Saturday 07 July 2018 05:03 PM IST

‘ഡബിൾ ബെല്ലടിച്ച് ചെക്കനും പെണ്ണും’; നവമിഥുനങ്ങളെ കണ്ടക്ടർമാരാക്കി വെഡ്ഡിംഗ് ഫൊട്ടോഗ്രഫിയിലെ പുതു പരീക്ഷണം–ചിത്രങ്ങൾ

Binsha Muhammed

wed-cover-ks

‘ടുലിപ്പ് പൂക്കൾ വർണ്ണക്കൂടൊരുക്കുന്ന ആംസ്റ്റർ ഡാമിലും മഞ്ഞുകണങ്ങൾ കൊക്കുരുമ്മുന്ന സ്വിറ്റ്സാർലാൻഡിലും പച്ചപ്പരവതാനി വിരിച്ച ലണ്ടനിലെ കൺഡ്രി സൈഡിലും മാത്രമേ ഫ്രെയിം തിരിക്കൂ എന്ന് ശഠിക്കുന്ന ക്യാമറാമാൻമാരേ... ഒരു നിമിഷം! വെഡ്ഡിംഗ് ഷൂട്ടിംഗിനായി ലക്ഷങ്ങൾ പൊടിച്ച് വിമാനം കയറുന്ന ന്യൂജെൻ പിള്ളേരും ഒന്നിതു വഴി വരണം.

വമ്പൻ ലൊക്കേഷനുകളുള്ള ഇക്കണ്ട അണ്ഡകടാഹത്തിന്റെ ഒരു മൂലയ്ക്ക്, കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ നമ്മുടെ കേരളത്തിന്റെ ഹൃദയഭാഗമായ കോട്ടയത്ത് നിങ്ങൾ കാണാത്ത കുറച്ചു ഫ്രെയിമുകളുണ്ട്. ആ ഫ്രെയിമുകൾക്കൊരു ലൈഫുണ്ട്!’– പറയുന്നതു മറ്റാരുമല്ല, കോട്ടയം കെഎസ്ആർടിസിയുടെയും റെയില്‍വേ സ്റ്റേഷന്റെയും പശ്ചാത്തലത്തിൽ വെഡ്ഡിംഗ് ഫൊട്ടോഗ്രാഫി പരീക്ഷണം നടത്തി വിജയിച്ച ക്യാമറാമാൻ അർജുൻ തോമസിന്റേതാണ് ഈ പറഞ്ഞ ഗ്യാരണ്ടി.

ks1a

വിവാഹ ഫൊട്ടോഗ്രാഫിയിലെ പുത്തൻ ട്രെൻഡുകളായ വവ്വാൽ ക്ലിക്കും, വെള്ളത്തിനടിയിലെ ഫൊട്ടോഷൂട്ടുമെല്ലാം കണ്ട് അന്തം വിട്ട് നിൽക്കുന്ന ന്യൂജനറേഷന്റെ മുന്നിലേക്കാണ് അർജുന്റെ ഈ പുതു പരീക്ഷണം. ഇവിടെ കല്യാണപ്പെണ്ണിന്റെയും ചെക്കന്റെയും പ്രണയ സുന്ദര നിമിഷങ്ങൾക്ക് പശ്ചാത്തലമൊരുക്കുന്നത് കോട്ടയത്തെ കെഎസ്ആർടിസി ബസും, ചായക്കടയും, റെയിൽവേ പ്ലാറ്റ്ഫോമുമൊക്കൊണ്. സോഷ്യൽ മീഡിയയിൽ സംഭവ ബഹുലമായി മുന്നേറുന്ന പടം പിടുത്തത്തിന്റെ കഥ അർജുൻ തന്നെ പങ്കുവയ്ക്കുന്നു, വനിത ഓൺലൈനുമായി.

ks10

‘വെഡ്ഡിംഗ് ഫൊട്ടോഗ്രാഫിയിൽ ചെക്കൻ െഷർവാണിയു പെണ്ണ് ലെഹങ്കയുമണിഞ്ഞ് എത്തുന്ന രീതിയൊക്കെ പൊയ്പ്പോയില്ലേ ചേട്ടാ. എന്റെ വെഡ്ഡിംഗ് സ്റ്റോറിയിലെ നായകനും നായികയുമായ ജെയിംസിനും ടിഷയ്ക്കും ഞാൻ നൽകിയത് നല്ല ഒന്നാന്തരം കാക്കിയാണ്. അതു തന്നെ, കണ്ടക്ടർമാരുടെ കാക്കി’.– അർജുൻ ഐഡിയ വന്ന വഴി വിശദീകരിക്കുന്നു.

