Friday 22 November 2019 12:19 PM IST : By സ്വന്തം ലേഖകൻ

പാമ്പാണ്‌ കടിച്ചതെന്ന് ആ പൊന്നു മോൾ പറഞ്ഞതല്ലേ, പരിഗണിച്ചു കൂടായിരുന്നോ?; ഷെഹ്‍ലയുടെ മരണം ഒരു പാഠം; കുറിപ്പ്

shehla-m

ഷെഹ്‍ലയെന്ന കുഞ്ഞു പുഞ്ചിരിയെ കെടുത്തിയവർക്കെതിരെ പ്രതിഷേധം പുകയുകയാണ്. ആണികൊണ്ടു, കാലുരഞ്ഞു തുടങ്ങിയ അനുമാനങ്ങളുടെ പേരിൽ അവൾക്ക് ലഭ്യമാകേണ്ട ചികിത്സ വൈകിപ്പിച്ച അധ്യാപകർ തന്നെയാണ് പ്രതിസ്ഥാനത്തുള്ളത്. പാമ്പു കടിയേറ്റെന്ന് ആ പൊന്നുമോൾ പറഞ്ഞപ്പോഴും കൂസാക്കാത്ത അധ്യാപകരുടെ നിഷ്ക്രിയത്വത്തിനെതിരെ കുറിപ്പ് പങ്കുവയ്ക്കുകയാണ് ഡോക്ടർ ബെബറ്റോ തിമോത്തി. ഫെയ്സ്ബുക്കിലൂടെയാണ് കുറിപ്പ് പങ്കുവയ്ക്കുന്നത്. പാമ്പു കടിയേറ്റാൽ സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ചും ഡോക്ടർ തുറന്നെഴുതുന്നുണ്ട്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

പാമ്പ്‌ കടിച്ചെന്ന് പത്ത്‌ വയസ്സായ ഒരു കുഞ്ഞ്‌ പറഞ്ഞിട്ടും മുഖവിലയ്ക്കെടുക്കാത്ത അധ്യാപകരുടെ നിഷ്ക്രിയത മൂലം മാത്രമാണ്‌ ആ ജീവൻ നമുക്ക്‌ നഷ്ടപ്പെട്ടത്‌.ക്ലാസ്സ്‌ മുറിയ്ക്കകത്തെ പൊത്തിൽ നിന്ന് പാമ്പ്‌ കടിയേറ്റ ഒരു വിദ്യാർത്ഥിനിയെ ആശുപത്രിയിൽ കൊണ്ടു പോകുവാൻ 50 മിനിറ്റിനടുത്ത്‌ സമയമെടുത്തു എന്ന് പറയുന്നത്‌ തന്നെ ഗുരുതരമായ വീഴ്ചയാണ്‌… ക്ലാസ്സ്‌ മുറിയുടെ ശോചനീയാവസ്ഥയ്ക്ക്‌ വേണ്ട പരിഗണന കൊടുക്കാത്തവരുടെ ഭാഗത്തും ഇതിൽ തെറ്റുണ്ട്‌.


10 വയസ്സായ ഒരു കുഞ്ഞ്‌ എന്നെ പാമ്പാണ്‌ കടിച്ചത്‌ എന്ന് പറയുമ്പോൾ ആ സാധ്യതയ്ക്ക്‌ അൽപം പോലും പരിഗണന കൊടുക്കാതെ ആണി കൊണ്ടതാകാം ബെഞ്ചിൽ കാലുരഞ്ഞ്‌ പൊട്ടിയതാകാം അത്‌ മാത്രമാകാം എന്ന നിഗമനങ്ങളിൽ എത്തുന്നത്‌ ഒരു നല്ല പ്രവണതയല്ല.കൊത്തിയ പാട്‌ നോക്കി പാമ്പാണോ അല്ലയോ എന്ന് തീരുമാനിക്കാൻ തക്ക സ്കിൽ അധ്യാപകർക്ക്‌ വേണം എന്ന് ഒന്നും ഞാൻ നിർബന്ധം പിടിക്കുന്നില്ല.പക്ഷേ ഏറ്റവും അപകടകരമായ സാധ്യതയെ ആദ്യമേ റൂൾ ഔട്ട്‌ ചെയ്യുക എന്നത്‌ സിമ്പിൾ ലോജിക്കാണ്‌… അതിന്‌ ഉടനെ ആശുപത്രിയിലോട്ട്‌ കൊണ്ട്‌ പോകണമായിരുന്നു. പാമ്പ്‌ കടിയ്ക്ക്‌ കുപ്രസിദ്ധമായ സൗത്ത്‌ ഈസ്റ്റ്‌ ഏഷ്യയിൽ അതിൽ തന്നെ ഇന്ത്യയിലാണ്‌ നമ്മൾ ജീവിക്കുന്നത്‌.

