Monday 26 October 2020 12:50 PM IST : By സ്വന്തം ലേഖകൻ

നീതിക്കു വേണ്ടി തെരുവിൽ കിടന്നു മരിക്കാനും തയാർ; മക്കൾ മരിച്ചു കിടന്ന ഓലപ്പുരയിൽ സത്യഗ്രഹമിരുന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ

palakkad-mother.jpg.image.845.440

രണ്ടു പെൺമക്കൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിലെ പ്രതികളെ രക്ഷപ്പെടാൻ അനുവദിക്കരുതെന്നു മുഖ്യമന്ത്രിയുടെ കാൽക്കൽ വീണ് അപേക്ഷിച്ച വാളയാർ പെൺകുട്ടികളുടെ അമ്മ ഒരു വർഷത്തിനുശേഷം നീതി തേടി സ്വന്തം വീട്ടുമുറ്റത്തു സത്യഗ്രഹം തുടങ്ങി. മക്കളെ മരിച്ച നിലയിൽ കണ്ടെത്തിയ ഓലപ്പുരയിൽത്തന്നെ തിരിതെളിച്ചു സമരം ആരംഭിച്ച അമ്മ നീതിക്കു വേണ്ടി തെരുവിൽ കിടന്നു മരിക്കാനും തയാറാണെന്നു വ്യക്തമാക്കി.

കേസിലെ പ്രതികളെ പോക്സോ കോടതി വിട്ടയച്ചതിന്റെ ഒന്നാം വാർഷിക ദിനമായ ഇന്നലെ ആരംഭിച്ച സമരം മാതാപിതാക്കൾ മുഖ്യമന്ത്രിയെ കണ്ട് അപേക്ഷിച്ചതിന്റെ വാർഷികമായ 31നു സമാപിക്കും. പ്രതികൾക്കു ശിക്ഷ ഉറപ്പാക്കാമെന്നു മുഖ്യമന്ത്രി വാക്കു നൽകിയിരുന്നു. എന്നാൽ, ഇപ്പോൾ കേസ് അട്ടിമറിക്കാനാണു ശ്രമം. കഴിഞ്ഞ ദിവസം വീട്ടിൽ മൊഴിയെടുക്കാനെത്തിയ വനിതാ സെൽ ഉദ്യോഗസ്ഥർ തന്റെ മൊഴി തെറ്റായി രേഖപ്പെടുത്തി. സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മിഷൻ, പ്രോസിക്യൂഷനു വീഴ്ച പറ്റിയതായി റിപ്പോർട്ട് നൽകിയിരുന്നു. 

എന്നാൽ, കുറ്റക്കാരായ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന റിപ്പോർട്ട് നിലനിൽക്കെ, അന്വേഷണ മേധാവിയായിരുന്ന ഡിവൈഎസ്പിക്കു സ്ഥാനക്കയറ്റം നൽകിയത് അട്ടിമറിയാണ്. ഹൈക്കോടതി മേൽനോട്ടത്തിൽ കേസ് പുനരന്വേഷിക്കണമെന്നും കുട്ടികളുടെ അമ്മ ആവശ്യപ്പെട്ടു. മരിച്ച കുട്ടികളെ പീഡിപ്പിച്ചു എന്ന കുറ്റം ഏറ്റെടുക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി നിർബന്ധിച്ചിരുന്നതായി കുട്ടികളുടെ അച്ഛൻ ആരോപിച്ചു.

കേസ് ഏറ്റെടുത്താൽ തന്നെ രക്ഷിക്കാമെന്ന് ഉറപ്പു നൽകിയെന്നും ഇദ്ദേഹം പറയുന്നു. മനോവിഷമത്താൽ ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നതായും അച്ഛൻ പറഞ്ഞു. അട്ടപ്പളളം ശെൽവപുരത്തെ വീട്ടിൽ 2017 ജനുവരി 13ന് പതിമൂന്നു വയസ്സുകാരിയെയും മാർച്ച് 4ന് ഒൻപതു വയസ്സുകാരിയെയും ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 

സഹോദരിമാരായ ഇരുവരും മരണത്തിനു മുൻപു പീഡനത്തിന് ഇരയായെന്നു സ്ഥിരീകരിച്ചതും അറസ്റ്റിനു വഴിയൊരുങ്ങിയതും രണ്ടാമത്തെ കുട്ടിയുടെ മരണത്തോടെയാണ്. 2019 ഒക്ടോബർ 25ന് ആണ് വാളയാർ കേസിലെ 3 പ്രതികളെ പാലക്കാട് പോക്സോ കോടതി തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചത്. ഈ വിധി റദ്ദാക്കണമെന്ന സർക്കാർ അപ്പീലിൽ നവംബർ 9ന് ഹൈക്കോടതിയിൽ വാദം തുടങ്ങാനിരിക്കുകയാണ്.

പിന്തുണയുമായി നേതാക്കൾ എത്തി

കോടതിയുടെ മേൽനോട്ടത്തിൽ കേസ് പുനരന്വേഷിക്കുക, ഡിവൈഎസ്പി എം.ജെ. സോജനു സ്ഥാനക്കയറ്റം നൽകാനുള്ള തീരുമാനം പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പെൺകുട്ടികളുടെ അമ്മ സത്യഗ്രഹം നടത്തുന്നത്. വിധി ദിനം മുതൽ ചതിദിനം വരെ എന്ന മുദ്രാവാക്യവുമായി വാളയാർ നീതി സമരസമിതിയാണ് ഒരാഴ്ച നീളുന്ന സത്യഗ്രഹത്തിനു നേതൃത്വം നൽകുന്നത്. 

പ്രതിപക്ഷ രാഷ്ട്രീയ സംഘടനകളും സാമൂഹിക സാംസ്കാരിക നേതാക്കളും സമരത്തിലുണ്ട്. ഇന്നലെ വി.കെ.ശ്രീകണ്ഠൻ എംപി, ഷാഫി പറമ്പിൽ എംഎൽഎ, മുൻ മന്ത്രി വി.സി.കബീർ എന്നിവർ പങ്കെടുത്തു. സമിതി ചെയർമാൻ വിളയോടി വേണുഗോപാൽ, കൺവീനർ വി.എം.മാർസൺ, വിവിധ സംഘടനാ നേതാക്കളായ സി.ആർ.നീലകണ്ഠൻ, ലതാമേനോൻ, ഹസീന ജോഷി, അഡ്വ. ജോൺ ജോൺ, പ്രസന്ന മോഹൻ, ഫാ. അഗസ്റ്റിൻ വട്ടോളി, റൗഫിയ നസീർ, എം.എം.കബീർ, എം.മുരളീധരൻ, പി.ആറുമുഖൻ, അനിത ഷിജു എന്നിവർ പ്രസംഗിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.nസുരേന്ദ്രനും ഇന്നു സമരപ്പന്തലിലെത്തും.

Tags:
  • Spotlight