Wednesday 29 July 2020 04:29 PM IST

അധ്യാപനത്തിൽ നിന്നും വെയ്സറ്റ് മാനേജ്മെന്റിലേക്ക് ; പ്ലാൻ അറ്റ് എർത്ത് തുടങ്ങിയ കഥ പറഞ്ഞ് സൂരജ് എബ്രഹാം

Shyama

Sub Editor

planet

2009ലാണ് ഞങ്ങൾ ഇത്തരം ഒരു സംരംഭം തുടങ്ങുന്നത്. അന്ന് വേയ്സ്റ്റ് മാനേജ്മെന്റ് ഒന്നും നാട്ടിൽ കാര്യമായി ഇല്ലാതെ എല്ലായിടത്തും പ്ലാസ്റ്റിക് ഇങ്ങനെ കുമിഞ്ഞു കൂടി കിടക്കുന്നത് കാണുമ്പോഴേ ബുദ്ധിമുട്ട് തോന്നിയിരുന്നു... സൂരജ് പറയുന്നു.

ആ സമയത്ത് ഞാൻ പഠിപ്പിക്കുകയാണ്. കുട്ടികൾക്കുള്ള സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകളും മറ്റും എടുക്കുന്ന സമയം. ഒരിക്കെ പഠിപ്പിക്കുന്ന കുട്ടികളുമായി ഏഴാറ്റുമുഖത്ത് ഒരു ചെറിയ ടൂർ പോയി. അതിനിടയിൽ ഞങ്ങൾ എല്ലാവരും കൂടി അവിടുത്തെ പ്ലാസ്റ്റിക് ഒക്കെ പെറുക്കി, അവിടം വൃത്തിയാക്കി. അപ്പോഴാണ് മനസ്സിലാകുന്നത് പെറുക്കിയതൊന്നും എടുക്കാനാളില്ല! അത്യാവശ്യം പാടുപെട്ട് അധികാരികളെ ഏല്പിച്ചിട്ടാണ് അന്ന് തിരികെ പോന്നത്. അവിടുന്ന് മടങ്ങിയതിൽ പിന്നെ ഇതിനായി എന്ത് ചെയ്യാം എന്ന ആലോചനയായി. അങ്ങനെ ബോധവൽക്കരണം ചെയ്യാൻ തുടങ്ങി. അത് ചെയ്ത് കഴിഞ്ഞപ്പോ മനസ്സിലായി... ആളുകൾക്ക് ബോധവൽക്കരണമല്ല പരിഹാരമാണ് ആദ്യം വേണ്ടതെന്ന്. അങ്ങനെയാണ് 'പ്ലാൻ അറ്റ് ഏർത്' എന്ന പേരിൽ എൻജിഒ തുടങ്ങുന്നത്. തമിഴ്‌നാട്ടിലും, ഹൈദ്രബാദിലും മറ്റും പോയി റീസൈക്ലിങ്ങിനെ കുറിച്ചും മറ്റും കുറേ പഠിച്ചു.

ജത

ആദ്യം പറവൂർ തുടങ്ങി. ഞങ്ങൾ വണ്ടിയുമായി പോയി വേയ്സ്റ്റ് എടുക്കുന്ന രീതിയായിരുന്നു ആദ്യം ചെയ്തിരുന്നത്. പക്ഷേ, ചെലവ് താങ്ങാൻ പറ്റുന്നതല്ല എന്ന് പെട്ടെന്ന് മനസ്സിലായി അങ്ങനെ നഗരസഭയുമായി സംസാരിച്ചു. അന്നത്തെ ചെയർപേഴ്സൺ വത്സല പ്രസന്നകുമാർ ആയിരുന്നു. നല്ല ദീഘവീക്ഷണമുള്ള ആളായിരുന്നു മാഡം. നഗരസഭയിൽ ചെറിയൊരു ഫീസ് വെച്ച് വേയ്സ്റ്റ് എടുക്കുന്ന രീതി തന്നെ ആദ്യമായി തുടങ്ങി. അത് വിജയിച്ചതും 'പറവൂർ മോഡൽ' എന്ന പേരിൽ അറിയപ്പെട്ടു. അങ്ങനെയാണ് പിന്നെ ആലുവ നഗരസഭയിലേക്ക് വ്യാപിച്ചത്. പറവൂരുള്ള പ്രൊജക്റ്റ്‌ ഇപ്പോൾ നഗരസഭയ്ക്ക് തന്നെ ഞങ്ങൾ കൈമാറി.