ks10

പാളിപ്പോകരുതേ എന്ന് പ്രാർത്ഥിച്ച്, സകല ദൈവങ്ങളെയും മനസിൽ ധ്യാനിച്ച് സംഭവം നവ ദമ്പതികളുടെ മുന്നിൽ അവതരിപ്പിച്ചു അവർ ഓകെ പറഞ്ഞപ്പോൾ ധൈര്യമായി. പുലർച്ചെ അഞ്ച് മണിക്ക് നമ്മുടെ യുവ മിഥുനങ്ങളെ വിളിച്ചുണർത്തി കോട്ടയം ബസ് സ്റ്റാന്റിലെത്തിച്ചു. ആവി പറക്കുന്ന ഏത്തയ്ക്കാ ബോളിയും ബോണ്ടയുമെല്ലാം നിറഞ്ഞിരിക്കുന്ന ചായക്കടയുടെ പശ്ചാത്തലത്തിൽ ചെക്കനും പെണ്ണും ചായ കുടിച്ച് തുടങ്ങിയപ്പോഴായിരുന്നു ആദ്യ ക്ലിക്ക്. സംഭവം ‘ക്ലിക്കായി’ എന്നു പറഞ്ഞാൽ മതിയല്ലോ?

ks15

‘നമുക്ക് ചുറ്റുമുള്ള എത്രയോ പ്രണയങ്ങൾക്ക് കെഎസ്ആർടിസി ബസും പരിസരവും പശ്ചാത്തലമൊരുക്കിയിരിക്കുന്നു. ആ ചിന്തയായിരുന്നു അടുത്ത ക്യാമറാ ക്ലിക്കിനുള്ള ഊർജ്ജം. ബസിന്റെ ചാരത്ത് പ്രണയ പരവശയായി നാണം കുണുങ്ങി പെണ്ണും, തൊട്ടടുത്ത് ചെക്കനും കൂടിയെത്തിയപ്പോൾ സംഗതി ഉഷാറായി. ബസിന്റെ ഫുട്ബോഡും ബസിലെ സീറ്റുകളും എന്തിനേറെ ബസ് സ്റ്റാന്റിലെ ചെറിയ കടകൾ പോലും ഈ വെഡ്ഡിംഗ് സ്റ്റോറിക്ക് പശ്ചാത്തലമായി.’– അർജുൻ പറഞ്ഞു നിർത്തി

ks13

വെഡ്ഡിംഗ് ഫൊട്ടോഗ്രഫിയിലെ ലക്ഷക്കണക്കുകൾ കേട്ട് കണ്ണ് തള്ളുന്ന വീട്ടുകാരുടെ മുന്നിലേക്കാണ് അർജുൻ തന്റെ ചെലവു കുറഞ്ഞ ഈ പുതിയ ഐഡിയ അവതരിപ്പിക്കുന്നത്. വിദേശ ലൊക്കേഷനിൽ മാത്രമല്ല നമ്മുടെ കൺമുന്നിലും ജീവിതമുണ്ടെന്ന് സിനിമകളിലൂടെ വരച്ച് കാട്ടിയ രാജീവ് രവിയും ആഷിഖ് അബുവുമൊക്കെയാണ് അർജുന്റെ റോൾ മോഡൽസ്. കെഎസ്ആർടിസിയെ പ്രണയ പശ്ചാത്തലമാക്കിയ അർജുന്റെ ഐഡിയക്ക് മനസു നിറഞ്ഞ ആശംസയുമായി കെഎസ്ആർടിസിയിലെ ഉന്നത ഉദ്യോഗസ്ഥരുമെത്തിയിട്ടുണ്ട്.

ks11

കൂടുതൽ ചിത്രങ്ങൾ;

1.

ks16

2.

ks3

3.

ks4

4.

ks7

5.

ks8

6.

ks6

7.

ks5

8.

ks9