Wednesday 13 June 2018 05:30 PM IST

‘വിവാഹ ആൽബത്തിനു പകരം മാഗസിൻ ഇറക്കിയാലോ?’ സുന്ദര നിമിഷങ്ങൾ റിപ്പോർട്ടുകളായി മുന്നിലെത്തും!

Binsha Muhammed

wedding-magazine

വെഡ്ഡിംഗ് ഫൊട്ടോഗ്രാഫിയുടെ പല അവസ്ഥാന്തരങ്ങളും കണ്ട് കൺമിഴിച്ചിരിക്കുകയാണ് മലയാളി. ചെക്കനും പെണ്ണും മുഖത്തോട് മുഖം നോക്കിയിരിക്കുന്ന പൈങ്കിളി വിവാഹ വിഡിയോയൊക്കെ പണ്ട്. ഇപ്പോൾ കഥയാകെ മാറി.

കരയിൽ വച്ച് കഥ പറഞ്ഞിരുന്ന ‘കല്യാണ കിസകൾ’ വെള്ളത്തിനടിയിൽ വരെയെത്തിയിരിക്കുന്നു. സിനിമ സ്റ്റൈലിൽ ചമഞ്ഞൊരുങ്ങിയെത്തുന്ന ചെക്കനെയും പെണ്ണിനെയും ക്യാമറക്കുള്ളിലാക്കാൻ വവ്വാൽ ‘ഫൊട്ടോഗ്രാഫർമാർ’ വരെ നാട്ടിൽ സുലഭം. പാട്ടും നൃത്തവും മേളവുമൊക്കെയായി അരങ്ങു കൊഴുക്കുന്ന വിവാഹ വേദികളിൽ ചെക്കന്റെയും പെണ്ണിന്റെയും ഡബ്സ്മാഷ് പ്രകടനം കണ്ടപ്പോഴും നമ്മൾ ഞെട്ടിയില്ല. പക്ഷേ കാർന്നോമ്മാർ പറഞ്ഞു ‘കാലം പോയ പോക്കേ....’

ലക്ഷങ്ങൾ പൊടി പൊടിക്കുന്ന വിവാഹ ആഘോഷങ്ങള്‍ നാട്ടിൽ നിറയുമ്പോൾ വേറിട്ട ചിന്തയുമായി ഇതാ ഒരു പുതുമണവാളൻ. പേര് ഷാഫി, പുനലൂർ സ്വദേശിയാണ്. എല്ലാത്തിനുമുപരി നല്ല ഒന്നാന്തരമൊരു യുവ മാധ്യമ പ്രവർത്തകൻ.

shafi-wedding2

കണ്ടു മടുത്ത വിവാഹ മേളങ്ങളിൽ നിന്നും വെറൈറ്റിയായി എന്തെങ്കിലും ചെയ്യണമെന്ന ആശയം ഷാഫിയെ കൊണ്ടെത്തിച്ചത് ആരും ചെന്നെത്താത്ത വഴിയിൽ. ജേണലിസ്റ്റ് ബുദ്ധി വേണ്ടുവോളമുള്ള നമ്മുടെ കഥാനായകൻ മറിച്ചൊന്നും ചിന്തിച്ചില്ല. വിവാഹ ചടങ്ങുകളിലെ അനർഘ നിമിഷങ്ങളെ ഒരു മാഗസിനാക്കി മാറ്റി.

shafi-wedding-real-1

കവർ ഫോട്ടോയിൽ സ്റ്റൈലായി ചിരിച്ചു കൊണ്ടിരിക്കുന്ന മണവാളന്‍ ഷാഫി, മണവാട്ടി സജ്ന എന്നിവരിൽനിന്നും തുടങ്ങുന്നു ഈ അഡാർ മാഗസിന്റെ ആരും പറയാത്ത കിസ്സ.

shafi-wedding5

സ്നേഹ സൗഹൃദങ്ങളുടെ സംഗമ വേദിയായി വിവാഹ വേദി മാറിയപ്പോൾ മാഗസിനിലെ താളുകൾ ‘സ്നേഹക്കൂടായി മാറി’. നാളുകൾക്കൊടുവിൽ ഏതോ യാത്രയിൽ അവിചാരിതമായി കണ്ടു മുട്ടുന്നുവെന്ന പോലെ സൗഹൃദങ്ങളുടെ പുനസമാഗമം.

shafi-wedding8
shafi-wedding9

മൈലാഞ്ചി മൊഞ്ചിൽ തിളങ്ങിയ പുതുമണവാട്ടിയുടെ വിശേഷങ്ങള്‍ക്കുമുണ്ട് പ്രത്യേകം ഇടം. മണവാട്ടിയുടെ അണിഞ്ഞൊരുക്കവും, ഫൊട്ടോഷൂട്ടുമെല്ലാം കണ്ടാൽ മാഗസിനുകളിൽ പ്രത്യേക്ഷപ്പെടുന്ന ജൂവലറിയുടെ പരസ്യമാണെന്ന് തോന്നിപ്പോകും. പുതുമണവാളന്റെ എൻട്രിയും സ്റ്റൈലൻ ലുക്കും കൂടി മാഗസിനിൽ സമം ചേരുമ്പോൾ വായനക്കാരുടെ മനസു നിറയും.

shafi-wedding4
shafi-wedding3

ക്യാമറാമാൻമാർ അധികം കടന്നു ചെല്ലാത്ത സ്നേഹം വിളമ്പുന്ന ഊട്ടുപുരയ്ക്കും, അവിടുത്തെ രുചി വൈവിധ്യങ്ങള്‍ക്കുമുണ്ട് മാഗസിനിൽ പ്രത്യേകം ഇടം. ഒരു നാടിന്റെ ഭക്ഷണപ്പെരുമ വിളിച്ചോതുന്നതു കൂടിയായി മാഗസിനിലെ ഊട്ടുപുരയുടെ വിശേഷങ്ങൾ.

shafi-wedding10

 വിടപറയുന്ന വേളയിൽ നിറ കണ്ണുകളോടെ പടിയിറങ്ങുന്ന വധുവിലേക്ക് ക്യാമറ സൂം ചെയ്യുമ്പോൾ മാഗസിന്റെ താളുകളും അവസാനിക്കുകയാണ്.

shafi-wedding7

എന്തായാലും വിവാഹ ഫൊട്ടോഗ്രാഫിയിലെ പരീക്ഷണങ്ങൾക്കു പിന്നാലെ പോകുന്നവർക്ക് ഷാഫിയുടെയും സജ്നയുടെയും വിവാഹ മാഗസിനിൽ നിന്നും കണ്ടു പഠിക്കാനേറെയുണ്ട്. ഇനിയിപ്പോ വിവാഹ മേളങ്ങൾക്കായി കാടും മേടും താണ്ടേണ്ട എന്ന് ചുരുക്കം. നമ്മുടെ കൺമുന്നിൽ ജീവൻ തുടിക്കുന്ന നൂറു ചിത്രങ്ങളുള്ളപ്പോൾ എന്തിന് കടലു കടക്കണം, `ഇതല്ലേ വെറൈറ്റി`?

shafi-wedding6