Saturday 23 October 2021 10:52 AM IST : By സ്വന്തം ലേഖകൻ

ഏതു നിമിഷവും നിലംപൊത്താറായ കൂര, പെരുംമഴയത്ത് അഭയം തേടുന്നത് ശുചിമുറിയിൽ: ഉറക്കം നഷ്ടപ്പെട്ട് അമ്മയും മക്കളും, കണ്ണീര്‍കാഴ്ച

home-fear

ഏതു നിമിഷവും നിലം പൊത്താറായ കൂരയില്‍ രണ്ട് പെണ്‍മക്കളോടൊപ്പം ഭയന്ന് ജീവിതം തള്ളിനീക്കുകയാണ് കൂലിപ്പണിക്കാരായ സിന്ധുവും ഭര്‍ത്താവ് ദിലീപും. വീട്ടിലെ അടച്ചുറപ്പുള്ള ഏകസ്ഥലം ശുചിമുറിയായതിനാല്‍ മഴയൊന്ന് കനത്താല്‍ മക്കളെയും കൊണ്ടു അവിടെയിരിക്കും സിന്ധു. വന്യജീവി ശല്യവും വയനാട് പുല്‍പള്ളിയിലെ വനാതിര്‍ത്തിയില്‍ താമസിക്കുന്ന ഈ കുടുംബത്തിന്റെ ഉറക്കം കെടുത്തുന്നു.  

മൂത്തമകൾ ദൃശ്യ മിടുക്കിയാണ്. പത്താം ക്ലാസ് നല്ല മാർക്കോടെ പാസായി. പുല്‍പള്ളിയിലെ ഏറ്റവും പ്രധാന സ്കൂളില്‍ തന്നെ പ്ലസ് വണ്ണിന് അഡ്മിഷനും കിട്ടി. അനുജത്തി ദര്‍ശന ഇക്കുറി പത്തിലാണ് പഠിക്കുന്നത്. ഏത് പ്രയാസത്തിലും മക്കളുടെ പഠനത്തിന് യാതൊരു മുടക്കവും വരുത്തിയിട്ടില്ല സിന്ധുവും ഭര്‍ത്താവ് ദിലീപും. 

പുല്‍പള്ളി പഞ്ചായത്തിലെ പത്താം വാര്‍ഡില്‍പ്പെട്ട പ്രഭാത് കവലയില്‍ മുഴുവന്‍ സമ്പാദ്യവും ഉപയോഗിച്ച് സിന്ധുവും ദിലീപും വാങ്ങിയ പത്ത് സെന്റ് ഭൂമിയില്‍ ഉള്ളത് ചെറിയൊരു കൂര. നാലു ചുമരിന്റെ സുരക്ഷിതത്വമുണ്ടാകാന്‍ വേണ്ടി ഈ കുടുംബം മുട്ടാത്ത വാതിലുകളില്ല. കഴിഞ്ഞ പ്രളയകാലത്ത് വനംവകുപ്പില്‍നിന്ന് അന്‍പതിനായിരം രൂപ അനുവദിച്ച് കിട്ടിയതിൽ അടച്ചുറപ്പുള്ള ഒരു ശുചിമുറിയുണ്ടാക്കി. 

മഴ ശക്തമാകുമ്പോള്‍, കാടിറങ്ങാറുള്ള കൊമ്പന്‍മാരില്‍ നിന്നും രക്ഷ നേടാന്‍ ഈ കൂടുംബത്തിന് ശുചിമുറിയാണ് അഭയം. അടച്ചുറപ്പുള്ള ഒരു വീട് അത് ലഭിക്കണമെന്ന് മാത്രമാണ് ഈ കുടുംബത്തിന്റെ ആവശ്യം. 

Tags:
  • Spotlight