Monday 19 April 2021 05:16 PM IST : By സ്വന്തം ലേഖകൻ

സഹപാഠിയുമായി വാട്സ്ആപ്പ് ചാറ്റിങ്; പെൺമക്കളെ വീട്ടിൽ നിന്നു വിളിച്ചിറക്കി ട്രക്ക് കയറ്റിക്കൊന്ന് പിതാവ്! ഞെട്ടൽ

Talegaon-MIDC-police-station

ആൺസുഹൃത്തുമായി വാട്സ്ആപ്പ് ചാറ്റ് ചെയ്തതിന്റെ പേരിൽ രണ്ട് പെൺമക്കളെ ട്രക്ക് കയറ്റി കൊലപ്പെടുത്തി പിതാവ്. പെൺമക്കളെ കൊന്നശേഷം അതേ ട്രക്കിന് കീഴിൽ പിതാവ് ആത്മഹത്യ ചെയ്തു. പുണെയിൽ ഇന്ദൂരി ഗ്രാമത്തിലാണ് രാജ്യത്തെ നടുക്കിയ സംഭവം നടന്നത്. ട്രക്ക് ഡ്രൈവറായ ഭരത് ധ്യാന്ദേവ് ഭാരതേയാണ് (40) മക്കളായ നന്ദിനി (18), വൈഷ്ണവി (14) എന്നിവരെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. മകൾ വാട്‌സ്ആപ്പിൽ ഒരു ആൺകുട്ടിയുമായി ചാറ്റ് ചെയ്തിരുന്നുവെന്ന് ഭരത് ധ്യാന്ദേവ് സംശയിച്ചിരുന്നു. ഇതിന്റെ പേരിൽ ഇയാൾ മക്കളോട് ദേഷ്യപ്പെട്ടിരുന്നതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. 

സോളാപൂർ ജില്ലയിലെ കർമല സാവ്ഡി സ്വദേശികളായ ഇവർ കഴിഞ്ഞ കുറച്ചു വർഷങ്ങളായി പൂനെ ജില്ലയിലെ മാവൽ താലൂക്കിലെ ഇന്ദൂരിയിലെ അൽഫനഗരി പ്രദേശത്താണ് താമസിച്ചു വന്നിരുന്നത്. ഭരത് ട്രക്ക് ഡ്രൈവറായി ജോലി ചെയ്തുവരുകയായിരുന്നു. ഭാര്യ സപ്നയ്ക്ക് ഇന്ദൂരിയിലെ ഒരു ഫാക്ടറിയിൽ ജോലിയുണ്ടായിരുന്നു. ടിൻ ഷെഡിനകത്തായിരുന്നു ഈ കുടുംബം താമസിച്ചിരുന്നത്. ഭരത് ട്രക്കിന് മൂത്തമകളുടെ പേരായ ‘നന്ദിനി’ എന്നാണ് ഇട്ടിരുന്നത്. സന്തോഷത്തിൽ ജീവിച്ചു വരുകയായിരുന്നു ഇവർ.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മകൾ നന്ദിനിയ്ക്ക് പ്ലസ് ടുവിനു ഒപ്പം പഠിക്കുന്ന ഒരു ആൺകുട്ടിയുമായി ബന്ധമുണ്ടെന്ന് ഇവർ സംശയിച്ചിരുന്നു. ഇതിന്റെ പേരിൽ കുടുംബത്തിൽ തർക്കം പതിവായിരുന്നു. ശനിയാഴ്ച വൈകീട്ട് നാലുമണിയോടെ നന്ദിനി സഹപാഠിയുമായി വാട്‌സ്ആപ്പിൽ ചാറ്റ് ചെയ്യുന്നുണ്ടെന്ന് സംശയിച്ച് ഭരത് നന്ദിനിയെയും ഇളയകുട്ടി വൈഷ്ണവിയെയും മർദ്ദിച്ചു. വൈഷ്ണവിയ്ക്ക് ഈ ബന്ധത്തെക്കുറിച്ച് അറിയാമെന്നും കുടുംബത്തെ ഇക്കാര്യം അറിയിച്ചില്ലെന്നും അദ്ദേഹം സംശയിച്ചു.

രാത്രി ഏഴു മണിയോടെ സ്വപ്ന  ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ പെൺമക്കളെ മർദ്ദിച്ചതിനെ കുറിച്ച് ഇയാൾ പറഞ്ഞു. അന്ന് പുലർച്ചെ ഒരു മണിയോടെ ഭാരത് പെൺകുട്ടികളോട് പുറത്തുവരാൻ ആവശ്യപ്പെട്ടു. ടിൻ ഷെഡിനകത്ത് ചൂടായതിനാൽ സപ്ന എതിർത്തില്ല. ട്രക്ക് എഞ്ചിന്റെ ശബ്ദം കേട്ട് അവർ പുറത്തിറങ്ങി നോക്കിയപ്പോഴാണ് ഭരത് മക്കളെ അപായപ്പെടുത്തുന്നത് ശ്രദ്ധയിൽപ്പെട്ടത്.

“ഭരത് മക്കളെ ഭീഷണിപ്പെടുത്തി ട്രക്കിന് മുന്നിൽ കിടക്കാൻ നിർബന്ധിച്ചു. അവർ അത് അനുസരിച്ചു. എന്നോടും ഒപ്പം വന്ന് കിടക്കാൻ അദ്ദേഹം നിർബന്ധിച്ചു. ഞാൻ ഭയന്ന് ഞങ്ങളുടെ നാലു വയസ്സുള്ള മകളുമായി ഒരു ബന്ധുവിന്റെ വീട്ടിലേക്ക് ഓടിപ്പോയി. ഞാൻ ബന്ധുക്കളോടൊപ്പം മടങ്ങിയെത്തിയപ്പോൾ മൂന്നുപേരും രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു. വൈഷ്ണവി ജീവിച്ചിരിപ്പുണ്ടായിരുന്നു, ഞങ്ങൾ അവളെ ഒരു ഓട്ടോറിക്ഷയിൽ തലേഗാവ് ജനറൽ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിലെത്തിയപ്പോഴേക്കും അവൾ മരിച്ചിരുന്നു."- സപ്ന പൊലീസിനോട് പറഞ്ഞു. 

ഭരതിന്റെ മൃതദേഹം പെൺകുട്ടികളിൽ നിന്ന് 50 മീറ്റർ അകലെയാണ് കണ്ടെത്തിയത്. ട്രക്ക് മതിലിൽ ഇടിച്ച് നിർത്തുകയായിരുന്നു. പൊലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു, “ഞങ്ങൾ ക്ഷമ ചോദിക്കുന്നു. എന്റെ മകൾ തെറ്റായ പാതയിലായതിനാൽ ഞങ്ങൾ ആത്മഹത്യ ചെയ്യുന്നു. ഞങ്ങളെ ഒരുമിച്ച് സംസ്കരിക്കുക. ആരെയും ഉത്തരവാദികളാക്കരുത്."

ഭരത് ട്രക്ക് കയറ്റി കൊലപ്പെടുത്താൻ നോക്കിയപ്പോൾ പെൺകുട്ടികൾ ഓടി രക്ഷപ്പെടാതിരുന്നതിനെക്കുറിച്ച് പൊലീസുകാർ ഇപ്പോഴും ആശയക്കുഴപ്പത്തിലാണ്. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് സബ് ഇൻസ്പെക്ടർ രാഹുൽ കോലി മാധ്യമങ്ങളോട് പറഞ്ഞു. 

Tags:
  • Spotlight