Friday 23 October 2020 04:33 PM IST : By സ്വന്തം ലേഖകൻ

‘പുന്നല പറ്റിച്ചു; പറഞ്ഞ കാര്യങ്ങളല്ല അവർ എഴുതിയെടുത്തത്, വീണ്ടും കേസ് അട്ടിമറിക്കപ്പെടും’: നിരാഹാരത്തിനൊരുങ്ങി കുട്ടികളുടെ അമ്മ

walayar4455

വാളയാര്‍ പീഡനക്കേസ് വീണ്ടും അട്ടിമറിക്കപ്പെടുമെന്ന ആരോപണവുമായി പീഡനത്തിനിരയായി മരിച്ച പെൺകുട്ടികളുടെ അമ്മ. കഴിഞ്ഞ ദിവസം മൊഴിയെടുക്കാൻ വന്ന വനിതാ പൊലീസ് താൻ പറഞ്ഞ കാര്യങ്ങളല്ല എഴുതിയെടുത്തത്. നീതി തേടി 25 മുതൽ 31 വരെ വീടിന് മുന്നിൽ നിരാഹാര സമരം നടത്തും. 25 ന് പ്രതികളെ കോടതി ശിക്ഷിക്കാതെ വിട്ട ദിവസവും 31 ന് മുഖ്യമന്ത്രിയെ കണ്ട് കാലു പിടിച്ച ദിവസവുമാണ്. രണ്ടു ദിവസവും ചതിക്കപ്പെട്ടതായി മരിച്ച പെൺകുട്ടികളുടെ അമ്മ പറഞ്ഞു.

കേസ് നടത്താമെന്നും എല്ലാം ശരിയാക്കാമെന്ന് പറഞ്ഞിട്ടും കെപിഎംഎസ് നേതാവ് പുന്നല ശ്രീകുമാറും പറ്റിക്കുകയായിരുന്നുവെന്ന് അമ്മ ആരോപിക്കുന്നു. കേസിൽ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം ലഭിച്ചിട്ടുപോലും പറഞ്ഞതുമില്ല. ഇടപെട്ടതുമില്ല. ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയായിരുന്നുവെന്നും ഇവർ പറഞ്ഞു. 

"കെപിഎംഎസ് കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. എല്ലാ പിന്തുണയും നൽകുമെന്ന് പറഞ്ഞ പുന്നല ശ്രീകുമാർ പറ്റിച്ചു. ഇക്കാരണം കൊണ്ട് കേസിലെ അഭിഭാഷകനായ അഡ്വ. ഉദയഭാനുവിനെ മാറ്റേണ്ടി വന്നു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്‍പി സോജന് സ്ഥാനക്കയറ്റം നൽകിയതോടെ എല്ലാ വിശ്വാസവും നഷ്ടപ്പെട്ടു. മക്കൾക്ക് നീതികിട്ടുമെന്ന് പ്രതീക്ഷിച്ചാണ് മുഖ്യമന്ത്രിയുടെ കാല് ഞാൻ പിടിച്ചത്. എന്നാൽ എല്ലാ പ്രതീക്ഷയും ഇപ്പോൾ നഷ്ടമായി."- അമ്മ പറയുന്നു. 

പാലക്കാട് വനിതാ സെല്ലിലെ രണ്ടു ഉദ്യോഗസ്ഥരാണ് വീട്ടിലെത്തി മൊഴിയെടുത്തത്. അമ്മയുടെ ആരോപണം ശരിവയ്ക്കുന്നതാണ് അതിലെ വാചകങ്ങൾ. അതേസമയം കേസിൽ തുടരന്വേഷണമോ, പുനർവിചാരണയോ തീരുമാനമാകാത്ത സാഹചര്യത്തിൽ ഇത്തരം കീഴ്‌വഴക്കം പതിവില്ലെന്ന് നിയമവിദഗ്ധർ പറയുന്നു. മൊഴിയെടുത്ത കാര്യം വനിതാ സെൽ സ്ഥിരീകരിച്ചിരുന്നു. 

Tags:
  • Spotlight