അപ്പോളോ ടയേഴ്സിന്റെ സിഎസ്ആർ ഫണ്ട്‌ വഴി രണ്ട് സ്ഥലത്ത് ഞങ്ങൾ പ്രവർത്തിക്കുന്നുണ്ട്- കൊടകരയിലും എടത്തലയിലും. അതുകൊണ്ട് ഈ ലോക്ക്ഡൗൺ സമയത്തും ഞങ്ങളുടെ കീഴിൽ ജോലി ചെയ്യുന്ന ചേച്ചിമാർക്ക് ശമ്പളം കൊടുക്കാൻ പറ്റുന്നുണ്ട്. ആലുവയിൽ ഇപ്പൊ ലോക്ക്ഡൗൺ കാരണം പ്രവർത്തനങ്ങൾ തൽക്കാലം നിർത്തി വച്ചിരിക്കുകയാണ്.

പ്ലാസ്റ്റിക് രൂപാന്തരം പ്രാപിച്ചു പലതും ആകും

planet2

ഞങ്ങൾക്ക് നാട്ടിൽ പ്ലാന്റ് ഒന്നുമില്ല, ഉള്ളത് അഞ്ച് ഹബ്ബുകളാണ്. ഈ ഹബ്ബുകളിൽ ശേഖരിക്കുന്ന പ്ലാസ്റ്റിക് 45 ഗ്രേഡുകളായി ആയി തരം തിരിക്കും (കുപ്പികൾ, പേസ്റ്റ് കവറുകൾ, കിറ്റുകൾ അങ്ങനെ). ഇതിൽ 30 ഗ്രേഡുകൾക്ക് റീസൈക്ലിങ്ങ് ഉണ്ട്. അതിനായി അവ സേലത്തേക്ക് എത്തിക്കും. ഫുൾ ലോഡ് ആയ വണ്ടികൾ മാത്രമാണ് അങ്ങോട് പോകുന്നത്. അവർ അത് ബക്കറ്റുകൾ, ടർപോളിൻ ഒക്കെയായി മാറ്റും. ഇത്തരം ചെറിയ കമ്പനികൾ കേരളത്തിലുമുണ്ട് പക്ഷേ, അവർക്ക് ഇത്രയും ലോഡ് പറ്റില്ല, ചില ഗ്രേഡ് മാത്രമേ റീസൈക്കിൾ ചെയ്യാനും പറ്റൂ കൂടാതെ പേയ്‌മെന്റ് തരാൻ വൈകുന്നത് നമുക്ക് വേണ്ടി ജോലി ചെയ്യുന്നവരെയും ബാധിക്കും. സാധാരണക്കാരായ കുറേ ചേച്ചിമാരാണ് നമ്മുടെ പ്രധാന ജോലിക്കാർ, അവരെ ബുദ്ധിമുട്ടിക്കാൻ പറ്റില്ല. പ്ലാസ്റ്റിക് അപ്‌സൈക്ലിംങ്ങ് വഴി ഞങ്ങൾ ഇവിടെ ഹാൻഡ്ബാഗുകൾ ക്യാരിബാഗുകൾ ഒക്കെ നിർമിക്കുന്നുമുണ്ട്...

പ്രതിഫലം ഒന്നും പ്രതീക്ഷിക്കാതെ സമൂഹത്തിൽ മാറ്റം വരണം എന്നാഗ്രഹിച്ചാണ് ആലുവ കരിമാളൂർ സ്വദേശി സൂരജ് 'പ്ലാൻ അറ്റ് ഏർത്' തുടങ്ങിയത് പാഷൻ എപ്പോഴും അദ്ധ്യാപനവും. ഈ ലോക്ക്ഡൗൺ കാലത്ത് സൗജന്യമായി ഇംഗ്ലീഷ് പഠിപ്പിക്കുന്നൊരു യൂട്യൂബ് ചാനലും സൂരജ് തുടങ്ങിയിട്ടുണ്ട്. "ഇപ്പൊ പണം ചിലവാക്കി പഠിക്കാൻ പലർക്കും പറ്റാത്തൊരു അവസ്ഥയാണല്ലോ...സമയമാണെങ്കിൽ ധാരാളം ഉണ്ട് താനും. വെറുതെയിരിക്കുന്ന സമയത്ത് ഒരു കഴിവും കൂടി ആർജ്ജിച്ചെടുക്കാൻ പറ്റിയാൽ നല്ലതല്ലേ? പൈസ ഒരിക്കലും എന്നെ മുന്നോട്ട് നയിക്കുന്നൊരു ട്രിഗർ ആയി കണ്ടിട്ടില്ല. പണം കിട്ടുന്നിടത്തും ഞാൻ പഠിപ്പിക്കുന്നുണ്ട്, അതല്ലാത്തിടത്ത് വണ്ടിക്കാശ് മാത്രം മാത്രം വാങ്ങി പോയി പഠിപ്പിക്കാറുമുണ്ട്. അതാണ് അതിന്റെ ബാലൻസിങ്ങ്." ചില മനുഷ്യർ മെഴുകു തിരികൾ പോലെയാണ്... വെളിച്ചം ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് പകർന്നുകൊണ്ടേയിരിക്കും...

Tags:
  • Spotlight