത് അമിതമായി ഭക്ഷണം കഴിച്ചതുകൊണ്ടാണെന്നാണ് ഇവർ കരുതിയത്. വയറുവേദനയും മറ്റും ഇടയ്ക്കിടെ ഉണ്ടായിരുന്നെങ്കിലും അതൊക്കെ ആർത്തവകാലത്ത് പതിവുള്ള ബുദ്ധിമുട്ടുകളായി അവൾ അവഗണിച്ചുപോന്നിരുന്നു. 

ഉടൻ കുഞ്ഞ് വേണ്ടെന്ന് കരുതി ഗർഭനിരോധന ഗുളികയും കഴിച്ചിരുന്നു. മദ്യപാനവും പുകവലിയും അധികസമയം ജോലിയുമൊക്കെയായി തീരെ ചിട്ടയില്ലാത്ത ജീവിതമായിരുന്നു ഇവരുടേത്. പങ്കാളി മിഗ്വേലിന് ഇതാദ്യം സ്വന്തം കുഞ്ഞാണെന്ന് വിശ്വസിക്കാൻ പ്രയാസമായിരുന്നു. തെരുവിൽ നിന്ന് കിട്ടിയ കുഞ്ഞിനെ എനിക്കെന്തിനാണെന്നായിരുന്നു മിഗ്വേലിന്റെ ആദ്യ ചോദ്യം. ഷാർലറ്റിനും ഇത് സ്വന്തം കുഞ്ഞാണെന്ന് വിശ്വസിക്കാൻ പ്രയാസമായിരുന്നു. ഇതുവരെ ആരുടെയും പ്രസവത്തിന് പോലും കൂട്ടിരിക്കാതെയാണ് ഷാർലറ്റ് പൊക്കിൾക്കൊടി മുറിച്ചത്. ആശുപത്രികാർക്ക് പോലും ഇത് അവിശ്വസനീയമായിരുന്നു. ഉള്ളിലുണ്ടായ ഒരു തോന്നലിന് അനുസരിച്ച് പ്രവർത്തിക്കുകയായിരുന്നുവെന്ന് ഷാർലറ്റ് മറുപടി നൽകി. അപ്രതീക്ഷിതമായി കിട്ടിയ കുഞ്ഞിന് ഏലിയാസ് എന്നാണ് പേരിട്ടത്. മൂന്നരകിലയോളം തൂക്കമുള്ള കുഞ്ഞ് സുഖമായിട്ടിരിക്കുന്നു. അപൂർവമായിട്ടാണ് ഗർഭലക്ഷണങ്ങളൊന്നുമില്ലാതെയുള്ള പ്രസവം നടക്കുന്നത്. ലണ്ടനിൽ 350 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.