Tuesday 07 June 2022 03:33 PM IST : By സ്വന്തം ലേഖകൻ

പ്രിയപ്പെട്ടവളേയും കുഞ്ഞുങ്ങളേയും കണ്ടു മടങ്ങുംവഴി അപകടം... നാടിന് നൊമ്പരമായി സുനിലിന്റെ മരണം

accident-panamaram

പേരാവൂരിലുള്ള ഭാര്യയെയും കുട്ടികളെയും കണ്ടു സ്വന്തം വീട്ടിലേക്കു തിരിച്ചു വരുംവഴി കാറിടിച്ചു മരിച്ച കരിമംകുന്ന് കരിമ്പനക്കൽ കെ.സി. സുനിലിന്റെ വേർപാട് നാടിനാകെ നൊമ്പരമായി. ആര്യന്നൂർ ശിവക്ഷേത്രം മുൻ ബോർഡ് ചെയർമാനും ഇപ്പോഴത്തെ ട്രസ്റ്റി അംഗങ്ങളിൽ ഒരാളും പരോപകാരിയുമായ സുനിലിനു വലിയ സുഹൃത്ത് വലയം തന്നെയുണ്ട്.

അപകടം നടന്ന കൈതക്കൽ റോഡിൽ നിന്നു 80 മീറ്റർ ദൂരം കഴിഞ്ഞാൽ കരിമംകുന്നിലേക്കു തിരിയുന്ന വഴിയായി. ഇവിടേക്കു തിരിയും മുൻപേയാണു മരണം കാറിന്റെ രൂപത്തിലെത്തിയത്. കൊണ്ടോട്ടിയിൽ നിന്നു നാലാം മൈലിലേക്കു പോകുന്ന കാർ ആദ്യം ഇടിച്ചു വീഴ്ത്തിയതു സുനിൽ സഞ്ചരിച്ച ബൈക്കിനെയാണ്. തുടർന്ന് ഒരു ബൈക്കിലും സ്കൂട്ടറിലും ഇടിച്ച കാർ ഒരു വീടിന്റെ മതിലിൽ ഇടിച്ചാണ് നിന്നത്. ഇതിനിടെ കാറിന്റെ വരവു കണ്ട് ബൈക്ക് റോഡിലിട്ടു ചാടി മാറിയവരും ഉണ്ട്.

കൈതക്കൽ ഡിപ്പോ ജംക്‌ഷൻ മുതൽ കൊയിലേരിയിലേക്കു തിരിയുന്ന റോഡ് വരെയുള്ള ഭാഗത്തു മുൻപും ചെറുതും വലുതുമായ ഒട്ടേറെ അപകടങ്ങൾ നടന്നിട്ടുണ്ടെങ്കിലും സൂചന ബോർഡുകൾ പോലും ഇതുവരെ സ്ഥാപിച്ചിട്ടില്ല. കൂടാതെ ഈ ഭാഗത്ത് റോഡിന് വീതിയും കുറവാണ്. ഇതുകൊണ്ടു തന്നെ ഇതുവഴിയുള്ള കാൽനടയാത്രയും പ്രയാസമേറിയതാണ്. ഈ ഭാഗത്ത് അടിക്കടിയുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കുന്നതിനു നടപടിയുണ്ടാകണമെന്നാണു നാട്ടുകാരുടെ ആവശ്യം.