50000 ആളുകളാണ്‌ പാമ്പു കടിയേറ്റ്‌ മാത്രം ഇന്ത്യയിൽ പ്രതി വർഷം മരിക്കുന്നത്‌.പക്ഷേ ഇതൊരു അണ്ടർ എസ്റ്റിമേറ്റഡ്‌ കണക്കാണെന്നാണ്‌ നമ്മുടെ രാജ്യത്തെ ഫിസിഷ്യൻസ്‌ പറയുന്നത്‌.അതായത്‌ ഇത്‌ പാമ്പ്‌ കടിയായി റിപ്പോർട്ട്‌ ചെയ്യപ്പെടുന്ന കേസുകൾ മാത്രമാണ്‌…തിരിച്ചറിയാതെ പോകുന്ന മരണങ്ങൾ ഇനിയും ഒരുപാടുണ്ടാകും.

പാമ്പ്‌ കടിയേറ്റാൽ/അല്ലെങ്കിൽ എന്തെങ്കിലും കടിച്ചെന്ന് സംശയം തോന്നിയാൽ ശ്രദ്ദിക്കേണ്ട ചില കാര്യങ്ങളുണ്ട്‌.

"നെവർ ഡിലേ" എന്നതാണ്‌ അതിൽ ആദ്യത്തെ കാര്യം.

ഒരു കാരണവശാലും സ്വന്തം അനുമാനങ്ങളുടെ പുറത്ത്‌ വൈകിക്കരുത്‌.
ഏതൊരു അൺ നോൺ ബൈറ്റും അതായത്‌ എന്താണ്‌ കടിച്ചത്‌ എന്ന് അറിയാത്ത ബൈറ്റും പാമ്പ്‌ മൂലമല്ല എന്നുള്ളത്‌ ആദ്യമേ ഉറപ്പ്‌ വരുത്തണം.അതുകൊണ്ട്‌ ഒട്ടും താമസിക്കാതെ ആശുപത്രിയിൽ എത്തിക്കണം.

പിന്നെ ശ്രദ്ധിക്കേണ്ട കാര്യം മുറിവിന്‌ മുകളിലോ താഴെയോ ആയി ഒരിക്കലും മുറുക്കി കെട്ടരുത്‌.ഇത്‌ നമ്മൾ പലപ്പോഴും വരുത്തുന്ന മിസ്റ്റേക്കാണ്‌…പക്ഷേ ഇത്‌ കാരണം ദോഷമേ ഉള്ളൂ.ചരടോ തുണിയോ ഉപയോഗിച്ച കനത്ത സമ്മർദ്ദം കൊടുക്കുന്ന വിധത്തിൽ ഒരിക്കലും മുറുക്കി കെട്ടരുത്‌.അത്‌ ഗുണം ചെയ്യില്ലെന്ന് മാത്രമല്ല ദോഷകരവും കൂടെയാണെന്ന് കണ്ടെത്തി ഉപേക്ഷിച്ചിട്ടുള്ള അശാസ്ത്രീയ രീതിയാണ്‌…

നാട്ട്‌ വൈദ്യന്മാരുടെ അടുത്തേക്കല്ല ആശുപത്രിയിലോട്ടാണ്‌ രോഗിയെ കൊണ്ട്‌ പോകേണ്ടത്‌.

നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്‌.70 ശതമാനത്തോളം പാമ്പ്‌ കടികളും വിഷമില്ലാത്ത പാമ്പുകളിൽ നിന്നാണ്‌…ബാക്കി വിഷമുള്ള പാമ്പുകളിൽ തന്നെ 50 % കടികളിലേ വിഷം കുത്തി വെയ്ക്കപ്പെടുന്നുള്ളൂ.അതായത്‌ ഓവറോൾ സ്റ്റാറ്റ്സ്‌ എടുത്താൽ മൊത്തം പാമ്പ്‌ കടികളിൽ വിഷം അകത്തേക്ക്‌ പ്രവേശിക്കാനുള്ള സാധ്യത വളരെ ചെറിയ ഒരു ശതമാനമാണ്‌…ഈ ഒരു അവസരമാണ്‌ പല നാട്ട്‌ വൈദ്യന്മാരും മുതലെടുക്കുന്നത്‌.വിഷം അകത്ത്‌ പ്രവേശിക്കാത്ത ഒട്ടു മിക്ക കേസുകളെയും ഞങ്ങൾ ചികിത്സിച്ച്‌ മാറ്റിയത്‌ കൊണ്ടാണ്‌ അത്‌ മാറിയത്‌ എന്ന് അവർക്ക്‌ തെറ്റിദ്ധരിപ്പിക്കാൻ സാധിക്കും.ആ കെണിയിൽ വീഴാതിരിക്കുക.

