Tuesday 13 November 2018 11:02 AM IST : By സ്വന്തം ലേഖകൻ

ചെക്കനും പെണ്ണും പ്രതീക്ഷിച്ചത് എട്ടിന്റെ പണി, കിട്ടിയത് മനസു നിറയ്ക്കുന്നൊരു സമ്മാനം; ഹൃദ്യമീ സർപ്രൈസ്–വിഡിയോ

surprise

തരികിടകളുടെ സംഗമവേദിയാണ് ഇന്നത്തെ കല്യാണവീടുകൾ. വിവാഹത്തിന്റെ പേരിൽ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകൾ ചില്ലറയൊന്നുമല്ല. ഒത്തു ചേരലുകളുടെ സന്തോഷങ്ങളെയെല്ലാം കെടുത്തുന്ന തരത്തിലാണ് ഇന്ന് പല വിവാഹ ആഘോഷങ്ങളും തമാശകളും. പലപ്പോഴും ഈ ആഘോഷങ്ങള്‍ സകല സീമകളും ലംഘിച്ച് ആഭാസങ്ങളായി പരിണമിക്കാറുമുണ്ട്. ആഘോഷങ്ങൾ എത്ര അതിരു കടന്നാലും നിസ്സംഗരായി നോക്കി നിൽക്കാൻ മാത്രമേ പെണ്ണിന്റേയും ചെക്കന്റേയുമൊക്കെ കാരണവൻമാർക്ക് കഴിയുകയുള്ളൂ.

അങ്ങനെയുള്ള കോമാളിത്തരങ്ങളുടെ ലോകത്ത് ഇതാ ഒരു വേറിട്ട കല്യാണക്കഥ. സോഷ്യൽമീഡിയയാണ് അക്കഥ മാളോരോട് പങ്കുവച്ചിരിക്കുന്നത്. ഒട്ടുമിക്ക കല്യാണങ്ങളേയും പോലെ ഒരു പണി പ്രതീക്ഷിച്ചാണ് ചെക്കനും പെണ്ണും തീൻമേശയിലേക്കെത്തിയത്. ഊണു വിളമ്പാൻ മുന്നിൽ വച്ചിരുന്ന ഇല നീക്കിയപ്പോഴെ നമ്മുടെ കഥാനായകനും നായികയും അപകടം മണത്തു. പക്ഷേ മുട്ടനൊരു പണിയും പ്രതീക്ഷിച്ചിരുന്ന അവർക്കു മുന്നിലേക്ക് എത്തിയത് എട്ടിന്റെ പണിയല്ല, മറിച്ച് ആരും കൊതിക്കുന്നൊരു ‘നൊസ്റ്റാള്‍ജിക് സർപ്രൈസ്’. നാവിൽ കൊതിയൂറുന്ന പൊതിയിലച്ചോറാണ് വധുവിന്റേയും വരന്റേയും മുന്നിലേക്ക് കൂട്ടുകാരെത്തിച്ചത്.

പൊതിയിലച്ചോറ് മുന്നിലേക്കെത്തുമ്പോൾ വധുവിന്റേയും വരന്റേയും മുഖത്തു തെളിയുന്ന സന്തോഷമാണ് വിഡിയോയുടെ ഹൈലൈറ്റ്. കല്യാണപേക്കൂത്തുകളുടെ ഇക്കാലത്ത് നന്മനിറഞ്ഞ ഇത്തരമൊരു സർപ്രൈസ് നൽകിയ കൂട്ടുകാരെ മനസുനിറഞ്ഞ് അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ.