Thursday 25 March 2021 11:47 AM IST : By സ്വന്തം ലേഖകൻ

സൗജന്യ ‘ഓഫറു’കളിൽ വീഴരുത്, പണവും സ്വകാര്യവിവരങ്ങളും നഷ്ടപ്പെടാം; വാട്സാപ്പിൽ ആമസോണിന്റെ പേരിൽ സന്ദേശം ലഭിച്ചവർ ജാഗ്രതേ!

whatssssfgggggg

വാട്സാപ്പിൽ ആമസോണിന്റെ പേരിൽ സര്‍വേയില്‍ പങ്കെടുക്കാൻ സന്ദേശം ലഭിച്ചവർ ജാഗ്രത പുലർത്താൻ നിർദേശം. ആമസോണിന്റെ മുപ്പതാമത് വാര്‍ഷികത്തോട് അനുബന്ധിച്ച് സൗജന്യ സമ്മാനമാണ് ലിങ്കിൽ വാഗ്ദാനം നൽകുന്നത്. ഈ സന്ദേശം ഉൾപ്പെടുന്ന ലിങ്കിൽ കയറി സർവേയിൽ പങ്കെടുത്താൽ പണവും സ്വകാര്യ വിവരങ്ങളും ഉൾപ്പെടെ ഹാക്ക് ചെയ്യപ്പെടാമെന്നാണ് റിപ്പോര്‍ട്ട്.

ആമസോണ്‍ സൈറ്റ് ലേ ഔട്ടിന്റെ അതേ മാതൃകയിലാണ് ഈ പേജും തയാറാക്കിയിരിക്കുന്നത്. സര്‍വേ എന്ന പേരില്‍ നല്‍കിയ യുആര്‍എല്‍ ക്ലിക്ക് ചെയ്ത് പോയാല്‍ അവിടെ വിവിധ ചോദ്യങ്ങള്‍ ചോദിക്കുന്നു. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയാല്‍ മുന്‍പില്‍ സമ്മാനം ഒളിപ്പിച്ച വിവിധ ബോക്സുകള്‍ വരും. അതില്‍ കാണുന്ന സമ്മാനം ലഭിക്കണമെങ്കില്‍ ഈ സര്‍വേയുടെ ലിങ്ക് അഞ്ച് ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്യാന്‍ നിര്‍ദേശം വരും. ചെയിന്‍ മാതൃകയിലാണ് തട്ടിപ്പ് ഒരുക്കിയിരിക്കുന്നത്. 

https://ccweivip.xyz/amazonhz/tb.php?v=ss161651 എന്ന യുആര്‍എല്‍ ആണ് വൈറലാകുന്നത്. അപകടം ഒളിപ്പിച്ചുള്ള ഡാറ്റ ചോർത്തലിന്റെ പുതിയ സ്പൂഫ് പതിപ്പാണിത്. യൂസർ നെയിമും പാസ്‌വേഡുകളും ഉൾപ്പെടെയുള്ളവ ചോർത്താൻ നടക്കുന്ന തട്ടിപ്പാണിതെന്ന് സൈബർ പോലീസ് പറയുന്നു. വെബ്‌സൈറ്റിന്റെ യഥാർഥ ഐപി മറച്ചുവെച്ച് സ്പൂഫ് ഐപി സൃഷ്‌ടിച്ചാണ് തട്ടിപ്പ്. ഐപി അന്വേഷിച്ചാൽ മറ്റേതെങ്കിലും രാജ്യത്തായിരിക്കും രജിസ്റ്റർ ചെയ്തതായാണ് കാണിക്കുക. 

ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക 

. സോഷ്യൽ മീഡിയയിലൂടെ ലഭിക്കുന്ന ലിങ്കുകളിലൂടെ സൈറ്റുകളിൽ പ്രവേശിക്കരുത്

. സൗജന്യ ഓഫറുകളിൽ വീഴാതിരിക്കുക

. വെബ്സൈറ്റ് അഡ്രസ് ശരിയാണെന്ന് ഉറപ്പുവരുത്തുക

. വ്യക്തിഗത വിവരങ്ങൾ കൈമാറരുത്

Tags:
  • Spotlight
  • Social Media Viral