രോഗിയെ ഒരു കാരണവശാലും അനങ്ങാൻ സമ്മതിക്കരുത്‌.കാലുകളിലാണ്‌ കടിയേറ്റിട്ടുള്ളതെങ്കിൽ നടക്കാൻ സമ്മതിക്കരുത്‌.എല്ലിന്‌ പൊട്ടലുണ്ടാകുമ്പോൾ ഇമ്മൊബിലൈസ്‌ ചെയ്യാൻ അതായത്‌ അനങ്ങാതിരിക്കാൻ വേണ്ടി സ്പ്ലിന്റുകൾ ഉപയോഗിക്കുന്നത്‌ പോലെ ഇവിടെയും ഉപയോഗിക്കാം.എന്നാൽ സ്പ്ലിന്റ്‌ കെട്ടാൻ ഉപയോഗിക്കുന്ന ബാൻഡേജ്‌ ഒരിക്കലും മുറുക്കി കെട്ടരുത്‌.ഇനി ഈ കാര്യങ്ങൾക്കായി അധികം സമയമെടുക്കാനും പാടില്ല.അങ്ങനെ ഒരു ഡിലേയ്ക്ക്‌ സാധ്യതയുണ്ടെങ്കിൽ ഇതൊന്നും ചെയ്തില്ലെങ്കിൽ തന്നെയും എത്രയും പെട്ടന്ന് ആശുപത്രിയിൽ എത്തിക്കുന്നതിന്‌ പ്രഥമ പരിഗണന കൊടുക്കുക.

കരിച്ച്‌ കളയൽ,ചുരണ്ടി കളയൽ,വിഷം വലിച്ചെടുക്കൽ എന്നിങ്ങനെ ഉള്ള പ്രാകൃത രീതികൾ അവലംബിക്കാതിരിക്കുക.യാത്രയ്ക്കിടെ രോഗിയ്ക്ക്‌ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടോ എന്ന് ശ്രദ്ധിക്കുക.ശർദ്ദി,വയറ്‌ വേദന,കടിച്ച ഭാഗത്തിന്‌ ചുറ്റും നീരും വേദനയും,നിറുത്താതെയുള്ള ബ്ലീഡിംഗ്‌, തളർച്ച അനുഭവപ്പെടൽ,തല ഉയർത്താനുള്ള പ്രയാസം,കൺ പോളകൾ താഴ്‌ന്ന് പാതി അടഞ്ഞത്‌ പോലെ ഇരിക്കുക മുതലായ എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടാ.ശ്രദ്ധിച്ച്‌ വെയ്ക്കുക.ഉടനെ ഡോക്ടറോട്‌ പറയുക.

പോളിവാലന്റ്‌ ആന്റി സ്നേക്ക്‌ വെനം ആണ്‌ നമ്മൾ വിഷത്തിനെതിരെ ഉള്ള ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്‌.ഇന്ത്യയിലെ പ്രധാനപ്പെട്ട വിഷപാമ്പുകളെ എല്ലാം ഒരു വിധം ഇത്‌ കവർ ചെയ്യുന്നുണ്ട്‌,ഒരു വളരെ ചെറിയ ശതമാനം ഒഴിച്ചാൽ.…

രക്തം കട്ട പിടിക്കാനെടുക്കുന്ന സമയമായ ക്ലോട്ടിംഗ്‌ ടൈം ഉൾപ്പെടെ പല വശങ്ങൾ ‌ പരിശോധിച്ചിട്ടാണ് ‌നമ്മൾ ആന്റി സ്നേക്‌ വെനം തുടങ്ങുന്നത്‌.ക്ലോട്ടിംഗ്‌ ടൈമിൽ ആദ്യ തവണ കുഴപ്പമൊന്നും കണ്ടില്ലെങ്കിൽ ഉടനെ വീട്ടിൽ പോകാൻ ധൃതി വെയ്ക്കരുത്‌.ഒരു നിശ്ചിത ഇടവേളയിൽ ബെഡ്‌ സൈഡിൽ തന്നെ ഒബ്സർവ്വ്‌ ചെയ്ത്‌ കൊണ്ട്‌ പരിശോധിക്കേണ്ട ടെസ്റ്റാണത്‌.അക്ഷമരാകതിരിക്കുക.നിങ്ങളെ ഒബ്സർവ്വ്‌ ചെയ്തേ പറ്റൂ.

നമുക്ക്‌ രക്ഷിക്കാമായിരുന്ന ഒരു ജീവനായിരുന്നു ഷഹ്ലയുടേത്‌.
ദൗർഭാഗ്യകരം എന്ന് പറഞ്ഞ്‌ ഒഴിയാനും തോന്നുന്നില്ല.ഇനി ഇത്‌ ആവർത്തിക്കരുത്‌.ക്ലാസ്സ്‌ മുറികളുടെ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തപ്പെടണം.അധികം യാത്ര ചെയ്ത്‌ സമയം നഷ്ടമാകാത്ത വിധം അടുത്ത്‌ അടുത്തുള്ള സർക്കാർ ആശുപ്ത്രികളിലെങ്കിലും ആന്റി സ്നേക്ക്‌ വെനത്തിന്റെ സാന്നിധ്യം ഉറപ്പ്‌ വരുത്തണം.ഇനി ഇത്‌ ആവർത്തിച്ച്‌ കൂടാ.