Saturday 12 January 2019 11:56 AM IST : By സ്വന്തം ലേഖകൻ

സ്റ്റാർട്ട്...ക്യാമറ ആക്ഷൻ...; ‘എന്റെ മാതാവേ ചെക്കനും പെണ്ണും ദേ വെള്ളത്തിൽ’; ചിരിവിതറി വെഡ്ഡിംഗ് ഷൂട്ട്

w-shoot

കല്യാണവും കല്യാണക്കുറിമാനങ്ങളുമൊക്കെ വേറെ ലെവലായെന്നു പറഞ്ഞാൽ മതിയല്ലോ? വെറൈറ്റിയെന്നു പറഞ്ഞാൽ എജ്ജാതി വെറൈറ്റി.

കാണുന്നവരുടെ കണ്ണു തള്ളിക്കുന്ന വവ്വാൽ ക്ലിക്കും ഡബ്സ്മാഷ് കല്യാണ മേളവും വെള്ളത്തിനടിയിലെ പോസ്റ്റ് വെഡ്ഡിംഗ് ഫൊട്ടോഷൂട്ടും ഒക്കെയായി കല്യാണം ആകെപ്പാടെ ജഗപൊഗ തന്നെ. വെഡ്ഡിംഗ് വിഡിയോയിൽ മാത്രം ഒതുങ്ങുന്നില്ല ഈ ന്യൂജെൻ കല്യാണ കിസ്സ. കല്യാണത്തിന് ഉറ്റവരേയും ഉടയവരേയും ക്ഷണിക്കുന്ന സേവ് ദ് ഡേറ്റ് വിഡിയോയിൽ നിന്നു തുടങ്ങുന്നു ന്യൂജെൻ കല്യാണപ്പൂരം. ഒടുവിൽ അത് ചെന്നെത്തി നിൽക്കുന്നതോ കളർഫുൾ പോസ്റ്റ് വെഡ്ഡിംഗ് ഫോട്ടേ ഷൂട്ടിലും. അതിനു വേണ്ടി കടലു കടക്കാനും ഇന്നത്തെ പിള്ളേർ റെഡി.

ഇപ്പോഴിതാ ഒരു പോസ്റ്റ് വെഡ്ഡിംഗ് ഷൂട്ട് ‘വെള്ളത്തിലായ’ കഥ പങ്കുവയ്ക്കുകയാണ് സോഷ്യൽ മീഡിയ. തെറ്റിദ്ധരിക്കേണ്ട പോസ്റ്റ് വെഡ്ഡിംഗ് ഫോട്ടോഷൂട്ടിനിടെ നടന്ന രസകരമായ ഒരു സംഭവമാണ് ആ വൈറൽ വിശേഷത്തിനാധാരം.

ക്യാമറാമാൻമാരുടെ ആവശ്യപ്രകാരം കൊതുമ്പു വള്ളത്തിലിരുന്ന് കലക്കനൊരു ഫൊട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു ചെക്കനും പെണ്ണും. ഫൊട്ടോ പോസിംഗ് ഒരു വശത്ത് തകൃതിയായി നടക്കുമ്പോഴും വെള്ളത്തിനു നടുവിലെ ആ ഫൊട്ടോഷൂട്ടിൽ ചെക്കനും പെണ്ണിനും അൽപ സ്വൽപം പേടിയുണ്ടായിരുന്നു എന്ന് വ്യക്തം. പ്രണയതുരമായ പോസിംഗും ഫൊട്ടോയെടുപ്പുമൊക്കെ അവസാന ഘട്ടത്തിലേക്കത്തിയപ്പോഴായിരുന്നു ട്വിസ്റ്റ്. ഫൊട്ടോയ്ക്ക് പോസ് ചെയ്യാനിരുന്ന ചെക്കനും പെണ്ണും ദേ കിടക്കുന്നു വെള്ളത്തിൽ. എന്റെ മാതാവേ...എന്ന് വിളിച്ചു കൊണ്ട് പെണ്ണും ചെക്കനും വെള്ളത്തിലേക്ക് പതിക്കുന്ന രംഗത്തിന് വിഡിയോ കൂടി ആയതോടെ സംഭവം വൈറലായെന്നു പറഞ്ഞാൽ മതിയല്ലോ.

എന്തായാലും വെള്ളത്തിൽ പോസ്റ്റ് വെഡ്ഡിംഗ് ഫൊട്ടോഷൂട്ട് നിശ്ചയിച്ചിരിക്കുന്ന നവമിഥുനങ്ങൾ ആ രംഗം കണ്ടാൽ അൽപമൊന്ന് പിന്നാക്കം വലിയുമെന്ന് ഉറപ്പ്. എന്തായാലും സംഗതി സോഷ്യൽ മീഡിയയിൽ രസം വിതറി പാറിപ്പറന്നു നടപ്പുണ്ട്.